സിഡ്ഡി: മഴയെ തുടര്‍ന്ന് സെമി ഫൈനല്‍ ഉപേക്ഷിക്കപ്പെട്ട ഐസിസിയുടെ വനിതാ ടി20 ലോകകപ്പിന്റെ ഫൈനലില്‍ കളിക്കാനൊരുങ്ങുകയാണ് ഇന്ത്യ. ഇതാദ്യമായാണ് ഇന്ത്യക്കു ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കളിക്കാന്‍ ഭാഗ്യം ലഭിക്കുന്നത്. നേരത്തേ സെമിക്കപ്പുറം കടക്കാന്‍ ഇന്ത്യക്കായിരുന്നില്ല. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഒന്നാം സെമി ഫൈനല്‍ കനത്ത മഴയെ തുടര്‍ന്ന് ഉപേക്ഷിക്കപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നു പ്രാഥമിക റൗണ്ടില്‍ കൂടുതല്‍ പോയിന്റ് നേടിയ ടീമെന്ന മികവില്‍ ഇന്ത്യ ഫൈനലിലെത്തുകയായിരുന്നു.
സെമി ഫൈനലില്‍ പുറത്തായ ഇംഗ്ലണ്ടിനോടു സഹതാപമുണ്ട്. സെമി നടക്കാതിരുന്നത് നിര്‍ഭാഗ്യകരമാണ്. എന്നാല്‍ ചില നിയമങ്ങള്‍ പിന്തുടര്ന്നേ മതിയാവൂ. ഭാവിയില്‍ ലോകകപ്പില്‍ റിസര്‍വ്വ് ദിനങ്ങള്‍ ഉണ്ടാവുന്നത് നല്ലതായിരിക്കും. സെമി ഫൈനല്‍ ഒരുപക്ഷെ നടന്നില്ലെങ്കില്‍ തിരിച്ചടിയുണ്ടാവുമെന്നും അതുകൊണ്ടു തന്നെ ഗ്രൂപ്പുഘട്ടത്തിലെ എല്ലാ മല്‍സരങ്ങളും ജയിക്കണമെന്നും നമുക്കറിയാമായിരുന്നു. എല്ലാ കളികളിലും ജയിച്ച ടീമിനാണ് മുഴുവന്‍ ക്രെഡിറ്റെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പറഞ്ഞു.
ആദ്യമായി ലോകകപ്പ് ഫൈനല്‍ കളിക്കുകയെന്നത് ഞങ്ങളെ സംബന്ധിച്ച് എല്ലാമാണ്. എന്നാല്‍ ഫൈനലില്‍ ഏറ്റവും മികച്ച ക്രിക്കറ്റ് പുറത്തെടുക്കേണ്ടതുണ്ട്. മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞാല്‍ ഫൈനലില്‍ നമുക്കു ജയിക്കാന്‍ കഴിയും. എതിരാളി ആരായിരിക്കും എന്നതിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും ഹര്‍മന്‍പ്രീത് കൂട്ടിച്ചേര്‍ത്തു.
ഞായറാഴ്ച മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ലോകകപ്പിന്റെ കലാശപ്പോരാട്ടം അരങ്ങേറുക. നിലവിലെ ചാംപ്യന്മാരും ആതിഥേയരുമായ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള സെമിയിലെ വിജയികളാവും ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍.