ഐപിഎൽ 2026-ൽ പഞ്ചാബ് കിംഗ്‌സിന്റെ പ്രകടനം ആരാധകരെ അങ്ങേയറ്റം നിരാശപ്പെടുത്തുന്നതാണ്. തുടക്കത്തിൽ ആദ്യ ഏഴ് മത്സരങ്ങളിൽ ആറിലും ജയത്തോടെ ആരംഭിച്ച അവർക്ക് തുടർച്ചയായ അഞ്ച് പരാജയങ്ങൾ നൽകുന്ന ആഘാദം അത്ര ചെറുതല്ല. ശ്രേയസും സംഘവും ഇത്തരത്തിൽ വിയർക്കുമ്പോൾ കോട്ടം തട്ടുന്നത് അവരുടെ പ്ലേ ഓഫ് സ്വപ്നങ്ങൾക്കുമാണ്. പോയിന്റ് പട്ടികയിൽ പിന്നിലായ പഞ്ചാബിന് ഇനിയുള്ള മത്സരങ്ങൾ ജീവൻമരണ പോരാട്ടമാണ്. ടീമിന്റെ അവസ്ഥ മെച്ചപ്പെടുത്താൻ താഴെ പറയുന്ന മേഖലകളിൽ ഉടൻ മാറ്റം വരുത്തേണ്ടതുണ്ട്:
1. ഫീൽഡിംഗിലെ അലസത അവസാനിപ്പിക്കുക
പഞ്ചാബ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മോശം ഫീൽഡിംഗാണ്. മിക്ക മത്സരങ്ങളിലും ലളിതമായ ക്യാച്ചുകൾ കൈവിടുന്നത് ടീമിന് നേരിട്ട് തോൽവി സമ്മാനിക്കുന്നു. 'ക്യാച്ചസ് വിൻ മാച്ചസ്' എന്ന തത്വം പഞ്ചാബ് മറക്കരുത്. ഫീൽഡിംഗിൽ കാണിക്കുന്ന അശ്രദ്ധ ടീമിനെ മൊത്തത്തിൽ ബാധിക്കുന്ന ഒരു വൈറസ് പോലെ പടരുകയാണ്. ഇതിനെതിരെ ഹെഡ് കോച്ച് റിക്കി പോണ്ടിങ് തന്നെ പല തവണ രംഗത്ത് വന്നിട്ടുള്ളതാണ്.

2. ശശാങ്ക് സിംഗിനെ പുനർചിന്തിക്കുക
ബാറ്റിംഗിലും ഫീൽഡിംഗിലും ഒരേപോലെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ശശാങ്ക് സിംഗ് കാഴ്ചവെക്കുന്നത്. നിർണ്ണായക നിമിഷങ്ങളിൽ ക്യാച്ചുകൾ കൈവിടുന്നതും സ്ഥിരതയില്ലാത്ത ബാറ്റിംഗും ടീമിന് ഭാരമാകുന്നു. ഇദ്ദേഹത്തിന് പകരം കൂടുതൽ മികച്ച ഓപ്ഷനുകൾ തേടാൻ മാനേജ്‌മെന്റ് തയ്യാറാകണം.
3. ശ്രേയസ് അയ്യറുടെ നായകമികവ്
ക്യാപ്റ്റൻ എന്ന നിലയിൽ ശ്രേയസ് അയ്യറുടെ തന്ത്രപരമായ നീക്കങ്ങൾ പലപ്പോഴും പാളുന്നുണ്ട്. ബൗളർമാരെ മാറ്റുന്നതിലും ഡെത്ത് ഓവറുകൾ കൈകാര്യം ചെയ്യുന്നതിലും അയ്യർ കൂടുതൽ പക്വത കാണിക്കണം. നായകൻ എന്ന നിലയിൽ ഫീൽഡിൽ കൂടുതൽ സജീവമാകുകയും തീരുമാനങ്ങളിൽ വ്യക്തത വരുത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
4. ചഹലിനെ 'മിസ്' ചെയ്യരുത്
ടീമിലെ ഏറ്റവും മികച്ച വിക്കറ്റ് ടേക്കറായ യുസ്‌വേന്ദ്ര ചഹലിനെ കൃത്യമായ സമയത്ത് ഉപയോഗിക്കാൻ പഞ്ചാബ് മറന്നുപോകുന്നു. പലപ്പോഴും ചഹലിന്റെ നാല് ഓവർ ക്വാട്ട പൂർത്തിയാക്കാൻ പോലും നായകൻ തയ്യാറാകുന്നില്ല. വിക്കറ്റ് വീഴ്ത്താൻ ശേഷിയുള്ള ചഹലിനെ അറ്റാക്കിംഗ് ഓപ്ഷനായി തന്നെ ഉപയോഗിക്കണം.
5. ബൗളിംഗ് യൂണിറ്റിലെ മാറ്റങ്ങൾ
സീസണിന്റെ തുടക്കം മുതൽ ബൗളിംഗിൽ പഞ്ചാബ് ഒട്ടും സ്ഥിരത പുലർത്തുന്നില്ല. ബൗളിംഗ് കോമ്പിനേഷനുകളിൽ അടിയന്തരമായി അഴിച്ചുപണി നടത്തണം. അർഷ്ദീപ് സിംഗിന് പിന്തുണ നൽകാൻ മറ്റു ബൗളർമാർക്ക് സാധിക്കാത്തത് തിരിച്ചടിയാണ്. കൃത്യമായ പ്ലാനിംഗോടെ ബൗളിംഗ് നിരയെ പുനർക്രമീകരിക്കണം.
6. കടുത്ത തീരുമാനങ്ങൾ എടുക്കുക
കോച്ച് റിക്കി പോണ്ടിംഗും നായകൻ ശ്രേയസ് അയ്യരും പരീക്ഷണങ്ങൾക്ക് മുതിരാതെ ധീരമായ തീരുമാനങ്ങൾ എടുക്കണം. പ്രകടനം നടത്താത്ത വമ്പൻ താരങ്ങളെ മാറ്റിനിർത്താൻ പോലും അവർ തയ്യാറാകണം. എങ്കിൽ മാത്രമേ പഞ്ചാബിന് ഈ സീസണിൽ ഇനിയൊരു തിരിച്ചുവരവ് സാധ്യമാകൂ.