അവനെ കളിപ്പിക്കണം, എല്ലാം തികഞ്ഞ കളിക്കാരന്‍, ടീം ഇലവനെ കുറിച്ച് മുന്‍ താരം പറയുന്നത് ഇങ്ങനെ
ലണ്ടന്‍: ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിനൊരുങ്ങുകയാണ്. ഇന്ത്യ സെമി ഫൈനല്‍ ഉറപ്പിച്ച സാഹചര്യത്തില്‍ ടീമിലെ മാറ്റങ്ങളെ കുറിച്ചും പല അഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ ഏറ്റവും ശക്തമായ വാദം രവീന്ദ്ര ജഡേജയെ കുറിച്ചാണ്. ജഡേജയെ കളിപ്പിക്കണമെന്നാണ് മുന്‍ ഇന്ത്യന്‍ താരവും സ്പിന്നറുമായ ഹര്‍ഭജന്‍ സിംഗ് വാദിച്ചിരിക്കുന്നത്.
എല്ലാം തികഞ്ഞ കളിക്കാരനാണ് ജഡേജയെന്നാണ് ഹര്‍ഭജന്‍ പറയുന്നത്. ഇതിന് നിരവധി കാരണങ്ങളും അദ്ദേഹം ഉന്നയിക്കുന്നുണ്ട്. ഇന്ത്യന്‍ ടീം നല്‍കുന്ന സൂചന പ്രകാരം ജഡേജ കളിക്കുമെന്ന് തന്നെയാണ് റിപ്പോര്‍ട്ട്. അതേസമയം കഴിഞ്ഞ രണ്ട് വര്‍ഷകാലമായുള്ള ജഡേജയുടെ ട്രാക്ക് റെക്കോര്‍ഡ് മികച്ചതാണ്. ഒരു പക്ഷേ രണ്ടാം സ്പിന്നറായി ജഡേജ കളിക്കുകയും മികച്ച പ്രകടനം നടത്തുകയും ചെയ്താല്‍ കുല്‍ദീപ് യാദവ് പുറത്തിരിക്കേണ്ടി വരും.

ജഡേജ എല്ലാം തികഞ്ഞവന്‍
ശ്രീലങ്കയ്‌ക്കെതിരെയുള്ള മത്സരത്തില്‍ ജഡേജയെ കളിപ്പിക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടിരിക്കുകയാണ് ഹര്‍ഭജന്‍. മധ്യ ഓവറുകളില്‍ ഇന്ത്യക്ക് വേണ്ടി നിര്‍ണായക ഓവറുകളെറിയാന്‍ ജഡേയ്ക്ക് സാധിക്കും. അതിലൂടെ ക്യാപ്റ്റന്‍ വിരാട് കോലിക്ക് വലിയ തലവേദന ഒഴിവാക്കാം. അതിലുപരി അവസാന ഓവറുകളില്‍ ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന തകര്‍പ്പന്‍ ബാറ്റ്‌സ്മാനാണ് ജഡേജയെന്നും ഹര്‍ഭജന്‍ പറയുന്നു. ഇന്ത്യക്ക് അത്തരമൊരു ബാറ്റ്‌സ്മാനെ കൂടി ഈ അവസരത്തില്‍ ആവശ്യമാണെന്നും ഹര്‍ഭജന്‍ പറയുന്നു.

