കടുവയെ കിടുവ പിടിക്കുക എന്ന് കേട്ടിട്ടല്ലേ ഉള്ളൂ... ഇതാ ഐ പി എല്‍ ക്രിക്കറ്റിനിടെ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ ഇത്തരമൊരു സംഭവം. സ്ത്രീകളെ കമന്റടിക്കുകയും നാണിപ്പിക്കുകയും ചെയ്യുന്നതില്‍ വിരുതനായ സാക്ഷാല്‍ ക്രിസ് ഗെയ്‌ലിനോട്, എനിക്കൊപ്പം ഡേറ്റിംഗിന് താല്‍പര്യമുണ്ടോ എന്ന് ചോദിച്ചാണ് ഒരു യുവതി ഞെട്ടിച്ചത്. അതും ഒരു ഇന്ത്യക്കാരി.
ആരോഹി എന്ന ട്വിറ്റര്‍ ഐ ഡിയാണ് വെസ്റ്റ് ഇന്‍ഡീസിന്റെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്‌ലിനെ ക്ഷണിച്ച് ആളുകളെ ഞെട്ടിച്ചത്. എന്റെ ഹൃദയം മിടിക്കുന്നത് നിനക്ക് വേണ്ടി മാത്രമാണ് എന്നായിരുന്നു ആരോഹി ഗെയ്‌ലിനെ ടാഗ് ചെയ്ത് പറഞ്ഞത്. നമുക്കൊരു ഡേറ്റിന് പോയാലോ എന്നും ആരോഹി ചോദിച്ചു. എന്തായിരിക്കും ഗെയ്‌ലിന്റെ ഉത്തരം എന്നറിയാനായി ഇതോടെ ആളുകളുടെ ആകാംക്ഷ.

ബില്ല് നിങ്ങള്‍ കൊടുക്കുമെങ്കില്‍ പോകാം, ഷുവര്‍ എന്നായിരുന്നു ക്രിസ് ഗെയ്ല്‍ ആരോഹിക്ക് നല്‍കിയ മറുപടി. എന്നാല്‍ ഗെയ്‌ലിന്റെ മനസ്സില്‍ പൊട്ടിയ ലഡ്ഡു ആരോഹിയുടെ അടുത്ത മറുപടി കിട്ടിയതോടെ ആവിയായിപ്പോയി. ബില്ലൊക്കെ ഞാന്‍ കൊടുക്കാം പക്ഷേ ഒരു കണ്ടീഷനുണ്ട് - ഇതായിരുന്നു മറുപടി. അടുത്ത ഐ പി എല്‍ മത്സരത്തില്‍ ഒരു സെഞ്ചുറി അടിക്കണം എന്നായിരുന്നു ആ കണ്ടീഷന്‍.
ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന് വേണ്ടി ഐ പി എല്‍ കളിക്കുന്ന ക്രിസ് ഗെയ്ല്‍ ഈ സീസണില്‍ തികഞ്ഞ പരാജയമാണ്. മൂന്ന് മത്സരങ്ങളില്‍ നിന്നായി വെറും 8 റണ്‍സ് മാത്രമാണ് ഗെയ്‌ലിന്റെ ഇതുവരെയുള്ള സമ്പാദ്യം. ഭാര്യ പ്രസവിച്ചതിനാല്‍ നാട്ടിലേക്ക് പോയ ഗെയ്‌ലിന് രണ്ട് മത്സരങ്ങള്‍ നഷ്ടപ്പെട്ടു. തിരിച്ചെത്തിയ ഗെയ്‌ലിനെ അടുത്ത കളിയില്‍ കോലി ടീമില്‍ ഉള്‍പ്പെടുത്തിയതുമില്ല.