വഡോദര: അവസാന ഓവറില്‍ 3 സിക്സറുകള്‍ അടിച്ച് ധോണിയുടെ ചെന്നൈയെ വിരട്ടി വിട്ട ഹര്‍ദിക് പാണ്ഡ്യയെ ഓര്‍മയില്ലേ. മുംബൈ ഇന്ത്യന്‍സിന്റെ ഈ ഐ പി എല്‍ താരം വീണ്ടും സിക്സറിച്ച് റെക്കോര്‍ഡിട്ടു. ഒരോവറില്‍ 5 സിക്സുകളാണ് പാണ്ഡ്യ അടിച്ചത്. രണ്ട് ഫോറും. ഒരു നോബോള്‍ അടക്കം ഒരോവറില്‍ പിറന്നത് 30 റണ്‍സ്. പാണ്ഡ്യയുടെ ആകെ സമ്പാദ്യം 51 പന്തില്‍ 81 റണ്‍സ്.
സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ടൂര്‍ണമെന്റില്‍ ദില്ലിക്കെതിരെയായിരുന്നു ഹര്‍ദിക് പാണ്ഡ്യയുടെ ഈ വെടിക്കെട്ട് ഇന്നിംഗ്സ്. മീഡിയം പേസര്‍ ആകാശ് സുതനാണ് നിര്‍ഭാഗ്യവാനായ ബൗളര്‍. ഒന്നാം പന്തില്‍ സിക്സ്, രണ്ടാം പന്തില്‍ 4 റണ്‍സ് ബൈ, മൂന്നാം പന്തില്‍ സിക്സ്, നാലാം പന്ത് നോബോള്‍ അതിലും സിക്സ്, അത് വീണ്ടുമെറിഞ്ഞത് ഫോര്‍, അഞ്ചും ആറും പന്തുകള്‍ സിക്സ് എന്നിങ്ങനെയാണ് ഈ ഓവറില്‍ റണ്‍സ് വന്നത്.
പക്ഷേ ഇതുകൊണ്ടൊന്നും ഒരു കാര്യവും ഉണ്ടായില്ല എന്ന് മാത്രം. കളി ബറോഡ മാന്യമായി തോറ്റു. ഹര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ഉണ്ടായിട്ടും നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റിന് 153 റണ്‍സിലെത്താനേ ബറോഡയ്ക്ക് കഴിഞ്ഞുള്ളൂ. വിജയലക്ഷ്യമായ 154 റണ്‍സ് ദില്ലി 19.3 ഓവറില്‍ വെറും അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തു.
ട്വന്റി 20യിലെ ഏറ്റവും ചെലവേറിയ ഓവറാണ് ആകാശ് സുതന് എറിഞ്ഞത്. ന്യൂസിലന്‍ഡിന്റെ സ്കോട്ട് സ്റ്റൈറിസ് കൗണ്ടിയില്‍ വഴങ്ങിയ 38 റണ്‍സായിരുന്നു ഇതിന് മുമ്പത്തെ ഏറ്റവും മോശം ഓവര്‍. ഇത്രയും റണ്‍സ് ഒരോവറില്‍ വിട്ടുകൊടുത്തിട്ടും 4 ഓവറില്‍ 47 റണ്‍സ് മാത്രമേ സുതന് വഴങ്ങിയുള്ളൂ. രണ്ട് വിക്കറ്റും വീഴ്ത്തി.