ഹാര്‍ദിക് പാണ്ഡ്യ (മുംബൈ)
നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ടീമില്‍ നിന്നും പോണ്ടിങ് തിരഞ്ഞെടുത്തത് ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെയാണ്. അവസാന ഓവറുകളില്‍ തീപ്പൊരി പാറിക്കുന്ന ബാറ്റ്സ്മാനും റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്കനായ പേസ് ബൗളറുമാണ് ഹാര്‍ദിക്.
ടി നടരാജന് (ഹൈദരാബാദ്)
സണ്‍റൈസേഴ്സ് ഹൈദരാബാദില്‍ നിന്നും പോണ്ടിങ് തിരഞ്ഞെടുത്തത് ഇന്ത്യയുടെ പുതിയ പേസ് കണ്ടുപിടുത്തമായി മാറിയ ടി നടരാജനെയാണ്. കഴിഞ്ഞ സീസണിലെ ശ്രദ്ധേയമായ പ്രകടനത്തോടെ ഇന്ത്യക്കു വേണ്ടി മൂന്നു ഫോര്മാറ്റുകകളിലും അരങ്ങേറാന്‍ നട്ടുവിന് ഭാഗ്യം ലഭിച്ചിരുന്നു. യോര്‍ക്കര്‍ സ്പെഷ്യലിസ്റ്റെന്നറിയപ്പെടുന്ന അദ്ദേഹം കഴിഞ്ഞ സീസണില്‍ യോര്‍ക്കറുകളെ എണ്ണത്തില്‍ എല്ലാവരെയും ബഹുദൂരം പിന്നിലായിരുന്നു.
ദേവ്ദത്ത് പടിക്കല്‍ (ബാംഗ്ലൂര്‍)
റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമില്‍ ശ്രദ്ധിക്കേണ്ട താരമായി പോണ്ടിങ് ചൂണ്ടിക്കാട്ടിയത് മലയാളി ഓപ്പണര്‍ ദേവ്ദത്ത് പടിക്കലിനെയാണ്. കഴിഞ്ഞ സീസണില്‍ ആര്‍സിബിക്കായി അരങ്ങേറിയ ഇടംകൈയന്‍ ഓപ്പണര്‍ വിരാട് കോലി, എബി ഡിവില്ലിയേഴ്സ് അടക്കമുള്ളള വമ്പന്മാരെ പിന്തള്ളി ടീമിന്റെ ടോപ്സ്കോററായി മാറിയിരുന്നു. 400ന് മുകളില്‍ റണ്‍സ് അടിച്ചെടുത്ത ദേവ്ദത്ത് എമേര്‍ജിങ് പ്ലെയര്‍ക്കുള്ള പുരസ്കാരത്തിനും അര്‍ഹനായിരുന്നു.
രാഹുല്‍ തെവാത്തിയ (രാജസ്ഥാന്)
രാജസ്ഥാന് റോയല്‍സിന്റെ തുറുപ്പുചീട്ടാവുമെന്ന് പോണ്ടിങ് അഭിപ്രായപ്പെട്ടിരിക്കുന്നത് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രാഹുല്‍ തെവാത്തിയയെയാണ്. കഴിഞ്ഞ സീസണില്‍ രാജസ്ഥാനു വേണ്ടി കാഴ്ചവച്ച ചില മാച്ച് വിന്നിങ് പ്രകടനങ്ങള്‍ തെവാത്തിയയെ താരപദവിയിലേക്കുയര്ത്തിയിരുന്നു. പഞ്ചാബ് കിങ്സിനെതിരായ കളിയില്‍ വിന്‍ഡീസ് പേസര്‍ ഷെല്‍ഡണ്‍ കോട്രെലിന്റെ ഒരോവറില്‍ അഞ്ചു സിക്സറുകള്‍ പറത്തി തെവാത്തിയ തരംഗമായി മാറുകയും ചെയ്തു.
നിക്കോളാസ് പൂരന് (പഞ്ചാബ്)
പുതിയ പേരിലെത്തുന്ന പഞ്ചാബ് കിങ്സില്‍ ശ്രദ്ധിക്കേണ്ടത് വിന്‍ഡീസ് വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്റ്സ്മാനുമായ നിക്കോളാസ് പൂരനെയാണെന്നാണ് പോണ്ടിങ് പറയുന്നത്. പഞ്ചാബ് കഴിഞ്ഞ തവണ പ്ലേഓഫിന് അരികെ കാലിടറി വീണെങ്കിലും പൂരന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. ചില മാച്ച് വിന്നിങ് ഇന്നിങ്സുകള്‍ കളിക്കുന്നതിനൊപ്പം അസാധാരണ ഫീല്‍ഡിങ് പ്രകടനങ്ങളിലൂടെയും പൂരന് കൈടയി വാങ്ങിയിരുന്നു.
സുരേഷ് റെയ്ന (ചെന്നൈ)
ചെന്നൈ സൂപ്പര്‍ കിങ്സ് നിരയില്‍ തുറുപ്പുചീട്ടായി പോണ്ടിങ് തിരഞ്ഞെടുത്തത് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്നയെയാണ്. കഴിഞ്ഞ സീസണില്‍ വ്യക്തിപരമായ ചില കാരണങ്ങളെ തുടര്‍ന്നു റെയ്ന കളിച്ചിരുന്നില്ല. ടൂര്‍ണമെന്റിനായി സിഎസ്കെ ടീമിനൊപ്പം യുഎഇയിലെത്തിയ ശേഷം തികച്ചും അപ്രതീക്ഷിതമായി അദ്ദേഹം പിന്മാറുകയായിരുന്നു. ഈ സീസണില്‍ ഐപിഎല്ലിലേക്കു ശക്തമായ തിരിച്ചുവരവ് നടത്താമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍ക്കു പ്രിയങ്കരനായ 'ചിന്നത്തല'.
വരുണ്‍ ചക്രവര്‍ത്തി (കൊല്‍ക്കത്ത)
രണ്ടു തവണ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് ടീമില്‍ സൂക്ഷിക്കേണ്ട താരം ഇന്ത്യന്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയാണെന്നു പോണ്ടിങ് പറയുന്നു. കഴിഞ്ഞ സീസണില്‍ കുല്‍ദീപ് യാദവ്, സുനില്‍ നരെയ്ന് തുടങ്ങിയ അംഗീകൃത സ്പിന്നര്‍മാര്‍ ഫ്ളോപ്പായതോടെയാണ് വരുണിന് നറുക്കുവീഴുന്നത്. ലഭിച്ച അവസരം താരം നന്നായി മുതലെടുക്കുകയും ചെയ്തു. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ച ഏക ബൗളര്‍ വരുണായിരുന്നു.