മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടമില്ലെങ്കിലും വെടിക്കെട്ട് താരങ്ങളായ വീരേന്ദര്‍ സേവാഗിനും യുവരാജ് സിംഗിനും വിലയിടിയുന്നില്ല. ഏറ്റവും കൂടുതല്‍ ബേസ് പ്രൈസ് വിലയുള്ള താരങ്ങളുടെ പട്ടികയിലാണ് വീരുവും യുവിയും ഇടം പിടിച്ചിട്ടുള്ളത്. ദിനേശ് കാര്‍ത്തിക്, മിച്ചല്‍ ജോണ്‍സണ്‍, മൈക് ഹസി എന്നിങ്ങനെ 31 കളിക്കാരാണ് രണ്ട് കോടി പട്ടികയിലുള്ളത്.
ഇന്ത്യയില്‍ നിന്നും പതിനൊന്നും ഓസ്‌ട്രേലിയയില്‍ നിന്നും പത്തും കളിക്കാര്‍ രണ്ട് കോടിയുടെ പട്ടികയിലുണ്ട്. പ്രവീണ്‍ കുമാര്‍, പ്രഗ്യാന്‍ ഓജ, ആശിശ് നെഹ്‌റ, അമിത് മിശ്ര, യൂസഫ് പത്താന്‍, റോബിന്‍ ഉത്തപ്പ, മനോജ് തീവാരി, ജോര്‍ജ് ബെയ്‌ലി, ബ്രാഡ് ഹാഡിന്‍, ബ്രാഡ് ഹോഡ്ജ്, ബ്രെറ്റ് ലീ, കെവിന്‍ പീറ്റേഴ്‌സന്‍, ബ്രണ്ടന്‍ മക്കുല്ലം, ദില്‍ഷന്‍, കല്ലിസ് എന്നിങ്ങനെ പോരുന്നു ഈ പട്ടികയിലെ പ്രമുഖരുടെ നിര.

രണ്ട് കോടി രൂപ ഉയര്‍ന്ന ബേസ് പ്രൈസായും 30 ലക്ഷം രൂപ മിനിമം ബേസ് പ്രൈസായും നിശ്ചയിച്ചിട്ടുണ്ട്. ഫെബ്രുവരി 12, 13 തീയതികളില്‍ ബാംഗ്ലൂരിലാണ് ഐ പി എല്ലിന്റെ ഏഴാം സീസണ് വേണ്ടിയുള്ള താരലേലം നടക്കുക. 233 കളിക്കാരാണ് ലേലത്തില്‍ ഉള്‍പ്പെടുക. 46 ഇന്ത്യന്‍ ദേശീയ കളിക്കാരും ഓസ്‌ട്രേലിയന്‍ താരങ്ങളും ലേലത്തില്‍ പങ്കെടുക്കും.
അതേസമയം ഐ പി എല്ലിന്റെ ഏഴാം സീസണിലും പാകിസ്താനില്‍ നിന്നും കളിക്കാര്‍ ഉണ്ടാകില്ല. ലേലത്തിനുള്ള 233 കളിക്കാരുടെ പട്ടികയില്‍ ഒരു പാക് താരം പോലും ഇടം പിടിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷവും പാക് താരങ്ങളെ ഐ പി എല്ലില്‍ ലേലത്തിന് ഉള്‍പ്പെടുത്തിയിരുന്നില്ല.