ജാക് കാലിസ്, ക്രിസ് കെയ്ന്‍സ്, ഷെയ്ന്‍ വാട്‌സന്‍ തുടങ്ങി എപ്പോള്‍ പന്തെറിയാനും ഏത് പൊസിഷനില്‍ ബാറ്റ് ചെയ്യാനും പറ്റുന്ന കളിക്കാരെ നോക്കി ഇന്ത്യയും ആഗ്രഹിച്ചിരുന്നു ഒരു ഫാസ്റ്റ് ബൗളിംഗ് ഓള്‍റൗണ്ടറെ. ആഞ്ചലോ മാത്യൂസ്, അബ്ദുള്‍ റസാഖ് എന്നിങ്ങനെ ശ്രീലങ്കയ്ക്കും പാകിസ്താനും വരെ കിട്ടി ഓള്‍റൗണ്ടര്‍മാരെ. ഇന്ത്യ മാത്രം അപ്പോളും ലക്ഷ്മി രത്തന്‍ ശുക്ലമാരെയും ഇര്‍ഫാന്‍ പത്താന്‍മാരെയും നോക്കി കപില്‍ദേവ് എന്ന് നെടുവീര്‍പ്പെട്ടുകൊണ്ടിരുന്നു.

എന്നാല്‍ കാത്ത് കാത്തിരുന്ന് കിട്ടിയപ്പോഴോ അതൊരു ഒന്നൊന്നര കിട്ടല്‍ തന്നെയായി. ക്യാപ്റ്റന്‍ വിരാട് കോലി പറഞ്ഞത് പോലെ, ഇന്ത്യ കഴിഞ്ഞ അഞ്ചാറ് വര്‍ഷമായി തിരഞ്ഞുകൊണ്ടിരുന്നത് ഇത് പോലെ ഒരു കളിക്കാരന് വേണ്ടിയായിരുന്നു. ഏത് പൊസിഷനിലും ബാറ്റ് ചെയ്യാനുള്ള ചങ്കുറപ്പ്. 140നടുത്ത് സ്പീഡില്‍ പത്തോവര്‍ പന്തെറിയാനും പറ്റും. ഹര്‍ദീക് പാണ്ഡ്യ ഇന്ത്യയുടെ സ്ഥിരം നാലാം നമ്പറുകാരന്‍ ആയേക്കാം എന്ന് കോലി പറയുന്നത് വെറുതെയല്ല.
ഐ പി എല്ലില്‍ മുംബൈയ്ക്ക് വേണ്ടി ടോപ് ഓര്‍ഡറില്‍ കളിച്ചിട്ടുണ്ടെങ്കിലും ടീം ഇന്ത്യയ്ക്ക് വേണ്ടി രണ്ടേ രണ്ട് തവണ മാത്രമേ ഹര്‍ദീക് പാണ്ഡ്യ നാലാം നമ്പറില്‍ ഇറങ്ങിയിട്ടുള്ളൂ. ആദ്യത്തെ കളിയില്‍ 72 പന്തില്‍ 78 റണ്‍സെടുത്ത് മാന്‍ ഓഫ് ദ മാച്ചായി. രണ്ടാമത്തെ കളിയില്‍ 40 പന്തില്‍ 41. എന്തായാലും മോശമല്ല. ഇന്ത്യന്‍ ടീമിലെ ഇളകിയാടിക്കൊണ്ടിരിക്കുന്ന നാലാം നമ്പറില്‍ ഈ പോക്ക് പോയാല്‍ ഹര്‍ദീക് പാണ്ഡ്യ സ്ഥിരമാകാനാണ് സാധ്യത.