ഇന്ത്യ ശ്രീലങ്കയോട് തോൽക്കാനുള്ള 7 കാരണങ്ങൾ.. ശ്രദ്ധിച്ചില്ലെങ്കിൽ ദക്ഷിണാഫ്രിക്കയോടും പണികിട്ടും!!!
ലണ്ടൻ: ഐ സി സി ചാമ്പ്യൻസ് ട്രോഫിയിൽ ശ്രീലങ്കയ്ക്കെതിരായ തോൽവി ജീവിതത്തിന്റെ അവസാനമൊന്നുമല്ല എന്നാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി കളിക്ക് ശേഷം പറഞ്ഞത്. തീർച്ചയായിട്ടും അത് അങ്ങനെയല്ല താനും. എന്നാൽ ശ്രീലങ്കയോട് തോറ്റത് പോലെ അടുത്ത കളിയിൽ ദക്ഷിണാഫ്രിക്കയോടും തോറ്റാൽ അത് ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ അവസാനമാകും.
ഗ്രൂപ്പ് ബിയിലെ അവസാന കളിയിൽ നാളെ (ജൂൺ 11 ഞായറാഴ്ച) ദക്ഷിണാഫ്രിക്കയെ നേരിടാൻ ഒരുങ്ങുന്നതിന് മുമ്പേ, എന്തുകൊണ്ട് ഇന്ത്യ ശ്രീലങ്കയോട് തോറ്റു എന്ന് സ്വയം ചോദിക്കുന്നത് നന്നാകും. പാകിസ്താനെ തച്ചുതകർത്തതിന് പിന്നാലെ വലിയ പ്രതീക്ഷകളുമായി കളത്തിൽ ഇറങ്ങിയ ഇന്ത്യ ശ്രീലങ്കയോട് തോൽക്കാനുള്ള കാരണങ്ങൾ ഇതൊക്കെയാണ്...

മധ്യനിരയുടെ മെല്ലപ്പോക്ക്
25 ഓവറിൽ വിക്കറ്റ് പോകാതെ 137 റൺസിലെത്തിയ ഇന്ത്യയ്ക്ക് 350 റൺസ് വരെ എങ്കിലും എത്താനുള്ള സാധ്യത ഉണ്ടായിരുന്നു. എന്നാൽ മധ്യ ഓവറുകളിലെ മെല്ലെപ്പോക്ക് ഇന്ത്യയെ എത്തിച്ചത് 321 ൽ. മികച്ച സ്കോർ എന്ന് തോന്നാമെങ്കിലും, കിട്ടിയ തുടക്കം വെച്ച് നോക്കുമ്പോൾ ഈ സ്കോർ 20 - 30 റൺസെങ്കിലും കുറവാണ് എന്ന് നിസംശയം പറയാം, അതും വിക്കറ്റുകൾ കൈവശം ഇരിക്കുമ്പോൾ.

ആരാണ് കുറ്റക്കാർ
സ്കോർ ഉയർത്താനുള്ള ശ്രമത്തിനിടെയാണ് രോഹിത് ശർമ പുറത്തായത്. കുറ്റം പറയാൻ പറ്റില്ല. വിരാട് കോലിയുടെ അപൂർവ്വമായ ഒരു ഓഫ് ഡേ ആയിരുന്നു ശ്രീലങ്കയ്ക്ക് എതിരെ. 25.5 ഓവറിൽ 137ന് രണ്ട് എന്ന നിലയിലായിരുന്ന ഇന്ത്യ മുപ്പത്തേഴാം ഓവറിലാണ് 200ലെത്തിയത്. സെഞ്ചുറി തികച്ചിട്ടും ശിഖർധവാന് വേഗം കൂട്ടാൻ പറ്റിയില്ല. ഫലമോ ഇന്ത്യൻ ഇന്നിംഗ്സ് 321ൽ അവസാനിച്ചു.

ഹർദീക് പാണ്ഡ്യയുടെ പരാജയം
സമീപകാലത്ത് ഇന്ത്യയ്ക്ക് കിട്ടിയ ഏറ്റവും മികച്ച മീഡിയം പേസർ ഓൾറൗണ്ടറാണ് ഹർദീക് പാണ്ഡ്യ. കുറ്റം പറയാനൊന്നും ആയിട്ടില്ല. പക്ഷേ ചാമ്പ്യൻസ് ട്രോഫി പോലൊരു നിര്‍ണായക ടൂർണമെന്റിൽ അഞ്ചാം ബൗളറായ പാണ്ഡ്യയുടെ പരാജയം ടീമിനെ ബാധിക്കും. പാകിസ്താനെതിരെ ബാറ്റിംഗിൽ മികച്ചുനിന്നങ്കിലും ബൗളിംഗിൽ പാണ്ഡ്യ ശരാശരിയായിരുന്നു. ശ്രീലങ്കയ്ക്കെതിരെ 7 പന്തിൽ 9 റൺസെടുത്ത് പുറത്തായ പാണ്ഡ്യ 7 ഓവറിൽ 51 റൺസും വഴങ്ങി.

