ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ജയം കൈവിട്ട ഇന്ത്യ രണ്ടാം ടെസ്റ്റിലും തോല്‍വിയിലേക്കാണ് നീങ്ങുന്നത്. ഒന്നര ദിവസത്തോളം മഴ കളി കവര്‍ന്നിട്ടും ഇന്ത്യയ്ക്ക് ടെസ്റ്റില്‍ തോല്‍ക്കേണ്ടിവന്നാല്‍ അത് വന്‍ നാണക്കേടിനിടയാക്കും. രണ്ടു ദിവസം കളി ശേഷിക്കെ ഇംഗ്ലണ്ട് 250 റണ്‍സിന്റെ ലീഡ് നേടിക്കഴിഞ്ഞു.
ആദ്യ ഇന്നിങ്സില്‍ 107 റണ്‍സിനാണ് ഇന്ത്യയുടെ പുകഴ്പെറ്റ താരങ്ങള്‍ പുറത്തായത്. ഇന്ത്യയുടെ മോശം പ്രകടനത്തിന് കാരണമായത് ടോസ് നഷ്ടപ്പെട്ടതാണെന്നാണ് ഓള് റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ വിശദീകരണം. കുല്‍ദീപ് യാദവിനെ ടീമിലെടുത്തതിനെ ന്യായീകരിച്ച താരം ടോസിനെ മാത്രമാണ് ഇന്ത്യയുടെ മോശം പ്രകടനത്തില്‍ പഴിക്കുന്നത്.
ഇന്ത്യ ആദ്യ ഇന്നിങ്സില്‍ ബാറ്റിങ് തുടങ്ങിയത് നനഞ്ഞ പിച്ചിലായിരുന്നു. സ്വിങ് ബൗളിങ്ങിന്റെ ആനുകൂല്യം ഇംഗ്ലണ്ട് നന്നായി മുതലെടുക്കുകയും ചെയ്തു. ഇംഗ്ലണ്ടിന്റെ ആദ്യ ഓവറുകളിലും പന്ത് നന്നായി സ്വിങ് ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍, പെട്ടെന്ന് പിച്ചിന്റെ സ്വാഭാവം നഷ്ടമാവുകയും സ്വിങ് ഇല്ലാതാവുകയും ചെയ്തതായി ഹാര്‍ദിക് പറഞ്ഞു.
ഞങ്ങള്‍ നന്നായി കഠിനാധ്വാനം ചെയ്തു. എന്നാല്‍, ഇത്തരമൊരു പിച്ചില്‍ വിക്കറ്റെടുക്കുക ദുഷ്കരമായിരുന്നു. ഇംഗ്ലണ്ട് ബാറ്റ്സ്മാന്മാരായ ജോണി ബാരിസ്റ്റോവും(93), ക്രിസ് വോക്ക്സും(120) മികച്ച ബാറ്റിങ്ങിലൂടെ ഇന്ത്യയില്‍ നിന്നും കളി അകറ്റി. ഇത് കളിയുടെ ഭാഗാണ്. ചിലപ്പോള്‍ വിക്കറ്റുകള്‍ പെട്ടെന്ന് ലഭിച്ചേക്കാം. അതേ കളിയില്‍ വലിയ കൂട്ടുകെട്ട് ഉണ്ടാകുന്നതും സാധാരണമാണെന്നും ഹാര്‍ദിക് ചൂണ്ടിക്കാട്ടി.