ടി20 ലോകകപ്പിലെ നിർണ്ണായകമായ 'വെർച്വൽ ക്വാർട്ടർ ഫൈനലിൽ' ഇന്ത്യയെ നേരിടാനൊരുങ്ങുമ്പോൾ, പഴയ ചരിത്രം ഓർമ്മിപ്പിച്ച് വെസ്റ്റ് ഇൻഡീസ് മുഖ്യ പരിശീലകൻ ഡാരൻ സമി. 2016-ൽ മുംബൈയിൽ വെച്ച് ഇന്ത്യയെ തകർത്ത് ഫൈനലിലെത്തിയ വിൻഡീസ് ചരിത്രം ആവർത്തിക്കുമെന്നാണ് സമി നൽകുന്ന മുന്നറിയിപ്പ്. ഈഡൻ ഗാർഡൻസിൽ ഇന്ന് നടക്കുന്ന പോരാട്ടത്തിൽ വിജയിക്കുന്നവർക്ക് മാത്രമേ സെമി ഫൈനൽ പ്രവേശനം സാധ്യമാകൂ.
'ദാവീദും ഗോലിയാത്തും തമ്മിലുള്ള പോരാട്ടം'
ഇന്ത്യയെ അവരുടെ മണ്ണിൽ നേരിടുന്നത് ദാവീദും ഗോലിയാത്തും തമ്മിലുള്ള പോരാട്ടം പോലെയാണെന്ന് സമി വിശേഷിപ്പിച്ചു. "ഇന്ത്യക്ക് 140 കോടി ജനങ്ങളുടെ പിന്തുണയുണ്ടാകും. മൈതാനത്ത് 80,000 ആരാധകർ അവർക്കായി ആർപ്പുവിളിക്കും. ഇത് തീർച്ചയായും വലിയൊരു വെല്ലുവിളിയാണ്. എന്നാൽ 2016-ൽ ഇതേ സാഹചര്യത്തിൽ ദാവീദ് ഗോലിയാത്തിനെ പരാജയപ്പെടുത്തിയത് എന്റെ കുട്ടികൾക്ക് ഞാൻ പറഞ്ഞുകൊടുക്കും," സമി പറഞ്ഞു. 2016-ൽ സമി നായകനായിരിക്കെയാണ് ഇന്ത്യയെ സെമിയിൽ തോൽപ്പിച്ച് വിൻഡീസ് കിരീടം ചൂടിയത്.

ബാറ്റിംഗ് ഡെപ്തും ഹെറ്റ്‌മെയറുടെ ഫോമും
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 83-ന് 7 എന്ന നിലയിൽ നിന്ന് 176 റൺസ് വരെ എത്തിയ വിൻഡീസിന്റെ പോരാട്ടവീര്യം ഇന്ത്യ ഗൗരവത്തോടെ കാണേണ്ടതുണ്ട്. ജേസൺ ഹോൾഡർ, റൊമാരിയോ ഷെപ്പേർഡ് എന്നിവർ താഴെ ഇറങ്ങി റൺസ് അടിച്ചുകൂട്ടുന്നത് ടീമിന് ആത്മവിശ്വാസം നൽകുന്നു. കൂടാതെ, ടൂർണമെന്റിൽ തകർപ്പൻ ഫോമിലുള്ള ഷിംറോൺ ഹെറ്റ്‌മെയറിലാണ് സമിയുടെ പ്രതീക്ഷകൾ. ആറ് ഇന്നിംഗ്‌സുകളിൽ നിന്ന് 182 സ്ട്രൈക്ക് റേറ്റിൽ 221 റൺസാണ് ഹെറ്റ്‌മെയർ ഇതുവരെ നേടിയത്.
സെമി ഫൈനലിലേക്ക് ആര്?
"ഈ ടൂർണമെന്റ് വിജയിക്കണമെങ്കിൽ നിങ്ങൾ ഏത് ഘട്ടത്തിലും ഇന്ത്യയെ നേരിടേണ്ടി വരും. ഞങ്ങൾക്ക് ആ ദിവസം ഇന്നാണ്," സമി വ്യക്തമാക്കി. പ്ലാനിംഗിനേക്കാൾ ഉപരി മൈതാനത്തെ പ്രകടനത്തിനാണ് (Execution) പ്രാധാന്യമെന്നും വിൻഡീസ് താരങ്ങൾ യുദ്ധത്തിന് തയ്യാറായിക്കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമി കിരീടമുയർത്തിയ അതേ ഈഡൻ ഗാർഡൻസിൽ ഇന്ന് ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങൾ വിൻഡീസ് തകർക്കുമോ അതോ 2016-ലെ പക സൂര്യകുമാറും സംഘവും വീട്ടുമോ എന്ന് കാത്തിരുന്നു കാണാം.
കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ഇന്ന് നടക്കുന്നത് ടി20 ലോകകപ്പിലെ വിധിനിർണ്ണായകമായ 'വെർച്വൽ ക്വാർട്ടർ ഫൈനലാണ്'. ഗ്രൂപ്പ് 1-ൽ നിന്ന് ദക്ഷിണാഫ്രിക്ക സെമി ഉറപ്പിച്ച സാഹചര്യത്തിൽ, ഇന്ന് ജയിക്കുന്നവർക്ക് മാത്രമേ സെമി ബെർത്ത് ലഭിക്കൂ. തുടക്കം മുതൽ ഒടുക്കം വരെയുള്ള എല്ലാവരും ഫോം കണ്ടെത്തി എന്നുള്ളതാണ് ഇരു ടീമുകളെയും അത്രമേൽ അപകടകാരികളാക്കുന്നത്ോ. വരുൺ ചക്രവർത്തിയുടെയും അക്സർ പട്ടേലിന്റെയും സ്പിൻ മന്ത്രങ്ങൾ വിൻഡീസ് മധ്യനിരയെ പൂട്ടാൻ ഇന്ത്യയ്ക്ക് അനിവാര്യമാണ്. ടോസ് നേടുന്നവർക്ക് രണ്ടാമത് ബാറ്റ് ചെയ്യുമ്പോൾ 'ഡ്യൂ' (Dew) ഫാക്ടർ ഗുണകരമാകാൻ സാധ്യതയുള്ളതിനാൽ, ഈഡൻ ഗാർഡൻസിലെ റൺമലയിൽ ആര് അവസാന ചിരി ചിരിക്കുമെന്ന് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നു.