ഭുവനേശ്വര്‍: ഹോക്കിയുടെ സ്വന്തം നാട്ടിലേക്ക് ലോകകപ്പ് ഹോക്കി ഒരിക്കല്‍ക്കൂടി വിരുന്നെത്തുമ്പോള്‍ ഇക്കുറി രണ്ടുംകല്‍പ്പിച്ചിറങ്ങുകയാണ് ഇന്ത്യ. സൂപ്പര്‍താരങ്ങളുടെ പ്രഭാവലയത്തിലൊതുങ്ങാതെ യുവതാരങ്ങളും പരിചയസമ്പന്നരും ഒത്തുചേര്‍ന്ന സമതുലിതമായ ടീമുമായി ഇന്ത്യ ബുധനാഴ്ച ആദ്യ മത്സരത്തിനിറങ്ങും. ഒഡീഷയിലെ ഭുവനേശ്വറില്‍ രാത്രി ഏഴു മണിക്ക് സൗത്ത് ആഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍.
ബെല്‍ജിയം, കാനഡ, ദക്ഷിണാഫ്രിക്ക എന്നിവരുള്‍പ്പെടുന്ന പൂള് സി യില്‍ ആണ് ഇന്ത്യ. അഞ്ചാം റാങ്കുകാരായ ഇന്ത്യയും പതിനഞ്ചാം റാങ്കുകാരായ ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടുമ്പോള്‍ ജയ സാധ്യത ഇന്ത്യയ്ക്കാണെങ്കിലും കടുത്ത പോരാട്ടം തന്നെയായിരിക്കും ഇന്ത്യയെ കാത്തിരിക്കുന്നത്. 1975-ല്‍ ഹോളണ്ടില്‍ നടന്ന ടൂര്‍ണമെന്റിനുശേഷം ഇന്ത്യയ്ക്ക് ലോകകപ്പ് നേടാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ അത് നേടിയെടുക്കാന്‍ പരിശീലകന് ഹരേന്ദ്ര സിങ്ങിന്റെ ശിഷ്യന്മാര് തയ്യാറെടുത്തുകഴിഞ്ഞു.
രണ്ടു വര്‍ഷം മുന്‍പ് ഇന്ത്യന്‍ ജൂനിയര്‍ ടീം ലോകകപ്പ് നേടിയപ്പോള്‍ ഹരേന്ദ്ര സിങ് ആയിരുന്നു പരിശീലകന്. എട്ടുതവണ ഒളിമ്പിക്സ് ചാമ്പ്യന്മാരായിരുന്ന ഇന്ത്യ പ്രതാപകാലത്തേക്കുള്ള തിരിച്ചുപോക്കിലാണ്. സമീപകാലത്ത് മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നതും ഇന്ത്യയ്ക്ക് നേട്ടമാകും. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയിലെ മിന്നുന്ന പ്രകടനത്തിന് തൊട്ടുപിന്നാലെയാണ് ഇന്ത്യ ലോകകപ്പിനിറങ്ങുന്നത്.
റാങ്കിങ്ങില്‍ പിന്നിലാണെങ്കിലും സൗത്ത് ആഫ്രിക്ക ആദ്യ മത്സരത്തില്‍ ഇന്ത്യയെ പരീക്ഷിക്കുമെന്നുറപ്പാണ്. വമ്പന്‍ വേദികളില്‍ പ്രമുഖരെ അട്ടിമറിച്ച പാരമ്പര്യ ദക്ഷിണാഫ്രിക്കയ്ക്കുണ്ട്. മന്‍പ്രീത് സിങ്ങാണ് ഇന്ത്യയുടെ ക്യാപ്റ്റന്‍. മലയാളിയും മുന്‍ ക്യാപ്റ്റനുമായ ശ്രീജേഷ് ആയിരിക്കും ഗോള്‍ കീപ്പര്‍. ഡിസംബര്‍ 2 ന് ബെല്‍ജിയവുമായാണ് ഇന്ത്യയുടെ രണ്ടാം മത്സരം. ഡിസംബര്‍ 8 നാണ് കാനഡയുമായുള്ള അവസാന പൂള് മത്സരം.