കൊല്‍ക്കത്ത: സിംബാബ്വെയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ഓള് റൗണ്ടര്‍ ഹീത്ത് സ്ട്രീക്ക് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ബൗളിങ് കോച്ച് ആയാണ് സ്ട്രീക്കിന്റെ വരവ്. ചെന്നൈ സൂപ്പര്‍ കിങ്സിലേക്ക് കൂടുമാറിയ ലക്ഷ്മിപതി ബാലാജിക്ക് പകരക്കാരനായി സ്ട്രീക്ക് കൊല്‍ക്കത്തയിലെത്തുമെന്ന് ക്ലബ്ബ് വൃത്തങ്ങള്‍ അറിയിച്ചു.
ഗുജറാത്ത് ലയണ്‍സില്‍ സ്ട്രീക്ക് നേരത്തെ ഇതേ ജോലിക്കെത്തിയിരുന്നു. അന്ന് ക്ലബ്ബിലുണ്ടായിരുന്ന ദിനേഷ് കാര്‍ത്തിക് ആണ് ഇപ്പോള്‍ കൊല്‍ക്കത്തയുടെ ക്യാപ്റ്റന്‍. കഴിവുറ്റ യുവതാരങ്ങളുടെ പരിശീലകനാകാന്‍ കഴിഞ്ഞതിലും ഐപിഎല്ലില്‍ മടങ്ങയെത്താന് കഴിഞ്ഞതിലും വളരെയധികം സന്തോഷമുണ്ടെന്ന് സ്ട്രീക്ക് പ്രതികരിച്ചു. ദിനേഷ് കാര്‍ത്തിക്കിനെ വാനോളം പുകഴ്ത്താനും സ്ട്രീക്ക് മടിച്ചില്ല.
കൊല്‍ക്കത്ത ടീമില്‍ ആന്ദ്രെ റസ്സലും, ക്രിസ് ലിന്നും പരിക്കിന്റെ പിടിയിലാണ്. ഇരുവരും ഏപ്രില്‍ 7ന് തുടങ്ങുന്ന ടൂര്‍ണമെന്റില്‍ കളിക്കുമെന്നാണ് ടീമിന്റെ പ്രതീക്ഷ. മറ്റൊരു മാച്ച് വിന്നര്‍ സുനില്‍ നരൈന് വീണ്ടും ബൗളിങ് ആക്ഷന്റെ പേരില്‍ സംശയത്തിലായതും ക്ലബ്ബിനെ ആശങ്കയിലാക്കിയിട്ടുണ്ട്. അതേസമയം, മികച്ച ഒരുപിടി താരങ്ങളുള്ള ക്ലബ്ബ് ഈ സീസണിലും ഉയര്‍ന്ന നിലവാരമുള്ള പ്രകടനം തന്നെ കാഴ്ചവെക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.