ഇനി കളി മാറും, ഏകദിന ലോകകപ്പിന് 14 ടീം, ടി20 ലോകകപ്പിന് 20 ടീം- പ്രഖ്യാപിച്ച് ഐസിസി
ദുബായ്: ഐസിസി ടൂര്‍ണമെന്റുകളുടെ മുഖച്ഛായ മാറ്റുന്ന പുത്തന്‍ തീരുമാനവുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി). ഏകദിന,ടി20 ലോകകപ്പ്,ചാമ്പ്യന്‍സ് ട്രോഫി എന്നിവയില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണത്തില്‍ വര്‍ധനവ് കൊണ്ടുവരാനാണ് ഐസിസിയുടെ തീരുമാനം. തിങ്കളാഴ്ച ചേര്‍ന്ന ഐസിസിയുടെ യോഗത്തിലാണ് നിര്‍ണ്ണായക തീരുമാനങ്ങളുണ്ടായത്.
ഇത് പ്രകാരം 2027, 2031 ഏകദിന ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 14 ആക്കി ഉയര്‍ത്തു. ഇതോടെ 54 മത്സരങ്ങള്‍ ഏകദിന ലോകകപ്പില്‍ ആകെ ഉണ്ടാവും. എന്നാല്‍ 2023ലെ ഏകദിന ലോകകപ്പില്‍ ഈ മാറ്റം ഉണ്ടാവില്ല. പഴയപോലെ 10 ടീമുകള്‍ തന്നെയാവും ഉണ്ടാവുക. ഐസിസിയുടെ പുതിയ തീരുമാനം കൂടുതല്‍ ക്രിക്കറ്റ് ടീമുകള്‍ക്ക് വളര്‍ന്നുവരാനുള്ള അവസരം ഉണ്ടാക്കും.
ടി20 ലോകകപ്പിലും വന്‍ മാറ്റമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2024, 2026, 2028, 2030 ടി20 ലോകകപ്പുകളില്‍ 20 ടീമുകള്‍ വീതം പങ്കെടുക്കും. 55 മത്സരങ്ങളാണ് ലോകകകപ്പില്‍ ഉണ്ടാവുക. 2025, 2029 ചാമ്പ്യന്‍സ് ട്രോഫിയില്‍ എട്ട് ടീമുകള്‍ വീതവും പങ്കെടുക്കും. കൂടാതെ 2025, 2027, 2029, 2031 വര്‍ഷങ്ങളില്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലുകള്‍ നടത്താനും തീരുമാനമായി.

പ്രഥമ ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ജൂണ്‍ 18നാണ് നടക്കുന്നത്. ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലാണ് മത്സരം. ടെസ്റ്റ് ക്രിക്കറ്റിന് കൂടുതല്‍ ആരാധക പിന്തുണ ലഭിക്കുന്നതിനായി ഇത്തരമൊരു പരിഷ്‌കാരം നടത്തിയ ഐസിസിയുടെ തീരുമാനം തെറ്റിയില്ലെന്ന് തെളിയിക്കുന്നതാണ് ടൂര്‍ണമെന്റിന് ലഭിക്കുന്ന ആരാധക പിന്തുണ.
അതേ സമയം ടി20 ലോകകപ്പ് സംബന്ധിച്ചുള്ള അനിശ്ചിതത്വം തുടരുകയാണ്. നിലവില്‍ ഒക്ടോബറിലും നവംബറിലുമായി ടി20 ലോകകപ്പ് നടത്താണ് ബിസിസി ഐ പദ്ധതിയിടുന്നത്. ഇന്ത്യയിലാണ് ലോകകപ്പ് നടക്കേണ്ടത്. എന്നാല്‍ രാജ്യത്തെ കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ലോകകപ്പ് നടത്തുന്നത് സംബന്ധിച്ച് ആശങ്ക തുടരുകയാണ്. ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ ജൂണ്‍ 28വരെയാണ് ബിസിസിഐക്ക് ഐസിസി സമയം അനുവദിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ നടത്തിയ ഐപിഎല്ലിന്റെ 14ാം സീസണ്‍ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് പാതിവഴിയില്‍ നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. ഇതിന് ശേഷം സെപ്തംബറില്‍ യുംഎഇയില്‍ ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ബിസിസി ഐ ഇപ്പോള്‍ പദ്ധതിയിടുന്നത്. ഇന്ത്യയില്‍ നടത്തുന്ന ടൂര്‍ണമെന്റുകളില്‍ വേണ്ടത്ര സുരക്ഷ ഒരുക്കാന്‍ ബിസിസി ഐക്ക് സാധിക്കുന്നില്ലെന്ന് നേരത്തെ വിദേശ താരങ്ങള്‍ ആരോപിക്കുകയും ചെയ്തിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications