ദില്ലി: ക്രിക്കറ്റ് മത്സരത്തിനിടയിലെ പരിഹാസവും ചീത്തവിളിയും(സ്ലെഡ്ജിങ്) ഓസ്‌ട്രേലിയന്‍ ടീം അംഗങ്ങള്‍ക്ക് പതിവാണ്. എതിരാളികളെ മാനസികമായി തളര്‍ത്താന്‍ പതിറ്റാണ്ടുകളായി ഓസീസ് ടീം അംഗങ്ങള്‍ ഇത്തരത്തിലുള്ള പ്രയോഗങ്ങള്‍ നടത്താറുണ്ട്. മറ്റു ടീമുകളും ഇക്കാര്യത്തില്‍ പിറകിലല്ലെങ്കിലും ഓസീസിന്റെ സ്ലെഡ്ജിങ് കുപ്രസിദ്ധിമാണ്.
ഇപ്പോഴിതാ ഓസ്‌ട്രേലിയയുടെ ഇതിഹാസതാരം ഇയാന്‍ ചാപ്പല്‍ തന്നെ ഇതിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നു. ക്രിക്കറ്റ് രാജ്യങ്ങളില്‍ പലതരത്തിലുള്ള സ്വഭാവക്കാരായ കളിക്കാരുണ്ട്. മോശം സ്വഭാവമുള്ളവരെ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. തങ്ങളുടെ കണ്‍മുന്നില്‍ ഇത്തരം കാര്യങ്ങള്‍ നടന്നിട്ടും അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ തടയാത്തത് എന്തുകൊണ്ടാണെന്ന് ചാപ്പല്‍ ചോദിക്കുന്നു.

താരങ്ങളെ അതിരുവിട്ട് ഫീല്‍ഡില്‍ പെരുമാറാന്‍ അനുവദിക്കുന്നത് വിഡ്ഡിത്തമാണ്. ഒരുദിവസം ഇത് വലിയ പ്രശ്‌നത്തിലാകും കലാശിക്കുകയെന്നും തന്റെ ക്രിക്കറ്റ് കോളത്തില്‍ ചാപ്പല്‍ വിലയിരുത്തുന്നു. മത്സരത്തിനിടെ ഇന്ത്യന്‍ കളിക്കാരും ഓസീസ് താരങ്ങളെ സ്ലഡ്ജ് ചെയ്യുന്നത് നേരത്തെ വ്യക്തമായിരുന്നു. ഇതിന്റെ വീഡിയോ ബിസിസിഐ തന്നെയാണ് പുറത്തുവിട്ടത്.
കളി നിയന്ത്രിക്കുന്നവര്‍ ഇത്തരം കാര്യങ്ങളില്‍ ഇനിയും അലംഭാവം കാണിക്കരുത്. കളിയെക്കുറിച്ചും കളിക്കാരെക്കുറിച്ചും കാര്യമായി അറിയാത്തതുപോലെയാണ് അവരുടെ പെരുമാറ്റം. ഭാവിയില്‍ വലിയ ദോഷം ചെയ്യുന്നവയാണ് ഇതെന്നും നിയന്ത്രിക്കണമെന്നും ചാപ്പല്‍ വ്യക്തമാക്കി.