കൊച്ചി: ഒന്‍പത് വര്‍ഷമായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്ന തന്റെ വാക്കുകള്‍ ആരും കേട്ടില്ല എന്ന് ഫാസ്റ്റ് ബൗളര്‍ എസ് ശ്രീശാന്ത്. ബി സി സി ഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയതില്‍ നിരാശയുണ്ട്. എന്നാല്‍ പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ല. ശക്തമായ തിരിച്ചുവരവിന് ശ്രമിക്കുമെന്നും ശ്രീശാന്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അവിശ്വസനീയം എന്നായിരുന്നു വിലക്ക് വാര്‍ത്തയോട് ശ്രീശാന്തിന്റെ ആദ്യത്തെ പ്രതികരണം. മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ കുറിച്ച വാക്കുകള്‍ പക്ഷേ ശ്രീശാന്ത് അല്‍പസമയത്തിനകം ഡിലീറ്റ് ചെയ്തു. എന്നെ വിശ്വസിക്കണം. നിരപരാധിയാണെന്ന് തെളിയിക്കാന്‍ എനിക്ക് സാധിക്കും - ശ്രീ തുടര്‍ന്ന് പറഞ്ഞതിങ്ങനെ.

വിലക്കിന് പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള ഗൂഡാലോചന ഉണ്ടോ എന്ന കാര്യത്തില്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ല എന്ന് ശ്രീശാന്ത് പറഞ്ഞു. ദക്ഷിണേന്ത്യയില്‍ നിന്നുള്ള കളിക്കാര്‍ക്കുണ്ടായ അനുഭവങ്ങള്‍ എല്ലാവര്‍ക്കും അറിയാം എന്ന് മാത്രമാണ് ശ്രീശാന്ത് പറഞ്ഞത്. പുറത്തുപറഞ്ഞില്ലെങ്കിലും, ഉത്തരേന്ത്യന്‍ ലോബിക്കെതിരെയാണ് ശ്രീയുടെ ഒളിയമ്പ് എന്ന് വ്യക്തം.
ഒത്തുകളിയെത്തുടര്‍ന്ന് ആജീവനാന്തവിലക്ക് ലഭിക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് എസ് ശ്രീശാന്ത്. അജയ് ശര്‍മ, ടി പി സുഭീന്ദ്ര, മുന്‍ ക്യാപ്റ്റന്‍ അസ്ഹറുദ്ദീന്‍ എന്നിവര്‍ക്കാണ് ഇതിന് മുമ്പ് ആജീവനാന്ത വിലക്ക് ലഭിച്ചിട്ടുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മറ്റ് നാല് താരങ്ങള്‍ക്ക് കൂടി ഇതേ ഗതി വന്നിട്ടുണ്ട്.