IPL 2026: സിക്സർ അടിച്ചവനെ അടുത്ത പന്തിൽ കുരുക്കി! സഞ്ജുവിന്റെ മാസ്റ്റർ പ്ലാൻ കണ്ട് അമ്പരന്ന് ക്രിക്കറ്റ് ലോകം
ചെന്നൈ സൂപ്പർ കിംഗ്‌സ് ആരാധകർ ഒരിക്കലും മറക്കാത്ത ഒരു നിമിഷമായിരുന്നു ചെപ്പോക്കിൽ ഇന്ന് കണ്ടത്. സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ്ങും ഒവർട്ടണിന്റെ അടിപൊളി ബൗളിങ്ങും ചെന്നൈയ്ക്ക് സീസണിലെ അവരുടെ ആദ്യ വിജയം നേടിക്കൊടുത്തു. എന്നാൽ, ബാറ്റിങ്ങിനൊപ്പം സഞ്ജുവിന്റെ മറ്റൊരു ബ്രില്യൻസ് കൂടി ഇപ്പോൾ ചർച്ചയാവുന്നുണ്ട്. ഡൽഹി ക്യാപിറ്റൽസിനെതിരെ പരാജയഭീതിയിൽ നിന്ന ചെന്നൈയെ ഒറ്റ പന്തിൽ മത്സരത്തിലേക്ക് തിരികെ എത്തിച്ചത് സഞ്ജു സാംസണിന്റെ ക്രിക്കറ്റ് ബുദ്ധിയാണ്. തല്ലുവാങ്ങിക്കൊണ്ടിരുന്ന യുവ സ്പിന്നർ നൂർ അഹമ്മദിന്റെ ചെവിയിൽ സഞ്ജു ഓതിക്കൊടുത്ത ആ മന്ത്രം കൃത്യമായി ഫലിച്ചു.
അശുതോഷിന്റെ താണ്ഡവവും സഞ്ജുവിന്റെ തന്ത്രവും
മത്സരത്തിന്റെ 15-ാം ഓവറിലായിരുന്നു നാടകീയമായ ആ രംഗങ്ങൾ അരങ്ങേറിയത്. നൂർ അഹമ്മദ് എറിഞ്ഞ ഓവറിലെ നാലാം പന്തിൽ അശുതോഷ് ശർമ്മ ഒരു തകർപ്പൻ സിക്സർ പറത്തി. സ്ലോട്ടിൽ കിട്ടിയ പന്ത് ലോംഗ് ഓഫിന് മുകളിലൂടെയാണ് ഗാലറിയിലെത്തിയത്. ആ ഓവറിൽ നേരത്തെ ഒരു ഫോറും നേടിയിരുന്ന അശുതോഷ് അപകടകാരിയായി മാറുകയായിരുന്നു. ചെന്നൈയുടെ കൈയിൽ നിന്ന് കളി വഴുതുന്നു എന്ന് തോന്നിയ നിമിഷം സഞ്ജു സാംസൺ നൂറിന് അടുത്തേക്ക് നടന്നുചെന്നു.

പന്തിന്റെ വേഗത കുറച്ച് അല്പം വൈഡ് ആയി എറിയാനായിരുന്നു (Off-tempo wide delivery) സഞ്ജുവിന്റെ ഉപദേശം. തന്റെ വിക്കറ്റ് കീപ്പർ പറഞ്ഞത് നൂർ അക്ഷരംപ്രതി അനുസരിച്ചു.
14.5: കുരുക്കിൽ വീണ് അശുതോഷ്!
അടുത്ത പന്തിൽ (14.5) നൂർ പന്ത് അല്പം ഉയർത്തി ഓഫ് സ്റ്റമ്പിന് വെളിയിലായി എറിഞ്ഞു. സഞ്ജുവിന്റെ ഉപദേശം അനുസരിച്ചുള്ള ആ പന്തിൽ അശുതോഷ് വീണ്ടും വലിയ ഷോട്ടിന് മുതിർന്നു. ഇൻസൈഡ്-ഔട്ട് ഷോട്ടിന് ശ്രമിച്ച അശുതോഷിന് പന്തിൽ കൃത്യമായി കണക്ട് ചെയ്യാൻ സാധിച്ചില്ല. പന്ത് നേരെ ഡീപ്പ് പോയിന്റിൽ നിന്നിരുന്ന കാംബോജിന്റെ കൈകളിൽ ഭദ്രമായി ഒതുങ്ങി. 10 പന്തിൽ 19 റൺസുമായി നിന്ന അശുതോഷിനെ പുറത്താക്കിയതോടെ സിഎസ്കെ മത്സരത്തിൽ ആധിപത്യം ഉറപ്പിച്ചു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈയ്ക്കായി വെറും 56 പന്തുകളിൽ നിന്നും 115 റൺസ് നേടിക്കൊണ്ട് സഞ്ജു കരുത്ത് കാട്ടിയിരുന്നു. 15 ഫോറുകളും 4 സിക്സുകളും അടങ്ങിയ ഈ ഇന്നിങ്സിൽ സഞ്ജു ബാറ്റ് ചെയ്തത് 205 എന്ന കൂറ്റൻ സ്ട്രൈക്ക് റേറ്റോടെയായിരുന്നു. ഫ്രാഞ്ചൈസി മാറിയതിന് ശേഷം തുടർച്ചയായ മൂന്ന് മത്സരങ്ങൾ പരാജയപ്പെട്ട സഞ്ജുവിന് ഇതൊരു അഗ്നി പരീക്ഷ തന്നെയായിരുന്നു. എന്നാൽ, അഗ്നിശുദ്ധി വരുത്തി ചെന്നൈ ആരാധകരെക്കൊണ്ട് വിസിൽ അടിപ്പിച്ചിരിക്കുകയാണ് അവരുടെ ചേട്ടൻ.
സഞ്ജുവിന്റെ ഈ നീക്കത്തെ 'മാസ്റ്റർ ക്ലാസ്' എന്നാണ് ക്രിക്കറ്റ് നിരീക്ഷകർ വിശേഷിപ്പിച്ചത്. സമ്മർദ്ദഘട്ടങ്ങളിൽ ബൗളർമാർക്ക് കൃത്യമായ ഉപദേശം നൽകി കളി തിരിച്ചുപിടിക്കുന്ന സഞ്ജുവിന്റെ നായകമികവ് ചെന്നൈ ആരാധകർക്ക് വലിയ ആവേശം നൽകിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications