സിഡ്‌നി: മുന്‍ ഇന്ത്യന്‍ താരമെന്ന നിലയിലും കമന്റേറ്റര്‍ എന്ന നിലയിലും ശ്രദ്ധേയനായ താരമാണ് സഞ്ജയ് മഞ്ജരേക്കര്‍. മികച്ച അവതാരകനെന്ന നിലയിലും ശ്രദ്ധ നേടുന്ന സഞ്ജയ് വിവാദങ്ങളുടെ തോഴന്‍ കൂടിയാണ്. രവീന്ദ്ര ജഡേജയെ വ്യക്തിപരമായി അധിക്ഷേപിച്ചതിന്റെ പേരില്‍ ഏറെ പഴികേട്ട വ്യക്തിയാണ് അദ്ദേഹം. ഇപ്പോഴിതാ രവീന്ദ്ര ജഡേജയുമായി തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സഞ്ജയ്.
'എന്റെ തിരഞ്ഞെടുപ്പുകളും ആശയങ്ങളും ഇത്രയും നാളത്തെ എന്റെ ജീവിതത്തില്‍ നിന്ന് ഞാന്‍ പഠിച്ചതില്‍ നിന്നുള്ളതാണ്. രവീന്ദ്ര ജഡേജയുമായി എനിക്ക് യാതൊരു പ്രശ്‌നവുമില്ല. എന്നാല്‍ ജഡേജയെപ്പോലുള്ള താരങ്ങളുടെ ഏകദിനത്തിലെ പ്രകടനവുമായി എനിക്ക് പ്രശ്‌നമുണ്ട്. എന്റെ ടീമില്‍ ഹര്‍ദിക് പാണ്ഡ്യക്ക് പോലും ഇടമില്ല. ടെസ്റ്റില്‍ ഞാന്‍ വളരെ ഉയര്‍ന്ന നിലവാരം നല്‍കുന്ന താരമാണ് ജഡേജ'-സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു. ജഡേജയെ വ്യക്തിപരമായി അധിക്ഷേപിക്കുകയും കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്്‌ലയെ അധിക്ഷേപിച്ച് സംസാരിക്കുകയും ചെയ്തതോടെയാണ് സഞ്ജയ് നോട്ടപ്പുള്ളിയാകുന്നത്. 2019 ലോകകപ്പിലെ ഇന്ത്യ-ന്യൂസീലന്‍ഡ് സെമി ഫൈനലിലെ സഞ്ജയുടെ പരാമര്‍ശങ്ങളാണ് ജഡേജയെ ചൊടിപ്പിച്ചത്.

ട്വിറ്ററിലൂടെ ജഡേജയുമായി ഏറ്റുമുട്ടിയ മഞ്ജരേക്കര്‍ കഴിഞ്ഞ വര്‍ഷം നടന്ന ഇന്ത്യ-ബംഗ്ലാദേശ് പിങ്ക് ബോള്‍ ടെസ്റ്റില്‍ ഹര്‍ഷ ഭോഗലെയുടെ കഴിവിനെ ചോദ്യം ചെയ്തതും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു. ഇതോടെ ബിസിസിഐ കമന്ററി പാനലില്‍ നിന്ന് സഞ്ജയെ നീക്കിയിരുന്നു. പിന്നാലെ തിരിച്ചുവരവിനായി മാപ്പ് പറയുകയും നിരവധി തവണ അദ്ദേഹം ബിസിസി ഐക്ക് കത്തയക്കുകയും ചെയ്തിരുന്നു.
ഐപിഎല്ലില്‍ കമന്റേറ്റര്‍ പാനലില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് അദ്ദേഹം നല്‍കിയ അപേക്ഷകളെല്ലാം അവഗണിക്കപ്പെട്ടു. ഒടുവില്‍ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ അദ്ദേഹത്തെയും കമന്ററി പാനലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. താന്‍ നല്ല ഉദ്ദേശത്തോടെ പറയുന്ന പല ഉപമകളും തെറ്റിദ്ധരിക്കപ്പെടുന്നതാണെന്നാണ് സഞ്ജയുടെ നിലപാട്. ജഡേജ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ കളിക്കുമ്പോള്‍ വീണ്ടും വിവാദ പരാമര്‍ശങ്ങള്‍ സഞ്ജയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമോയെന്ന് കണ്ടറിയണം. ഇനി അത്തരത്തിലൊരു നടപടി ഉണ്ടായാല്‍ സഞ്ജയ്ക്ക് തിരിച്ചുവരവ് പ്രയാസമാവും.
ഏകദിനത്തില്‍ ഓള്‍റൗണ്ടര്‍മാരുടെ പ്രകടനത്തെയാണ് സഞ്ജയ് പലപ്പോഴും വിമര്‍ശിക്കുന്നത്. പല താരങ്ങളെയും സാമൂഹ്യ മാധ്യമങ്ങളിലൂടെ അതിരുവിട്ട് പരിഹസിക്കുന്നതും സഞ്ജയും താരങ്ങളുമായി പ്രശ്‌നങ്ങളുണ്ടാകാന്‍ കാണമാകുന്നു. ഇന്ത്യക്കുവേണ്ടി 37 ടെസ്റ്റില്‍ നിന്ന് 2043 റണ്‍സും 74 ഏകദിനത്തില്‍ നിന്ന് 1994 റണ്‍സുമാണ് സഞ്ജയ് നേടിയിട്ടുള്ളത്.