കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ ഇതിഹാസ പേസറാണ് ഷുഹൈബ് അക്തര്‍. അതിവേഗത്തില്‍ പന്തെറിയുന്ന അക്തര്‍ ഒരു കാലഘട്ടത്തില്‍ ബാറ്റ്‌സ്മാന്‍മാരുടെ പേടി സ്വപ്‌നമായിരുന്നു. ഇന്നും ക്രിക്കറ്റിലെ വേഗമേറിയ പന്തിനുടമയാണ് അക്തര്‍. അതിവേഗത്തിലുള്ള ബൗളിങ്ങുകൊണ്ടാണ് അക്തറിനെ റാവല്‍പിണ്ടി എക്‌സ്പ്രസെന്ന വിശേഷണം ക്രിക്കറ്റ് ലോകം ചാര്‍ത്തിക്കൊടുത്തത്.
ഇന്ത്യക്കെതിരായ മത്സരങ്ങളില്‍ അക്തറിന്റെ ബൗളിങ് എപ്പോഴും ശ്രദ്ധേയമായിരുന്നു. അക്തറുമായി നേര്‍ക്കുനേര്‍ എത്തുമ്പോള്‍ എല്ലാവരും ഭയപ്പെട്ടിരുന്നുവേണം പറയാന്‍. ലോക ക്രിക്കറ്റ് ഇതിഹാസമായ സച്ചിന്‍ ടെണ്ടുല്‍ക്കറുമായി സച്ചിന്‍ പല തവണ നേര്‍ക്കുനേര്‍ എത്തിയിട്ടുണ്ട്. പല തവണ അക്തറിനെ സച്ചിന്‍ അടിച്ചുപറത്തിയപ്പോള്‍ പലവട്ടം അക്തറിന് മുന്നില്‍ സച്ചിന്‍ വീണിട്ടുമുണ്ട്.

ഇപ്പോഴിതാ സച്ചിനെതിരേ പന്തെറിഞ്ഞപ്പോള്‍ ഭയപ്പെട്ടിരുന്ന കാര്യം എന്താണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ പാക് സൂപ്പര്‍ പേസര്‍. സച്ചിന് തന്റെ പന്തില്‍ പരിക്കേറ്റാല്‍ അജീവനാന്തം ഇന്ത്യന്‍ വിസ ലഭിക്കില്ലേയെന്ന് ഭയപ്പെട്ടിരുന്നുവെന്നാണ് അക്തര്‍ പറഞ്ഞത്. 'സാധാരണപോലെ പന്തെറിയുന്നതില്‍ നിന്നും അല്‍പ്പം വ്യത്യസ്ത പുലര്‍ത്താന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് തന്നെ സച്ചിനെതിരേ ഞാന്‍ ലിഫ്റ്റുകള്‍ക്ക് ശ്രമിച്ചു. വെറുതെ ഒരു രസം.
ഒരു തവണ സച്ചിനെതിരേ ലിഫ്റ്റിന് ശ്രമിച്ചപ്പോള്‍ പന്ത് കൈയില്‍ നിന്ന് വഴുതിപ്പോയി. സച്ചിന്‍ നിലത്തുവീണു. ഞാന്‍ മരിച്ചുവെന്നാണ് എന്റെ മനസില്‍ തോന്നിയത്. സച്ചിന് പരിക്കേല്‍ക്കുകയോ കളിക്കാന്‍ സാധിക്കാതെ വരികയോ ചെയ്താല്‍ ഇന്ത്യന്‍ വിസ ആജീവനാന്തം ലഭിക്കില്ലേയെന്ന് ഭയപ്പെട്ടു. സച്ചിന് പരിക്കേറ്റാല്‍ ചിലപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ എന്നെ ഇന്ത്യയില്‍ കാല് കുത്താന്‍ അനുവദിച്ചേക്കില്ല'-അക്തര്‍ പറഞ്ഞു.
അക്തറിന്റെ അതിവേഗ ബൗണ്‍സറുകള്‍ പല തവണ സച്ചിനെയും പ്രയാസപ്പെടുത്തിയിട്ടുണ്ട്. പല തവണ പുള്‍ ഷോട്ടിലൂടെ അതിര്‍ത്തികടത്തിയപ്പോള്‍ ചില തവണ ശരീരത്ത് തട്ടി പരിക്കേല്‍ക്കുന്ന സാഹചര്യവും ഉണ്ടായി. നേരിടാന്‍ വളരെ പ്രയാസമുള്ള ബൗളറായിരുന്നു അക്തറെന്നതില്‍ ആര്‍ക്കും സംശയമില്ല. അക്തറിന്റെ മനപ്പൂര്‍വമെന്ന് തോന്നിക്കുന്ന പന്തില്‍ സച്ചിന് പരിക്കേറ്റാല്‍ വലിയ പ്രതിഷേധം നേരിടേണ്ടി വരുമെന്ന് അക്തറിന് അറിയാമായിരുന്നു. കാരണം അത്രത്തോളം ക്രിക്കറ്റിനെയും ഇന്ത്യന്‍ കായിക ലോകത്തെയും സ്വാധീനിച്ച താരമാണ് സച്ചിന്‍.
