സിഡ്‌നി: ഈ ലോകകപ്പോടെ എം എസ് ധോണി ഏകദിനത്തില്‍ നിന്നും വിരമിക്കും എന്നായിരുന്നു പരക്കെ ചര്‍ച്ച ചെയ്യപ്പെട്ടത്. ലോകകപ്പിന് രണ്ട് മാസം മുമ്പ് തുടങ്ങിയ ടെസ്റ്റ് പരമ്പര പാതിവഴിയില്‍ നില്‍ക്കേ ധോണി ടെസ്റ്റില്‍ നിന്നും വിരമിച്ചിരുന്നു. ലോകകപ്പ് കഴിയുന്നതോടെ ഏകദിനത്തില്‍ നിന്നും ധോണി വിരമിക്കുകയും വിരാട് കോലി ഇന്ത്യയുടെ ക്യാപ്റ്റനാകുകയും ചെയ്യും എന്നായിരുന്നു അഭ്യൂഹങ്ങള്‍.
ലോകകപ്പ് കിട്ടിയാല്‍ വിരമിച്ചേക്കും എന്ന അവ്യക്തമായ സൂചനകള്‍ ധോണിയും പലപ്പോഴായി നല്‍കിയിരുന്നു. എന്നാല്‍ സെമിഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റ് പുറത്തായ ശേഷം ധോണി പറഞ്ഞത് തല്‍ക്കാലം വിരമിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ്. എനിക്ക് 33 വയസ്സേ ആയിട്ടുള്ളൂ. പൂര്‍ണമായും ഫിറ്റാണ്. ഓടാനും മറ്റും ഒരു കുഴപ്പവും ഇല്ലാതെ പറ്റുന്നുണ്ട്.

അടുത്ത വര്‍ഷം ട്വന്റി 20 ലോകകപ്പ് നടക്കാനിരിക്കുകയാണ്. വിരമിക്കുന്ന കാര്യം അതിന് ശേഷം തീരുമാനിക്കുമെന്നും ധോണി പറഞ്ഞു. ഐ സി സിയുടെ ഏറ്റവും പ്രധാനപ്പെട്ട 3 കിരീടങ്ങള്‍ നേടിയ ലോകത്തിലെ ഏക ക്യാപ്റ്റനാണ് മഹേന്ദ്ര സിംഗ് ധോണി എന്ന ഈ ഝാര്‍ഖണ്ടുകാരന്‍. ട്വന്റി 20 ലോകകപ്പ് (2007), ഏകദിന ലോകകപ്പ് (2011), ഐ സി സി ചാമ്പ്യന്‍സ് ട്രോഫി (2013) എന്നിവയാണ് ധോണിയുടെ ഈ കിരീടങ്ങള്‍.
33 വയസ്സുള്ള ധോണി വിരമിക്കണം എന്ന് പറയുന്നതില്‍ ചെറുതല്ലാത്ത ശരികേടുണ്ട്. ഫോമിലല്ലെങ്കിലോ കളി മോശമെങ്കിലോ ടീമില്‍ നിന്നും ഒഴിവാക്കാമെന്നല്ലാതെ വിരമിക്കാന്‍ പറയുന്നതില്‍ എന്ത് യുക്തിയാണുള്ളത്. ധോണിയെക്കാള്‍ മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇന്ത്യയിലില്ല എന്നതാണ് സത്യം. സച്ചിന്‍ തെണ്ടുല്‍ക്കറൊക്കെ 41 വയസ്സുവരെ കളിച്ചിട്ടുണ്ട്, പിന്നെന്തിനാണ് ധോണിയെക്കൊണ്ട് 33 വയസ്സില്‍ കളി നിര്‍ത്തിക്കുന്നത്.