IPL 2026:ധോണിയിൽ ഒരു പ്രത്യേകതയുമില്ല!പ്രൈം മുംബൈയ്ക്ക് മുന്നിൽ ചെന്നൈ ഒന്നുമല്ല,സിഎസ്കെയെ നാണംകെടുത്തി ഹർഭജൻ
ഐപിഎൽ ലോകത്തെ ഏറ്റവും വലിയ വൈരികളായ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്‌സും തമ്മിലുള്ള പോര് മൈതാനത്തിന് പുറത്തേക്കും വ്യാപിക്കുന്നു. ചെന്നൈ ടീമിനെയും അവരുടെ ഇതിഹാസ നായകൻ എം.എസ്. ധോണിയെയും രൂക്ഷമായി വിമർശിച്ചുകൊണ്ട് ഹർഭജൻ സിംഗ് രംഗത്തെത്തി. മുംബൈ ഇന്ത്യൻസിന്റെ പ്രതാപകാലത്തെ ടീമിനോട് മത്സരിക്കാൻ ചെന്നൈയ്ക്ക് ഒരിക്കലും സാധിക്കില്ലെന്നാണ് ഹർഭജന്റെ വാദം. രണ്ടാം തവണയും ഈ സീസണിൽ മുംബൈ ചെന്നൈയ്ക്ക് മുന്നിൽ മുട്ടു മടക്കിയതിന് പിന്നാലെയാണ് ഹർഭജൻ സിങ്ങിന്റെ വിവാദ പരാമർശം പുറത്തുവരുന്നത്.
"മുംബൈയുടെ പ്രതാപത്തിന് മുന്നിൽ ചെന്നൈ ഒന്നുമല്ല"
രണ്ട് ടീമുകളുടെയും 'പ്രൈം' ടൈമിലെ പ്രകടനങ്ങളെക്കുറിച്ച് ഹർഭജൻ പറഞ്ഞത് ഇങ്ങനെയാണ്: "പ്രതാപകാലത്തെ മുംബൈയും ചെന്നൈയും തമ്മിൽ യാതൊരു താരതമ്യവുമില്ല. ഞങ്ങൾ അവരെ വളരെ എളുപ്പത്തിൽ തോൽപ്പിക്കുമായിരുന്നു. മുംബൈയുടെ ഓൾ-ടൈം ടീമിലെ കളിക്കാരെ ഒന്ന് നോക്കൂ; ബൗളിംഗിൽ ജസ്പ്രീത് ബുംറയും ലസിത് മലിംഗയും, ബാറ്റിംഗിൽ സച്ചിൻ ടെണ്ടുൽക്കറും. ഈ നിരയോട് കിടപിടിക്കാൻ സിഎസ്കെയ്ക്ക് കഴിയില്ല."

ധോണിക്കെതിരെ വ്യക്തിപരമായ പരിഹാസം
എം.എസ്. ധോണിയെക്കുറിച്ച് ഹർഭജൻ നടത്തിയ പരാമർശമാണ് സിഎസ്കെ ആരാധകരെ ചൊടിപ്പിച്ചത്. "നിങ്ങൾ എം.എസ്. ധോണിയെയോ മാത്യു ഹെയ്ഡനെയോ സുരേഷ് റെയ്‌നയെയോ ആരെ കൊണ്ടുവന്നാലും ഞങ്ങൾ അവരെ എളുപ്പത്തിൽ തകർക്കുമായിരുന്നു. ധോണിയിൽ ഒരു പ്രത്യേകതയുമില്ല. എനിക്ക് അദ്ദേഹത്തെ എളുപ്പത്തിൽ പുറത്താക്കാൻ സാധിക്കും," ഹർഭജൻ പറഞ്ഞു. മുൻപ് ചെന്നൈ സൂപ്പർ കിംഗ്‌സിന് വേണ്ടി കളിച്ചിട്ടുള്ള താരം തന്നെ ധോണിയെ ഇത്തരത്തിൽ തരംതാഴ്ത്തി സംസാരിച്ചത് ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്.
ഇന്നലെ ചെപ്പോക്കിൽ നടന്ന മത്സരത്തിൽ സീസണിൽ രണ്ടാമതും ചെന്നൈ സൂപ്പർ കിങ്സ് മുംബൈ ഇന്ത്യൻസിനെ തറപറ്റിച്ചു. ആദ്യത്തെ തവണ വാംഖഡെയിൽ 103 റൺസിന്റെ വിജയമായിരുന്നു നേടിയതെങ്കിൽ ചെപ്പോക്കിൽ ചെന്നൈ മുംബൈയെ തറപറ്റിച്ചത് എട്ട് വിക്കറ്റിനാണ്. നായകൻ റുതുരാജ് ഗെയ്ക്വാദ് മുന്നിൽ നിന്ന് നയിച്ചപ്പോൾ മുംബൈയ്ക്കെതിരെ ആധികാരിക വിജയം നേടാൻ ചെന്നൈയ്ക്കായി. 48 പന്തുകളിൽ നിന്നും 67 റണ്ണെടുത്ത് പുറത്താകാതെ നിന്ന റുതുരാജും 40 പന്തുകളിൽ നിന്നും പുറത്താകാതെ 54 റൺസെടുത്ത കാർത്തിക് ശർമ്മയുമാണ് ചെന്നൈയുടെ വിജയശിൽപ്പികൾ. നേരത്തെ, ആദ്യം ബാറ്റ് ചെയ്ത മുംബൈ 159 എന്ന ചെറിയ സ്കോറിൽ ഒതുങ്ങിയിരുന്നു. അൻഷുൽ കാംബോജ് സിഎസ്കെയ്ക്കായി മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ഈ പ്രകടനത്തോടെ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയവരുടെ പട്ടികയിൽ ബുവനേശ്വർ കുമാറിനൊപ്പം 17 വിക്കറ്റുകളോടെ കാംബോജ് മുന്നിലുണ്ട്. ഈ വിജയത്തോടെ ചെന്നൈ ക്യാമ്പിൽ ആത്മവിശ്വാസം വർധിച്ചിട്ടുണ്ടാകും, എന്നാൽ മുംബൈയെ സംബന്ധിച്ചെടുത്തോളം അവരുടെ പ്രതീക്ഷകൾ അവസാനിച്ച മട്ടാണ്.
സമ്മർദ്ദത്തിലായ ഐപിഎൽ പ്ലേഓഫ് റേസ്
ഐപിഎൽ 2026-ൽ ഓരോ മത്സരവും നോക്കൗട്ടായി മാറിക്കൊണ്ടിരിക്കെയാണ് ഇത്തരമൊരു വിവാദം പുകയുന്നത്. നിലവിൽ 4 പോയിന്റ് മാത്രമുള്ള മുംബൈ ഇന്ത്യൻസിന് പ്ലേഓഫ് എന്ന സ്വപ്നം ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്. മറുവശത്ത്, 8 പോയിന്റുള്ള ചെന്നൈയ്ക്കും വരാനിരിക്കുന്ന മത്സരങ്ങൾ നിർണ്ണായകമാണ്. ഹർഭജന്റെ ഈ പ്രസ്താവന വരും മത്സരങ്ങളിൽ ചെന്നൈ താരങ്ങൾക്ക് ഒരു അധിക കരുത്തായി മാറുമോ എന്ന് കണ്ടറിയണം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications