ഫാസ്റ്റ് ബൗളറായി തുടങ്ങി
ക്രിക്കറ്റ് കരിയര്‍ ആരംഭിച്ചത് ഫാസ്റ്റ് ബൗളറായിട്ടായിരുന്നുവെന്ന് അക്ഷര്‍ പറയുന്നു. കാല്‍മുട്ടിലെ ചില പ്രശ്നങ്ങള്‍ കാരണമാണ് പിന്നീട് താന്‍ ഇതു വേണ്ടെന്നു വന്ന് സ്പിന്നിലേക്കു മാറിയതെന്നും താരം വെളിപ്പെടുത്തി.
ആം ബോള്‍ ഞാന്‍ സ്വന്തമായി തന്നെ പഠിച്ചെടുത്തതാണ്. പിന്നീട് ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ വച്ച് വെങ്കട് സാറിന് (വെങ്കടപതി രാജു) കീഴിലാണ് ഇതു തേച്ചുമിനുക്കിയെടുത്തത്. ആദ്യകാലങ്ങളില്‍ ഫാസ്റ്റ് ബൗളറായതിനാല്‍ തന്നെയാണ് തന്റെ ബൗളിങിന് ഇപ്പോള്‍ കുറച്ചു വേഗതയുള്ളതെന്നും അക്ഷര്‍ വ്യക്തമാക്കി.
കരിയറില്‍ സഹായിച്ചു
ഫാസ്റ്റ് ബൗളറെന്ന രീതിയുള്ള അനുഭവസമ്പത്ത് ആം ബോളുകളുടെ കാര്യത്തില്‍ എന്നെ സഹായിച്ചിട്ടുണ്ട്. കാല്‍മുട്ടിലെ ചില പ്രശ്നങ്ങള്‍ അലട്ടിയിരുന്നില്ലെങ്കില്‍ ഞാന്‍ ഫാസ്റ്റ് ബൗളറായി തന്നെ തുടരുമായിരുന്നു. ശാരീരിക പ്രശ്നങ്ങളാണ് എന്നെ സ്പിന്‍ ബൗളിങിലെത്തിച്ചത്. ആം ബോളുകള്‍ വേഗത്തില്‍ എറിയാന്‍ എനിക്കു ഇപ്പോള്‍ സാധിക്കുന്നത് മുമ്പ് ഫാസ്റ്റ് ബൗളറായതിനാലാണെന്നും അക്ഷര്‍ കൂട്ടിച്ചേര്‍ത്തു.
പിങ്ക് ബോളിന്റെ വ്യത്യാസം
റെഡ് ബോളും പിങ്ക് ബോളും തമ്മില്‍ ചെറിയ വ്യത്യാസമുണ്ടെന്നു അക്ഷര്‍ ചൂണ്ടിക്കാട്ടി. പിങ്ക് ബോള്‍ റെഡിനെ അപേക്ഷിച്ച് പിച്ചില്‍ കൂടുതല്‍ സ്കിഡ് ചെയ്യും. സത്യസന്ധമായി പറഞ്ഞാല്‍ ആദ്യദിനം തന്നെ ആറു വിക്കറ്റുകള്‍ വീഴ്ത്താനാവുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല.
തൊട്ടുമുമ്പത്തെ ടെസ്റ്റില്‍ അഞ്ചു വിക്കറ്റെടുക്കാനായതിനാല് തന്നെ ആത്മവിശ്വാസമുണ്ടായിരുന്നു. പിങ്ക് ബോള്‍ കൊണ്ടും ബാറ്റ്സ്മാന്മാര്ക്കു കുഴപ്പങ്ങള്‍ സൃഷ്ടിക്കാനുള്ള വേരിയേഷനുകള്‍ തന്റെ പക്കലുണ്ടെന്ന് അറിയാമായിരുന്നുവെന്നും അക്ഷര്‍ വിശദമാക്കി.