എന്തുകൊണ്ട് ജഡേജ മികച്ചവന്‍
മുന്‍നിര പുറത്തായാല്‍ അവസാന ഓവറുകളില്‍ വിചാരിച്ചത്ര രീതിയില്‍ സ്‌കോര്‍ ചെയ്യാന്‍ ഇന്ത്യന്‍ മധ്യനിരയ്ക്ക് സാധിച്ചിട്ടില്ല. പാകിസ്താന്‍, ഇംഗ്ലണ്ട്, ബംഗ്ലാദേശ് ടീമുകള്‍ക്കെതിരെ അവസാനം സ്‌കോര്‍ ചെയ്യുന്നതില്‍ ഇന്ത്യ ബുദ്ധിമുട്ടിയിരുന്നു. ബംഗ്ലാദേശിനെതിരെ ഇന്ത്യയുടെ മധ്യനിര ചീട്ടുകൊട്ടാരം പോലെയാണ് തകര്‍ന്നത്. മഹേന്ദ്ര സിംഗ് ധോണിക്ക് സമ്മര്‍ദം ഏറിവരുന്നതും കാരണമാണ്. ജഡേജ സന്നാഹ മത്സരത്തില്‍ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ച്ചവെച്ചിരുന്നു. ജഡേജ വരുന്നതോടെ ധോണിക്കും നന്നായി കളിക്കാന്‍ സാധിക്കും.

മികച്ച ഫീല്‍ഡര്‍
ഇന്ത്യന്‍ ടീമില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ച ഫീല്‍ഡര്‍ ജഡേജയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇംഗ്ലണ്ടിനെതിരെ ജേസന്‍ റോയിയെ പുറത്താക്കിയ ക്യാച്ച് ടൂര്‍ണമെന്റിലെ മികച്ച ക്യാച്ചുകളിലൊന്നാണ്. മികച്ച ബൗളിംഗ്, ബാറ്റിംഗ്, ഫീല്‍ഡിംഗ് എന്നിവ ചേര്‍ന്നുള്ള കംപ്ലീറ്റ് താരമാണ് ഹര്‍ഭജന്‍ എന്ന് ഹര്‍ഭജന്‍ വിലയിരുത്തുന്നു. വേണ്ടി വന്നാല്‍ എട്ട് ഓവറുകള്‍ പന്തെറിയാന്‍ ജഡേജയ്ക്ക് സാധിക്കും. ബൗളര്‍മാര്‍ക്ക് മോശം ദിവസമുണ്ടാകും. അപ്പോള്‍ ഏറ്റവും ഉപകാരപ്പെടുക ജഡേജയാവും. പന്തുകൊണ്ട് മാത്രമല്ല ബാറ്റ് കൊണ്ടും അദ്ദേഹം അദ്ഭുതം കാണിക്കുമെന്നും ഹര്‍ഭജന്‍ പറയുന്നു.

ഒരേയൊരു പ്രശ്‌നം
മുന്‍ ഇന്ത്യന്‍ താരം സഞ്ചയ് മഞ്ജരേക്കര്‍ ജഡേജ എന്തും കുറച്ച് മാത്രമറിയുന്ന കളിക്കാരനാണെന്ന് പറഞ്ഞിരുന്നു. തന്നേക്കാള്‍ കൂടുതല്‍ മത്സരങ്ങള്‍ ഞാന്‍ കളിച്ചിട്ടുണ്ടെന്ന് ജഡേജ ഇതിന് മറുപടിയും നല്‍കിയിരുന്നു. എന്നാല്‍ ഇത് ടീം സെലക്ഷനില്‍ സ്വാധീനിക്കാനാണ് സാധ്യത. മഞ്ജരേക്കര്‍ ടീം മാനേജ്‌മെന്റിലും ബിസിസിഐയിലും സ്വാധീനമുള്ളയാളാണ്. അതുകൊണ്ട് മഞ്ജരേക്കര്‍ക്കെതിരെയുള്ള വിമര്‍ശനം ചിലര്‍ ഗൗരവത്തോടെയെടുത്തിട്ടുണ്ട്. മുമ്പ് യുവരാജ് സിംഗിനെ മഞ്ജരേക്കര്‍ വിമര്‍ശിച്ചപ്പോള്‍ അദ്ദേഹം നിശബ്ദനായിരുന്നു. പിന്നീട് വിരമിച്ചപ്പോഴാണ് ഇതിന് മറുപടി നല്‍കിയത്. അതുകൊണ്ട് ജഡേജ കളിക്കുമോ എന്നത് സസ്‌പെന്‍സാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications