മുംബൈ: ഇന്ത്യന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ ഹര്‍ഭജന്‍ സിങ് വിരമിക്കല്‍ പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. ഇന്ത്യയുടെ സുവര്‍ണ്ണ കാലഘട്ടത്തിന്റെ ഭാഗമായിരുന്ന താരങ്ങളിലെ അവസാന കണ്ണിയായിരുന്നു ഹര്‍ഭജന്‍. 23വര്‍ഷം നീണ്ട കരിയറിന് തന്റെ 42ാം വയസിലാണ് അശ്വിന്‍ വിരാമമിടാന്‍ തീരുമാനിച്ചത്. ഇന്ത്യക്കായി 400ലധികം ടെസ്റ്റ് വിക്കറ്റുകള്‍ നേടിയ സ്പിന്നറാണ് ഹര്‍ഭജനെങ്കിലും വിരമിക്കല്‍ മത്സരം പോലും ലഭിക്കാതെയാണ് അദ്ദേഹം പടിയിറങ്ങിയത്.
ഇന്ത്യയുടെ ഇതിഹാസ സ്പിന്നര്‍മാരിലൊരാളായിത്തന്നെ വിശേഷിപ്പിക്കാവുന്ന ഹര്‍ഭജന് അപ്രതീക്ഷിതമായി തഴയുന്ന സമീപനമാണ് ഉണ്ടായത്. വേണ്ടത്ര പിന്തുണ ഹര്‍ഭജന് ലഭിച്ചില്ലെന്ന് തന്നെ പറയാം. വേണ്ടത്ര അവസരം ലഭിച്ചിരുന്നെങ്കില്‍ 600 ടെസ്റ്റ് വിക്കറ്റ് നേട്ടത്തിലേക്കെങ്കിലും എത്താന്‍ ഹര്‍ഭജന് സാധിച്ചേക്കുമായിരുന്നു. ഇപ്പോഴിതാ തന്നെ ഒതുക്കാന്‍ നടന്ന ശ്രമങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഹര്‍ഭജന്‍ സിങ്. ധോണിക്ക് ഇന്ത്യന്‍ ടീമില്‍ വലിയ പിന്തുണ ലഭിച്ചെന്നും അതുപോലെ പിന്തുണ ലഭിച്ചിരുന്നെങ്കില്‍ മറ്റുള്ളവര്‍ക്കും കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുമായിരുന്നുവെന്നാണ് ഹര്‍ഭജന്‍ പറഞ്ഞത്.
'മറ്റുള്ളവരെ സംബന്ധിച്ച് നോക്കുമ്പോള്‍ ധോണിക്ക് വലിയ പിന്തുണയാണ് ലഭിച്ചത്. അതുപോലെ എല്ലാവര്‍ക്കും പിന്തുണ ലഭിച്ചിരുന്നെങ്കില്‍ കൂടുതല്‍ മികച്ച കരിയര്‍ സൃഷ്ടിക്കാന്‍ അവര്‍ക്കും സാധിക്കുമായിരുന്നു. പെട്ടെന്ന് പന്തെറിയാന്‍ മറന്നുപോയപോലെയോ ബാറ്റുവീശാന്‍ മറന്നുപോയപോലെയോ ആയിരുന്നില്ല അത്. ഭാഗ്യം എപ്പോഴും എന്നോടൊപ്പം ഉണ്ടായിരുന്നു. എന്നാല്‍ പുറത്തെ പ്രശ്‌നങ്ങള്‍ കാര്യങ്ങള്‍ എനിക്കെതിരെയാക്കി. പൂര്‍ണ്ണമായും എന്നെ ശത്രുപക്ഷത്താക്കിയെന്ന് പറയാം. അതുകൊണ്ടാണ് എനിക്ക് അധികം മുന്നോട്ട് പോകാന്‍ സാധിക്കാതെ പോയത്. 31ാം വയസില്‍ ഞാന്‍ 400 വിക്കറ്റ് നേടിയിട്ടുണ്ട്. 4-5 വര്‍ഷം കൂടി കളിച്ചിരുന്നെങ്കില്‍ കുറഞ്ഞത് 100-150 വിക്കറ്റെങ്കിലും വീഴ്ത്താന്‍ എനിക്ക് സാധിക്കുമായിരുന്നു'-ഹര്‍ഭജന്‍ പറഞ്ഞു.

ഇന്ത്യയുടെ ആദ്യ ടെസ്റ്റ് ഹാട്രിക്കിന് ഉടമയായ ഹര്‍ഭജന്‍ 103 ടെസ്റ്റില്‍ നിന്ന് 417 വിക്കറ്റും 236 ഏകദിനത്തില്‍ നിന്ന് 269 വിക്കറ്റും 28 ടി20യില്‍ നിന്ന് 25 വിക്കറ്റും നേടിയിട്ടുണ്ട്. ഇതിലും മികച്ച നേട്ടത്തിലേക്ക് പോകാന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നെങ്കിലും നിര്‍ണ്ണായക സമയത്ത് ഹര്‍ഭജന് പിന്തുണ ലഭിച്ചില്ല. 2007ലെ ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും 2011ലെ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും ഹര്‍ഭജന്‍ ഉള്‍പ്പെട്ടിരുന്നു.
തന്റെ കരിയറിന് തിരിച്ചടി നല്‍കിയതില്‍ ബിസിസി ഐ ഒഫീഷ്യല്‍സിനെയും ഹര്‍ഭജന്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുകയാണ്. 'എംഎസ് ധോണിയാണ് അന്ന് ഇന്ത്യയുടെ നായകസ്ഥാനത്ത്. എന്നാല്‍ ധോണിക്കും മുകളില്‍ അന്ന് തീരുമാനങ്ങളെടുക്കുന്നവരുണ്ടായിരുന്നു. എന്റെ കാര്യത്തില്‍ ചില ബിസിസി ഐ വൃത്തങ്ങളുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. നായകന്‍ പിന്തുണ നല്‍കിയപ്പോഴും അവര്‍ക്ക് എന്നെ വേണ്ടായിരുന്നു. ഒരു ക്യാപ്റ്റന്‍ ഒരിക്കലും ബിസിസി ഐക്ക് മുകളിലല്ല. പരിശീലകരും ടീമുമെല്ലാം ബിസിസി ഐയുടെ നിയന്ത്രണത്തിലാണ്'-ഹര്‍ഭജന്‍ പറഞ്ഞു.
വിരമിക്കല്‍ തീരുമാനത്തെക്കുറിച്ചും ഹര്‍ഭജന്‍ പറഞ്ഞു. 'ജീവിതത്തില്‍ മുന്നോട്ട് പോകാന്‍ ചില കടുപ്പമുള്ള തീരുമാനങ്ങള്‍ നമ്മള്‍ എടുക്കേണ്ടതായുണ്ട്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ വിരമിക്കല്‍ പ്രഖ്യാപിക്കണമെന്ന് ഞാന്‍ കരുതിയതാണ്. എന്നാല്‍ കൃത്യമായ സമയത്തിനായി കാത്തിരിക്കുകയായിരുന്നു. ഞാന്‍ നേരത്തെ തന്നെ വിരമിച്ചതാണ്. എന്നാല്‍ ഔദ്യോഗികമായി ഇപ്പോഴത് പ്രഖ്യാപിക്കുകയാണ് ചെയ്തത്'-ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.
ബാറ്റുകൊണ്ടും ഇന്ത്യക്കായി തിളങ്ങിയിട്ടുള്ള ഹര്‍ഭജന്‍ സൗരവ് ഗാംഗുലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് വളര്‍ന്നത്. തന്നെ ഹര്‍ഭജനാക്കിയത് ഗാംഗുലിയാണെന്ന് ഹര്‍ഭജന്‍ തുറന്ന് പറഞ്ഞിട്ടുമുണ്ട്. ധോണി നായകനായെത്തിയ ആദ്യ സമയങ്ങളില്‍ ഹര്‍ഭജന് അവസരം നല്‍കിയിരുന്നെങ്കിലും പിന്നീട് പൂര്‍ണ്ണമായും തഴയുകയായിരുന്നു.