നിലവാരമില്ലാത്ത ഫീൽഡിങ്
പാകിസ്താനെതിരെ ഇന്ത്യയുടെ ബാറ്റിങും ബൗളിംഗും ഫസ്റ്റ് ക്ലാസ് ആയിരുന്നു. പക്ഷേ ഫീൽഡിങ് ദയനീയമായി. ക്യാപ്റ്റൻ കോലി ഇന്ത്യൻ ഫീൽഡർമാർക്ക് കൊടുത്തത് പത്തിൽ ആറ് മാർക്ക്. ലങ്കയ്ക്കെതിരെ അൽപം കൂടി മെച്ചപ്പെട്ടു എന്നേയുള്ളൂ, ധോണി, ഭുവി എന്നിവരെ ഒഴിച്ചുനിർത്തിയാൽ ഇന്ത്യൻ ഫീൽഡിങ് പതിവ് നിലവാരത്തിലേക്ക് ഉയർന്നില്ല. ഫലമോ ഇഷ്ടം പോലെ റൺസ് ലീക്കായി, റണ്ണൗട്ട് അവസരങ്ങൾ നഷ്ടപ്പെട്ടു. കേദാർ ജാദവായിരുന്നു ഏറ്റവും മോശം.

പിച്ച് റീഡ് ചെയ്തില്ല
ശ്രീലങ്കയ്ക്കെതിരെ പിച്ച് കൃത്യമായി മനസിലാക്കുന്നതിൽ ഇന്ത്യൻ ക്യാപ്റ്റൻ പരാജയപ്പെട്ടു എന്ന് വേണം കരുതാൻ. സ്പിന്നർമാർക്ക് തീരെ അനുകൂലമല്ലാത്ത പിച്ചിൽ ഒരു ഫാസ്റ്റ് ബൗളറെ അധികം കളിപ്പിക്കാനുള്ള ധൈര്യം ഇന്ത്യ കാട്ടിയില്ല. പ്രമുഖ ബൗളർമാർക്ക് അടി കിട്ടിയപ്പോൾ ഒരു പ്ലാൻ ബി ഇന്ത്യയുടെ പക്കൽ ഇല്ലാതെ പോയി. ടോസ് നേടി ആദ്യം ഫീൽഡ് ചെയ്ത ശ്രീലങ്ക പിച്ച് കുറച്ചുകൂടി നന്നായി മനസിലാക്കി എന്ന് വേണം കരുതാൻ.

അശ്വിന് പകരം ജഡേജ
ഒരു സ്പിന്നറെ മാത്രം കളിപ്പിക്കാനുള്ള സാഹചര്യമുളള ഇംഗ്ളണ്ടിൽ ആർ അശ്വിന് പകരം ജഡേജയെ കളിപ്പിക്കാനുള്ള നീക്കം ഇന്ത്യയ്ക്ക് തിരിച്ചടിയായി എന്ന് വേണം കരുതാൻ. ബാറ്റിംഗിലും ഫീൽഡിങിലും ജഡേജയ്ക്ക് മേൽക്കൈ ഉണ്ടെങ്കിലും ബുദ്ധി ഉപയോഗിച്ച് പന്തെറിയുന്ന അശ്വിന്റെ അഭാവം ശ്രീലങ്കയ്ക്കെതിരായ കളിയിൽ ഇന്ത്യൻ നിരയിൽ നിഴലിച്ചുനിന്നു.

അലസമനോഭാവം
ഓരോ കളിയും ജയിക്കാൻ വേണ്ടി കളിക്കുന്നവരാണ് തങ്ങൾ. അതുകൊണ്ടാണ് ഇന്റർനാഷണൽ ക്രിക്കറ്റ് കളിക്കുന്നത് എന്നൊക്കെ വിരാട് കോലി പറഞ്ഞെങ്കിലും, ശ്രീലങ്കയ്ക്കെതിരായ കളിയിൽ ഇന്ത്യൻ ബൗളിംഗും ഫീല്‍ഡിങും അൽപം അലസരായിരുന്നോ എന്ന് കളി കണ്ടവർക്ക് സംശയം തോന്നും. ഹർഭജൻ സിംഗ് കളിക്ക് മുമ്പ് മുന്നറിയിപ്പ് നൽകിയതും ഇത് തന്നെയാണ്.. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഈ കാഷ്വൽ സമീപനവുമായി കളിക്കാൻ ഇറങ്ങുന്നത് ഇന്ത്യയ്ക്ക് ഗുണം ചെയ്യില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications