ഇന്ത്യ-പാകിസ്ഥാൻ ടി20 ലോകകപ്പ് പോരാട്ടത്തിന് മുന്നോടിയായി ടീം ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്. പാകിസ്ഥാൻ നിരയിലെ സ്പിന്നർ ഉസ്മാൻ താരീഖിനെ ഇന്ത്യ ജാഗ്രതയോടെ നേരിടണമെന്ന് അദ്ദേഹം പറഞ്ഞു. മാസങ്ങൾക്ക് മുമ്പ് ഏഷ്യാ കപ്പിൽ പാകിസ്ഥാനെ തകർത്തുവിട്ട ആത്മവിശ്വാസത്തിൽ ഇറങ്ങുന്ന ഇന്ത്യ, യാതൊരു സമ്മർദ്ദവുമില്ലാതെ വിജയക്കൊടി പാറിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഹർബജന്റെ വാക്കുകൾ
"ഇന്ത്യ ഈ മത്സരം വിജയിക്കും. പാകിസ്ഥാന് ഉസ്മാൻ താരീഖ് എന്ന നല്ലൊരു സ്പിന്നർ ഉണ്ട്, അദ്ദേഹത്തെ നമ്മൾ വളരെ സുരക്ഷിതമായി നേരിടണം. ഇന്ത്യൻ ടീം മികച്ചതാണ്, അവർ എപ്പോഴും കളിക്കാറുള്ളതുപോലെ സ്വാഭാവികമായ ശൈലിയിൽ കളിച്ചാൽ വിജയം ഉറപ്പാണ്," റാഞ്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ ഹർഭജൻ പറഞ്ഞു.

നാല് ടി20 മത്സരങ്ങളിൽ നിന്ന് 11 വിക്കറ്റുകൾ വീഴ്ത്തിയ ഉസ്മാൻ താരീഖിന്റെ ബൗളിംഗ് ആക്ഷൻ ഇപ്പോൾ വലിയ ചർച്ചയാവുകയാണ്. പന്ത് എറിയുന്നതിന് മുമ്പ് ചെറിയൊരു ഇടവേള എടുക്കുന്ന അദ്ദേഹത്തിന്റെ ശൈലി നിയമവിരുദ്ധമാണെന്നും 'ചക്കിംഗ്' (Chucking) ആണെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്.
നയൻ മോംഗിയ പറഞ്ഞത്
അതേസമയം, വഡോദരയിൽ മാധ്യമങ്ങളോട് സംസാരിച്ച മുൻ താരം നയൻ മോംഗിയയും ഇന്ത്യയുടെ വിജയത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. "ഇന്ത്യ ഇപ്പോൾ കളിക്കുന്ന രീതിയും ക്യാപ്റ്റന്റെ നേതൃത്വവും കാണുമ്പോൾ വിജയം സുനിശ്ചിതമാണ്. ലോകകപ്പുകളിൽ തുടർച്ചയായി തോൽക്കുന്നത് പാകിസ്ഥാന് വലിയ സമ്മർദ്ദമുണ്ടാക്കും. ഇന്ത്യൻ യുവനിര ഇപ്പോൾ ഭയമില്ലാത്തവരാണ്," മോംഗിയ പറഞ്ഞു.
സമ്മർദ്ദഘട്ടങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന ഹാർദിക് പാണ്ഡ്യയിൽ മോംഗിയയ്ക്ക് വലിയ പ്രതീക്ഷയുണ്ട്. പാകിസ്ഥാനെതിരെ മികച്ച റെക്കോർഡുള്ള ഹാർദിക് 12 ഇന്നിംഗ്‌സുകളിൽ നിന്ന് 315 റൺസും 25 വിക്കറ്റുകളും നേടിയിട്ടുണ്ട്.
ഇന്ത്യയിൽ വരാൻ സാധ്യതയുള്ള മാറ്റങ്ങൾ
ടൂർണമെന്റിന്റെ തുടക്കത്തിൽ തന്നെ അസുഖ ബാധിതനായ അഭിഷേക് ശർമ്മ പാകിസ്ഥാനെതിരെ ഇറങ്ങുമോ എന്ന കാര്യം ഇപ്പോഴും തുലാസിലാണ്. അഭിഷേകിന് പകരം സഞ്ജു സാംസൺ തന്നെ ഓപ്പണിങ് സ്ലോട്ട് ഫിൽ ചെയ്യാനാണ് കൂടുതൽ സാധ്യത. സ്പിന്നിനെ പിന്തുണയ്ക്കുന്ന പ്രേമദാസാ സ്റ്റേഡിയത്തിൽ നാല് സ്പിൻ ഓപ്ഷനുകളുമായായിരിക്കും ഇന്ത്യ ഇറങ്ങുക. കുൽദീപ് യാദവും അക്സർ പട്ടേലും വരുൺ ചക്രവർത്തിയും കളിക്കാൻ സാധ്യതയുണ്ട്. റിങ്കു സിങ്ങിന് പകരം വാഷിങ്ടൺ സുന്ദർ കളിക്കാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല.
2026 ടി20 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലെ സുരക്ഷാ ക്രമീകരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ബംഗ്ലാദേശ് ടൂർണമെന്റിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചിരുന്നു. ബംഗ്ലാദേശിന് പകരം സ്കോട്ട്‌ലൻഡിനെയാണ് ഐസിസി ഉൾപ്പെടുത്തിയത്. അയൽരാജ്യമായ ബംഗ്ലാദേശിന്റെ സുരക്ഷാ ആശങ്കകൾ ശരിവെച്ചുകൊണ്ടും അവരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുമാണ് ഫെബ്രുവരി 1-ന് പാകിസ്ഥാൻ സർക്കാർ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കാൻ തങ്ങളുടെ ക്രിക്കറ്റ് ബോർഡിന് (PCB) നിർദ്ദേശം നൽകിയത്. സുരക്ഷാ പ്രശ്നങ്ങൾക്കൊപ്പം തന്നെ ഇന്ത്യയുമായുള്ള നിലവിലുള്ള രാഷ്ട്രീയ തർക്കങ്ങളും ഈ തീരുമാനത്തെ സ്വാധീനിച്ചിരുന്നു. എന്നാൽ ഐസിസിയുമായി നടത്തിയ നിരന്തരമായ ചർച്ചകൾക്ക് ഒടുവിൽ പാകിസ്ഥാൻ തങ്ങളുടെ തീരുമാനം മാറ്റുകയും ഇന്ത്യക്കെതിരെ കളിക്കാൻ സമ്മതിക്കുകയുമായിരുന്നു.