'സച്ചിന്‍ പന്തുകൊണ്ട് നിലത്തുവീണപ്പോള്‍ ശരിക്കും ഭയന്നു. ഹര്‍ഭജന്‍ സിങ്ങും യുവരാജ് സിങ്ങും എന്താണ് ഞാന്‍ ചെയ്യുന്നതെന്ന് എന്നോട് ചോദിക്കുകയും ചെയ്തു. ഞാന്‍ അറിഞ്ഞുകൊണ്ട് ചെയ്തതല്ലെന്നും അറിയാതെ സംഭവിച്ചതാണെന്നും ഞാന്‍ അവരോട് പറയുകയും ചെയ്തു. സച്ചിനെ കെട്ടിപ്പിടിച്ച് എന്തെങ്കിലും പറ്റിയോയെന്ന് ഞാന്‍ ചോദിച്ചു. ഭാഗ്യത്തിന് അദ്ദേഹം പറഞ്ഞു കുഴപ്പമില്ല. എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ അതെന്നെ വലിയ കുഴപ്പത്തിലാക്കുമായിരുന്നെന്ന് ഞാന്‍ പറഞ്ഞു. പ്രത്യേകിച്ച് മാധ്യമങ്ങളും ഇന്ത്യന്‍ ആരാധകരും. പിന്നീട് അദ്ദേഹം ഞങ്ങളെയെല്ലാം നന്നായി പ്രഹരിച്ചപ്പോള്‍ സച്ചിന് പരിക്കേറ്റാല്‍ മതിയായിരുന്നുവെന്ന് ആഗ്രഹിച്ചു'-അക്തര്‍ പറഞ്ഞു.
അക്തറിന്റെ തുടക്കകാലത്ത് സച്ചിനെ വെല്ലുവിളിച്ചിരുന്നെങ്കിലും സച്ചിന്റെ പ്രകടനമികവുകണ്ട് അക്തര്‍ തന്നെ അദ്ദേഹത്തിന്റെ മികവിനെ അംഗീകരിക്കുകയാണ് ചെയ്തത്. ഒരു തവണ വീരേന്ദര്‍ സെവാഗിനെ ബൗണ്‍സര്‍ എറിഞ്ഞ് ഭയപ്പെടുത്താന്‍ അക്തര്‍ ശ്രമിച്ചപ്പോള്‍ ഇതേ ബോള്‍ സച്ചിനെതിരേ എറിയാന്‍ സെവാഗ് അക്തറെ വെല്ലുവിളിച്ചു. അക്തര്‍ സച്ചിനെതിരേ ബൗണ്‍സര്‍ എറിഞ്ഞപ്പോള്‍ സച്ചിന്‍ സിക്‌സര്‍ നേടുകയാണ് ചെയ്തത്. ക്രിക്കറ്റ് ആരാധകര്‍ക്ക് മറക്കാനാവാത്ത സംഭവമാണിത്.
ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ എത്തുന്ന മത്സരങ്ങള്‍ക്ക് പ്രത്യേക ആവേശമുണ്ട്. അതുകൊണ്ട് തന്നെ ഏതു വിധേനയും ജയിക്കാനുള്ള ശ്രമത്തിലാണ് ഇരു ടീമിന്റെയും താരങ്ങള്‍ കളത്തിലിറങ്ങുന്നത്. ഇത് പല തര വാക് പോരാട്ടങ്ങളിലേക്കും എത്തിക്കാറുമുണ്ട്. ഒട്ടുമിക്ക പ്രധാന മത്സരങ്ങളിലും പാകിസ്താനെ ഇന്ത്യ തോല്‍പ്പിച്ചിരുന്നു. ഈ വര്‍ഷം നടന്ന ടി20 ലോകകപ്പിലാണ് ആദ്യമായി ഇന്ത്യയെ ലോകകപ്പില്‍ തോല്‍പ്പിക്കാന്‍ പാകിസ്താന് സാധിച്ചത്.