ക്രിക്കറ്റ് ലോകകപ്പ് സൂപ്പര്‍ ലീഗ്: പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്ന് ഓസ്‌ട്രേലിയ
സിഡ്‌നി: 2023ല്‍ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പിനായുള്ള യോഗ്യത നിര്‍ണ്ണയിക്കുന്നതിനായി ഐസിസി കൊണ്ടുവന്ന ക്രിക്കറ്റ് ലോകകപ്പ് സൂപ്പര്‍ ലീഗ് പോയിന്റ് പട്ടികയില്‍ നില മെച്ചപ്പെടുത്തി ഓസ്‌ട്രേലിയ. ഇന്ത്യക്കെതിരായ ഒന്നാം ഏകദിനത്തിലെ 66 റണ്‍സ് ജയത്തോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കുയരാന്‍ ഓസ്‌ട്രേലിയക്കായി. ടൂര്‍ണമെന്റിന്റെ ഭാഗമായി നാല് ഏകദിനമാണ് ഓസ്‌ട്രേലിയ കളിച്ചത്. ഇതില്‍ മൂന്നിലും ജയിക്കാന്‍ ഓസീസിനായി. ഇംഗ്ലണ്ടിനോട് ഒരു മത്സരം തോറ്റു. 30 പോയിന്റാണ് ഓസ്‌ട്രേലിയക്കുള്ളത്. 6 മത്സരത്തില്‍ നിന്ന് മൂന്ന് വീതം ജയവും തോല്‍വിയും വഴങ്ങിയ ഇംഗ്ലണ്ട് 30 പോയിന്റോടെ പട്ടികയില്‍ തലപ്പത്താണ്. നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തിലാണ് ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.
നിലവിലെ ഏകദിന ലോകകപ്പ് ജേതാക്കളാണ് ഇംഗ്ലണ്ട്. 2019ല്‍ സ്വന്തം തട്ടകത്തില്‍ നടന്ന ലോകകപ്പില്‍ ന്യൂസീലന്‍ഡിനെ പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് കിരീടം ഉയര്‍ത്തിയത്. പാകിസ്താനാണ് പട്ടികയിലെ മൂന്നാം സ്ഥാനത്ത്. സിംബാബ് വെയ്‌ക്കെതിരെയാണ് അവര്‍ പരമ്പര കളിച്ചത്. മൂന്ന് മത്സരത്തില്‍ രണ്ട് ജയം സ്വന്തമാക്കിയ അവര്‍ ഒരു മത്സരത്തില്‍ തോറ്റു. 20 പോയിന്റാണ് പാകിസ്താനുള്ളത്. നിലവില്‍ സിംബാബ് വെ നാലാം സ്ഥാനത്തുണ്ട്. 3 മത്സരത്തില്‍ നിന്ന് 1 ജയമാണ് നേടിയത്. മൂന്ന് മത്സരത്തില്‍ നിന്ന് 1 ജയം നേടിയ അയര്‍ലന്‍ഡ് അഞ്ചാം സ്ഥാനത്തും ഇന്ത്യ ആറാം സ്ഥാനത്തുമാണ്. ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ടീമുകളൊന്നും സൂപ്പര്‍ ലീഗ് ആരംഭിച്ചതിന് ശേഷം ഏകദിനം കളിച്ചിട്ടില്ല.

കൊറോണയുടെ വ്യാപനത്തെത്തുടര്‍ന്ന് നിരവധി പരമ്പരകള്‍ റദ്ദാക്കിയിരുന്നു. ഈ വര്‍ഷം ഒക്ടോബറില്‍ ടി20 ലോകകപ്പ് ഓസ്‌ട്രേലിയയില്‍ നടക്കേണ്ടതായിരുന്നെങ്കിലും കൊറോണ വ്യാപനം ശക്തമായതിനെത്തുടര്‍ന്ന് ലോകകപ്പ് മാറ്റുകയായിരുന്നു. ഇത്തവണ സൂപ്പര്‍ ലീഗ് പോയിന്റ് പട്ടികയുടെ അടിസ്ഥാനത്തിലായിരിക്കും ലോകകപ്പിലേക്ക് പ്രവേശനം ലഭിക്കുക. ആതിഥേയരെന്ന നിലയില്‍ ഇന്ത്യക്ക് എന്തായാലും സ്ഥാനം ഉറപ്പാണ്. മറ്റ് സ്ഥാനക്കാര്‍ ആരൊക്കെയാണെന്ന് ലോകകപ്പിന് മുമ്പായി അറിയാം. 2023ലാണ് ഇനി ലോകകപ്പ് നടക്കേണ്ടത്. അതിന് മുമ്പ് അടുത്ത വര്‍ഷം ടി20 ലോകകപ്പിന് ഇന്ത്യ വേദിയാകും. വിരാട് കോലിക്ക് കീഴില്‍ ഒരു ഐസിസി കിരീടം പോലും സ്വന്തമാക്കാന്‍ ഇന്ത്യക്കായിട്ടില്ല. അതിനാല്‍ത്തന്നെ അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പും 2023ല്‍ നടക്കുന്ന ഏകദിന ലോകകപ്പും കോലിക്ക് നിര്‍ണ്ണായകമാണ്. കപില്‍ ദേവും എംഎസ് ധോണിയുമാണ് ഇന്ത്യക്ക് ഏകദിന ലോകകപ്പ് സമ്മാനിച്ച നായകന്മാര്‍. ധോണി മൂന്ന് ഐസിസി കിരീടങ്ങള്‍ നേടിയ ഏക നായകനാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications