നാവടക്കൂ പണിയെടുക്കൂ കോലീ... അതെ അത് തന്നെയാണ് വേണ്ടത്!
176 റണ്‍സ് മതിയായിരുന്നു ഇന്ത്യയ്ക്ക് ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റ് ജയിക്കാന്‍. എന്നാല്‍ വെറും 112 റണ്‍സിന് ഇന്ത്യന്‍ ബാറ്റിംഗ് നിര കൂടാരം കയറി. ഫലം 63 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി. ടെസ്റ്റില്‍ 63 റണ്‍സ് ഒന്നും ഒരു മാര്‍ജിന്‍ അല്ലെങ്കിലും ഈ കളി തോറ്റ രീതി ഇന്ത്യന്‍ ക്രിക്കറ്റിനെ കുറേക്കാലം പിടിച്ചുലക്കും എന്നത് തീര്‍ച്ച.
ഗാവസ്‌കറിനെ പോലുള്ള സീനിയര്‍ താരങ്ങള്‍ പറയുന്നത് ശരിയാണ്. അഗ്രസീവ് ക്രിക്കറ്റ്, ഡിഫന്‍സീവ് ക്രിക്കറ്റ് പോലുള്ള ചര്‍ച്ചകള്‍ നടത്തിയിട്ട് കാര്യമില്ല, കളിക്കളത്തില്‍ അത് പ്രാവര്‍ത്തികമാക്കുകയാണ് വേണ്ടത്. കളി തോറ്റ ശേഷം അങ്ങനെ കളിച്ചിരുന്നെങ്കില്‍ ജയിക്കാമായിരുന്നു അല്ലെങ്കില്‍ ഇങ്ങനെ കളിച്ചിരുന്നെങ്കില്‍ ജയിക്കാമായിരുന്നു എന്നൊന്നും പറയുന്നതില്‍ അര്‍ഥമില്ല.
എന്നാലും ഇത്തരത്തിലുള്ള വിശകലനങ്ങളാണ് കളിയുടെ ആ ഒരിത് എന്നത് കൊണ്ടുമാത്രം, എവിടെയാണ് ഇന്ത്യയ്ക്ക് പിഴച്ചത്. കാണൂ...

അഗ്രസീവല്ല ഇത് പ്രതിരോധം
176 റണ്‍സിന്റെ ചെറിയ ടോട്ടല്‍ നേടാനായി ഇറങ്ങിയ ഇന്ത്യ ഒരിക്കല്‍ പോലും അഗ്രസീവ് ആയി കളിച്ചില്ല. അഗ്രസീവ് ക്രിക്കറ്റിന് വേണ്ടി വാദിക്കുന്ന ക്യാപ്റ്റന്‍ വിരാട് കോലി പോലും പോസിറ്റീവ് ആയി ഒരു ഷോട്ട് കളിക്കാന്‍ ശ്രമിച്ചില്ല. ഫലമോ ആക്രമിച്ച് പന്തെറിയാന്‍ ലങ്കന്‍ സ്പിന്നര്‍മാര്‍ക്ക് അവസരം കിട്ടി.

രോഹിത് ഇനിയെത്ര നാള്‍
ക്യാപ്റ്റന്‍ കോലിയുടെയും ടീം മാനേജ്‌മെന്റിന്റെയും മൂന്നാം നമ്പര്‍ പരീക്ഷണമായ രോഹിത് ശര്‍മ അമ്പേ പരാജയമായിപ്പോയി. രണ്ടാം ഇന്നിംഗ്‌സില്‍ രംഗണ ഹെറാതിന്റെ രോഹിത് ക്ലീന്‍ ബൗള്‍ഡായത് കണ്ടാല്‍ ഇനി അടുത്ത കാലത്തൊന്നും ഇയാള്‍ ടെസ്റ്റ് കളിക്കാന്‍ പാടില്ല എന്നേ തോന്നൂ. മിഡില്‍ സ്റ്റംബില്‍ പിച്ച് ചെയ്ത പന്തില്‍ വിക്കറ്റുകളെല്ലാം കാണിച്ച്, കാലുകള്‍ ഒളിപ്പിച്ച് ഒരു വീക്ക് ഡിഫന്‍സീവായിരുന്നു രോഹിത് കളിച്ചത്. പന്ത് ഓഫ് സ്റ്റംപും കൊണ്ട് പോയി.

എവിടെ ചേതേശ്വര്‍ പൂജാര
മൂന്നാം നമ്പറില്‍ ഇന്ന് ഇന്ത്യയ്ക്ക് കിട്ടാവുന്ന ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പൂജാരയാണ്. അല്ലെങ്കില്‍ കോലിയോ രഹാനെയോ വരണം. ടീമില്‍ ഉണ്ടായിട്ടും പൂജാരയെ കളിപ്പിക്കാത്തതിന് കോലി വലിയ വില കൊടുക്കേണ്ടി വന്നു എന്നാണ് ഒന്നാം ടെസ്റ്റിലെ തോല്‍വി തെളിയിക്കുന്നത്.

രണ്ട് പേര്‍ മാറണം
ഫോമിലില്ലാത്ത രാഹുലിന് പകരം ഓപ്പണറായി മുരളി വിജയ് തന്നെ എത്തണം. പരിക്ക് മാറി വിജയ് വന്നേക്കും. ഒരു ഉപകാരവും ഇല്ലാതായിപ്പോയ ഹര്‍ഭജന്‍ സിംഗിന് പകരം ഒരു ബാറ്റ്‌സ്മാനോ ഓള്‍റൗണ്ടറോ വരണം. സ്റ്റുവര്‍ട്ട് ബിന്നിയെ പതിനാറാമനായി ടീമിനൊപ്പം അയച്ചത് ഇതിന് വേണ്ടിയാകും എന്ന് കരുതാം.

ചാന്ദിമല്‍ കളിച്ചത് കളി
വെറുതെ പ്രതിരോധിച്ച് നില്‍ക്കാതെ പറ്റും പോലെ സ്‌കോര്‍ ചെയ്യാനായിരുന്നു ദിനേശ് ചാന്ദിമലിന്റെ ശ്രമം. എന്നിട്ടും ഇന്ത്യയുടെ ഒരു ബാറ്റ്‌സ്മാന്‍ പോലും ഈ കളി കളിക്കാന്‍ ശ്രമിച്ചില്ല. ഇന്ത്യയുടെ ബൗളര്‍മാരെ അപ്പാടെ പ്രതിരോധത്തിലാക്കിക്കളഞ്ഞു ചാന്ദിമിലിന്റെ ബാറ്റിംഗ്.

ഹെറാത്ത് മുത്തായി
രംഗണ ഹെറാത്തിനെ ശ്രദ്ധിച്ച് കളിക്കാന്‍ ആര്‍ക്കും പറ്റിയില്ല. സേവാഗിന്റെ കളി കണ്ടുപഠിക്കും എന്ന് പറഞ്ഞ് പോയ കോലിയും കൂട്ടരും ഹെറാത്തിന്റെ കൃത്യതയ്ക്ക് മുന്നിലാണ് പത്തി മടക്കിയത്.

വിനയായത് അമിത പ്രതിരോധം
അമിത പ്രതിരോധമാണ് ഇന്ത്യയ്ക്ക് വിനയായത്. ആക്രമണകാരിയായ ശിഖര്‍ ധവാന്‍ ഒന്നാമത്തെ റണ്‍സെടുത്തത് നേരിട്ട മുപ്പത്താറാം പന്തില്‍. ഇഷ്ടം പോലെ സമയം ഉണ്ടായിരുന്നു എന്ന് പറയാം. പക്ഷേ ഇന്ത്യയുടെ അമിത പ്രതിരോധമാണ് ആക്രമിക്കാനുള്ള ആത്മവിശ്വാസം ലങ്കയ്ക്ക് കൊടുത്തത്. ഇത്ര കഷ്ടപ്പെട്ട് മുട്ടിക്കളിച്ചിട്ടും 50 ഓവര്‍ പോലും തികച്ച് ബാറ്റ് ചെയ്യാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications