കറാച്ചി: ലോകകപ്പില്‍ ഇന്ത്യയോട് ഒരു കളി ജയിക്കാന്‍ ഇനിയും പാകിസ്താന് കഴിഞ്ഞിട്ടില്ല. ഏകദിനത്തിലും ട്വന്റി 20 യിലും മുഖാമുഖം വന്നപ്പോഴൊക്കെ പാകിസ്താന് ഇന്ത്യയ്ക്ക് മുന്നില്‍ തോല്‍വി സമ്മതിക്കേണ്ടി വന്നിട്ടുണ്ട്. എന്നിട്ടും ഇന്ത്യയ്ക്കെതിരെ ഈ ലോകകപ്പില്‍ തന്നെ ഒരിക്കല്‍ കൂടി കളിക്കാന്‍ അവസരം കാത്തിരിക്കുകയാണ് പാകിസ്താന് ടീമിലെ പ്രധാന സ്പിന്നറായ സയീദ് അജ്മല്‍.
ആദ്യ റൗണ്ടില്‍ ബാക്കിയുള്ള രണ്ട് കളികള്‍ കൂടി ജയിച്ചാലേ പാകിസ്താന് സെമിയില്‍ കടക്കാന്‍ കഴിയൂ. സെമിയും കടന്ന് ഫൈനലില്‍ മാത്രമേ ഇരു ടീമുകള്‍ക്കും ഇനി കളിക്കാന്‍ പറ്റൂ. ഒരു കളി കൂടി ഇന്ത്യയ്ക്കെതിരെ കളിച്ച് ജയിക്കണം എന്നതാണ് സയീദ് അജ്മലിന്റെ ആഗ്രഹം. ഗ്രൂപ്പ് തലത്തില്‍ പരസ്പരം വന്നപ്പോള്‍ പാകിസ്താനെ ഇന്ത്യ തോല്പിച്ചിരുന്നു. മൂന്ന് കളികളും ജയിച്ച് ഇന്ത്യ സെമി ഉറപ്പിച്ചു കഴിഞ്ഞു.
പാകിസ്താന്റെ ഏറ്റവും മികച്ച ബൗളറാണ് ഓഫ് സ്പിന്നറായ സയീദ് അജ്മല്‍. എന്നാല്‍ ഇന്ത്യയ്ക്കെതിരെ അജ്മലിന് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. അടുത്ത മത്സരത്തിലെങ്കിലും ഇന്ത്യയെ തോല്പിക്കാം എന്ന പ്രതീക്ഷയിലാണ് അജ്മല്‍. ട്വന്റി 20 യില്‍ ബൗളിംഗ് വലിയ വെല്ലുവിളിയാണ്. ഇന്ത്യയ്ക്കെതിരെയാകുമ്പോള് സമ്മര്‍ദ്ദം പിന്നെയും കൂടും.
സച്ചിന് തെണ്ടുല്‍ക്കര്‍ ഏകദിനത്തില്‍ നിന്നും വിരമിക്കാന്‍ കാരണം തന്റെ ദൂസരയാണ് എന്ന് പറഞ്ഞ സയീദ് അജ്മലിനെ മുന്‍പ് പാക് താരങ്ങളും മാധ്യമങ്ങളും പോലും കളിയാക്കിയിരുന്നു. അതുപോലെ 2011 ലോകകപ്പില്‍ സച്ചിന് തന്റെ പന്തില്‍ എല്‍ ബി ആയിരുന്നു എന്നും തേര്‍ഡ് അംപയര്‍ക്ക് അത് മനസിലാക്കാന്‍ കഴിഞ്ഞില്ല എന്ന് അജ്മലിന്റെ വാക്കുകളും വിവാദമായിരുന്നു.