സെന്റ് കിറ്റ്സ്: വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനുമായുള്ള ദ്വിദിന വാംഅപ്പ് മത്സരം ഇന്ത്യയ്ക്കും ക്യാപ്റ്റന്‍ വിരാട് കോലിക്കും അത്ര നല്ല സൂചനകളല്ല നല്‍കുന്നത്. ഈ മാസം 21 ന് ഒന്നാം ടെസ്റ്റ് തുടങ്ങുന്നതിന് മുമ്പേ പരിഹരിക്കപ്പെടാന്‍ ഇന്ത്യന്‍ ടീമില്‍ പ്രശ്‌നങ്ങളുണ്ട് എന്നാണ് സന്നാഹ മത്സരം സൂചിപ്പിക്കുന്നത്. കോച്ചായി ചുമതലയേറ്റ ശേഷമുള്ള അനില്‍ കുംബ്ലെയുടെ ആദ്യത്തെ വെല്ലുവിളി കൂടിയാണ് ഈ വെസ്റ്റ് ഇന്‍ഡീസ് പര്യടനം.
ബൗളിംഗിലെ പോരായ്മകളാണ് കുറച്ചുകാലമായി ഇന്ത്യയുടെ ഒന്നാമത്തേയും ഏറ്റവും വലുതുമായ തലവേദന. പ്രത്യേകിച്ചും ടെസ്റ്റ് മത്സരങ്ങളില്‍. ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റുകളില്‍ സ്പിന്നര്‍മാരുടെ മികവില്‍ കാര്യങ്ങള്‍ ഒപ്പിച്ചുപോകുമെങ്കിലും വിദേശത്തെത്തിയാല്‍ പ്രശ്‌നം രൂക്ഷമാകും. ഇന്ത്യന്‍ ഫാസ്റ്റ് ബൗളിംഗിന്റെ മൂര്‍ച്ചയില്ലായ്മയാണ് ഒന്നാം പരിശീലന മത്സരത്തില്‍ സെന്റ് കിറ്റ്‌സില്‍ കണ്ടത്.

ഇന്ത്യന്‍ ഫാസ്റ്റ് ബൗളിംഗിന് നായകനാകുമെന്ന് അനില്‍ കുംബ്ലെ വിശേഷിപ്പിച്ച ഇഷാന്ത് ശര്‍മയ്ക്ക് 13 ഓവറുകള്‍ എറിഞ്ഞിട്ടും ഒരു വിക്കറ്റ് പോലും വീഴ്ത്താന്‍ പറ്റിയില്ല. ആകെ എറിഞ്ഞത് രണ്ട് മെയ്ഡന്‍. 48 റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്തു. ഉമേഷ് യാദവ്, ഭുവനേശ്വര്‍, ഷമി എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തിയെങ്കിലും വിന്‍ഡീസ് ബാറ്റിംഗ് നിരയ്ക്ക് ഭീഷണിയാകാന്‍ പറ്റിയില്ല. 4 വിക്കറ്റുകളുമായി ലെഗ് സ്പിന്നര്‍ അമിത് മിശ്ര മാത്രമാണ് തിളങ്ങിയത്.
ഓപ്പണര്‍മാരായ കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍ എന്നിവര്‍ അര്‍ധസെഞ്ചുറികള്‍ നേടിയത് ഇന്ത്യയ്ക്ക് ആശ്വാസമാണ്. പ്രത്യേകിച്ചും ധവാന്‍. മധ്യനിരയില്‍ രോഹിത് ശര്‍മയും മികച്ച പ്രകടനം തന്നെ പുറത്തെടുത്തു. എന്നാല്‍ ക്യാപ്റ്റന്‍ വിരാട് കോലി, അജിന്‍ക്യ രഹാനെ എന്നിവരുടെ ബാറ്റിംഗ് ആശാസ്യമല്ല. കോലി 14 റണ്‍സിന് പുറത്തായപ്പോള്‍ രഹാനെയ്ക്ക് കിട്ടിയത് വെറും 5 റണ്‍സാണ്.