കൊല്‍ക്കത്ത: കാര്യം ക്രിക്കറ്റിന്റെ കിരീടം വെച്ച രാജാക്കന്മാര്‍ എന്നൊക്കെ പറയുമെങ്കിലും ജയിക്കാന്‍ വേണ്ടി ഏതറ്റം വരെയും പോകുന്ന ടീമാണ് ഓസ്ട്രേലിയ. സ്ലെഡ്ജിങും നിലത്ത് നിന്നും പന്ത് പെറുക്കി ക്യാച്ചിന് അപ്പീല്‍ ചെയ്യലുമെല്ലാം ഇതില്‍ പെടും. ഏതാണ്ട് ഇത് പോലെ ഒരു രംഗമാണ് ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ഉണ്ടാക്കിയത്.
കെയ്ന്‍ റിച്ചാര്‍ഡ്‌സന്റെ ഫുള്‍ടോസ് പന്ത് ഉയര്‍ത്തിയടിച്ച ഹര്‍ദീക് പാണ്ഡ്യയെ കവറില്‍ സ്റ്റീവ് സ്മിത്ത് പിടിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. സംഭവം ഔട്ടാണെന്ന് കരുതി ഹര്ദീക് പാണ്ഡ്യ പുറത്തേക്ക് നടക്കുകയും ചെയ്തു. അപ്പോഴേക്കും മഴയും എത്തി. നോണ്‍ സ്‌ട്രൈക്കിങ് എന്‍ഡില്‍ കുത്താന്‍ പോലും മിനക്കെടാതെ ബാറ്റ് ജഴ്‌സിയില്‍ മൂടിയാണ് പാണ്ഡ്യ ഡഗ് ഔട്ടിലേക്ക് നടന്നത്.

എന്നാല്‍ ഹര്‍ദീക് പാണ്ഡ്യ നോണ്‍ സ്‌ട്രൈക്കിങ് എന്‍ഡില്‍ ബാറ്റ് കുത്തിയില്ല എന്ന് കണ്ട സ്മിത്ത് പന്ത് റിച്ചാര്‍ഡ്‌സനെ വിളിച്ച് നല്‍കി റണ്ണൗട്ടാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഹൈ ഫുള്‍ടോസ് നോ ബോള്‍ വിളിച്ചാലും റണ്ണൗട്ടിലൂടെയെങ്കിലും അപകടകാരിയായ പാണ്ഡ്യയെ പുറത്താക്കാനായിരുന്നു സ്മിത്തിന്റെ ശ്രമം.
എന്നാല്‍ ഔട്ടാണെന്ന് തെറ്റിദ്ധരിച്ച് ബാറ്റ്‌സ്മാന്‍ പുറത്തേക്ക് നടന്നാല്‍ പന്ത് ഡെഡ് ബോളാകുമെന്നും റണ്ണൗട്ട് കിട്ടില്ലെന്നും ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന് അറിയാത്തതാണോ എന്തോ, ഔട്ടിന് വേണ്ടി സ്മിത്ത് അംപയര്‍മാരോട് തര്‍ക്കിച്ചുകൊണ്ടേയിരുന്നു. ബെയ്ല്‍സ് എടുക്കുമ്പോള്‍ അംപയര്‍ ഡെഡ് ബോള്‍ വിളിച്ചില്ല എന്ന് വരെ സ്മിത്ത് പറഞ്ഞുനോക്കിയെങ്കിലും നിയമം 27ന്റെ പിന്‍ബലത്തില്‍ പാണ്ഡ്യയ്ക്ക് ജീവന്‍ തിരിച്ചുകിട്ടി.