ചെന്നൈ: സുപ്രീം കോടതിയെയും ബി സി സി ഐയിലെ കൊടികെട്ടിയ ശത്രുക്കളെയും കുപ്പിയിലാക്കിയ എന്‍ ശ്രീനിവാസന് വിചാരിച്ചാല്‍ മൈക്ക് ഹസിയാണോ വലിയ പ്രശ്നം. അതും ചെന്നൈ കിംഗ്സിലൂടെ താന്‍ ചെല്ലും ചെലവും കൊടുത്ത് കളിപ്പിക്കുന്ന ഹസി. ഗുരുനാഥ് മെയ്യപ്പനെയും അയാള്‍ക്ക് ചെന്നൈ കിംഗ്സിലുണ്ടായ റോളിനെക്കുറിച്ചും വെറും ഒരാഴ്ച കൊണ്ട് ഹസി മറന്നുപോകുമ്പോള്‍ സാധാരണക്കാരായ ക്രിക്കറ്റ് കാണികള്‍ ഇത്രെയങ്കിലും കരുതണ്ടേ?
ചെന്നൈ സൂപ്പര്‍കിംഗ്സിന്റെ ഉടമ ഗുരുനാഥ് മെയ്യപ്പനാണ് എന്ന് തന്റെ പുസ്തകത്തില്‍ എഴുതിയ കാര്യമാണ് ഹസി ഇപ്പോള്‍ തിരുത്തുന്നത്. ചെന്നൈ ടീമിനൊപ്പം ഗുരുനാഥ് എപ്പോഴും ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ടീമിലെ റോള്‍ എന്താണെന്ന് അറിയില്ലായിരുന്നു - ഒരു ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിന് നല്കിയ കുറിപ്പില്‍ മിസ്റ്റര്‍ ക്രിക്കറ്റര്‍ എന്ന് വിളിപ്പേരുള്ള മൈക്ക് ഹസി പറയുന്നു.
അണ്ടര്നീത് ദ സതേണ്‍ ക്രോസ് എന്ന തന്റെ പുസ്തകത്തിലാണ് മൈക്ക് ഹസി ഗുരുനാഥ് മെയ്യപ്പനാണ് ചെന്നൈ സൂപ്പര്‍കിംഗ്സിന്റെ ഉടമ എന്ന് വെളിപ്പെടുത്തിയത്. എന്നാല്‍ ഇത് ചെന്നൈ ടീം, ഇന്ത്യാ സിമന്റ്സ് തുടങ്ങിയവയുടെ മുതലാളിയായ ബി സി സി ഐ പ്രസിഡണ്ട് എന്‍ ശ്രീനിവാസന്റെ വിശദീകരണത്തിന് കടക വിരുദ്ധമായിരുന്നു. ക്രിക്കറ്റ് പ്രേമി മാത്രമായ അത്യുത്സാഹി എന്നായിരുന്നു മകളുടെ ഭര്‍ത്താവായ മെയ്യപ്പനെക്കുറിച്ച് ശ്രീനി പറഞ്ഞത്.
തന്നെക്കാളും നന്നായി മെയ്യപ്പന് ചെന്നൈ കിംഗ്സിലെ ആരായിരുന്നു എന്നറിയുക ശ്രീനിവാസന് തന്നെയായിരിക്കും. എന്റെ ധാരണ തെറ്റായിരിക്കും. ശ്രീനിവാസന് പറഞ്ഞതിനെ ചോദ്യം ചെയ്യാനില്ല - ഹസി വിശദീകരിക്കുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ ധോണി പോലും മിണ്ടാതിരിക്കുമ്പോള്‍ വിദേശിയായ ഹസ്സി ചെന്നൈയുടെ ആഭ്യന്തരകാര്യങ്ങള്‍ വെളിപ്പെടുത്തിയത് വന്‍ ശ്രദ്ധ നേടിയിരുന്നു.