ഈ ദശാബ്ദത്തില്‍ ഏകദിനത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ ഇന്ത്യന്‍ താരമാര്? ഗവാസ്‌കര്‍ പറയുന്നു
മുംബൈ: ലോക ക്രിക്കറ്റിന് പ്രതിഭാശാലികളായ നിരവധി താരങ്ങളെ സമ്മാനിച്ചിട്ടുള്ള ടീമാണ് ഇന്ത്യ. കപില്‍ ദേവ്,സച്ചിന്‍ ടെണ്ടുല്‍ക്കര്‍,രാഹുല്‍ ദ്രാവിഡ് തുടങ്ങിയവരെല്ലാം ഒരു കാലഘട്ടത്തില്‍ ഇന്ത്യയുടെ അഭിമാനങ്ങളായപ്പോള്‍ ആധുനിക ക്രിക്കറ്റിലേക്ക് വരുമ്പോള്‍ തല്‍സ്ഥാനത്ത് എം എസ് ധോണി, വിരാട് കോലി, രോഹിത് ശര്‍മ തുടങ്ങിയവരുടെ പേരുകളായി. ഇപ്പോഴിതാ ഈ ദശാബ്ദത്തില്‍ ഏകദിനത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ ഇന്ത്യന്‍ താരങ്ങളെ തിരഞ്ഞെടുത്തിരിക്കുകയാണ് സുനില്‍ ഗവാസ്‌കറും മാത്യും ഹെയ്ഡനും.

മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍ വിരാട് കോലിയെയാണ് ഏറ്റവും സ്വാധീനം ചെലുത്തിയ താരമായി തിരഞ്ഞെടുത്തത്. ഇന്ത്യന്‍ നായകനായി കോലിയാണ് നിലവില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഏകദിന റെക്കോഡിന് ഭീഷണി ഉയര്‍ത്തുന്ന ഏക താരം. ഇന്ത്യക്കുവേണ്ടി കൂടുതല്‍ മത്സരങ്ങള്‍ ജയിച്ചിട്ടുള്ള താരമാണ് കോലി.
2008ല്‍ അരങ്ങേറ്റം നടത്തിയ അദ്ദേഹം 86 ടെസ്റ്റില്‍ നിന്നും 251 ഏകദിനത്തില്‍ നിന്നും 84 ടി20യില്‍ നിന്നുമായി 22208 റണ്‍സാണ് അടിച്ചെടുത്തിട്ടുള്ളത്. ഇക്കഴിഞ്ഞ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലും കോലി തിളങ്ങിയിരുന്നു. ഏകദിനത്തില്‍ വേഗത്തില്‍ 12000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമെന്ന റെക്കോഡും കോലി പൂര്‍ത്തിയാക്കി. 242 ഇന്നിങ്‌സില്‍ നിന്നാണ് കോലി ഈ നാഴികക്കല്ല് പിന്നിട്ടത്. സച്ചിനെക്കാള്‍ 58 മത്സരം കുറവാണ് കോലിക്ക് ഈ നേട്ടത്തിലെത്താന്‍ വേണ്ടി വന്നത്.

റണ്‍സ് പിന്തുടരുന്ന പല സമയത്തും കോലിയുടെ ബാറ്റിങ് ഇന്ത്യക്ക് നിര്‍ണ്ണായകമായിട്ടുണ്ട്. റണ്‍സ് പിന്തുടരുമ്പോള്‍ കൂടുതല്‍ സെഞ്ച്വറിനേടിയ താരം കോലിയാണ്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും പ്രതിഭാശാലിയായ ബാറ്റ്‌സ്മാനാണ് കോലി. ഷോട്ടുകളുടെ മനോഹാരിതയിലും സ്ഥിരതയിലും കോലിക്ക് മുകളില്‍ നിലവില്‍ ആരുമില്ലെന്ന് തന്നെ പറയാം. നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള ഏക താരമാണ് കോലി.

'വ്യക്തിയെന്ന നിലയില്‍ കോലിയെ നോക്കുക. ഇന്ത്യക്കുവേണ്ടി അവന്‍ ജയിച്ച മത്സരങ്ങളുടെ എണ്ണം നോക്കുക. വലിയ സ്‌കോറുകള്‍ പിന്തുടര്‍ന്ന് ജയിച്ചത് നോക്കുക. അവനാണ് ഏറ്റവും സ്വാധീനം ഉണ്ടാക്കിയ താരം'-ഗവാസ്‌കര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ക്രിക്കറ്റ് കണക്ടഡ് പരിപാടിയില്‍ പറഞ്ഞു.

അതേ സമയം മാത്യു ഹെയ്ഡന്‍ മികച്ച താരമെന്ന് വിലയിരുത്തിയത് മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയാണ്. 'എന്റെ അഭിപ്രായത്തില്‍ എംഎസ് ധോണി ഒരു ലോകകപ്പും ചാമ്പ്യന്‍സ് ട്രോഫിയും നേടിയ നായകനാണ്. ലോകകപ്പ് നേടിയത് വലിയ നാഴികക്കല്ലാണ്. വെറുമൊരു നായകന്‍ മാത്രമല്ല,ശാന്തനായ,കരുത്തനായ മധ്യനിര ബാറ്റ്‌സ്മാന്‍ കൂടിയായിരുന്നു അവന്‍'-ഹെയ്ഡന്‍ പറഞ്ഞു. ഇന്ത്യക്ക് 2007ലെ ടി20 ലോകകപ്പ് 2011ലെ ഏകദിന ലോകകപ്പ് 2013ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടങ്ങള്‍ സമ്മാനിച്ച നായകനാണ് അദ്ദേഹം. മൂന്ന് ഐസിസി കിരീടങ്ങള്‍ സമ്മാനിച്ച ഏക നായകനാണ് ധോണി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications