മെല്‍ബണ്‍: വമ്പന്‍ ടൂര്‍ണമെന്റുകളില്‍ കായിക താരങ്ങള്‍ വസ്ത്രധാരണത്തിലും ഹെയര്‍സ്റ്റൈലിലുമെല്ലാം മാറ്റം വരുത്തി മാധ്യമ ശ്രദ്ധ ആകര്‍ഷിക്കുക പതിവാണ്. ഇത്തരത്തില്‍ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോലിയുടെ ഹെയര്‍ സ്‌റ്റൈല്‍ ആണ് ഇപ്പോള്‍ ലോകകപ്പ് ക്രിക്കറ്റ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്.
ഫുട്‌ബോള്‍താരം റൊണാള്‍ഡോയെ അനുകരിച്ച് മൊഹാക് കട്ട് സ്‌റ്റൈലിലാണ് ഇപ്പോള്‍ കോലി. ഇരുവശങ്ങളില്‍ മുടി പൂര്‍ണമായും വടിച്ചുകളഞ്ഞ് മൂര്‍ദ്ധാവില്‍ മുകളിലോട്ട് ഉയര്‍ന്നു നില്‍ക്കുന്ന രീതിയാണ് മൊഹാക് കട്ട്. ഒട്ടേറെ കായിക താരങ്ങള്‍ സമാന ഹെയര്‍സ്‌റ്റൈല്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും കോലിയുടെ പുതിയ സ്റ്റൈല്‍ ഏവരെയും ആകര്‍ഷിച്ചിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയെ നേരിടുംമുന്‍പ് പരിശീലനത്തിനിറങ്ങിയ ഇന്ത്യന്‍ ടീമില്‍ കോലിയാണ് ശ്രദ്ധാകേന്ദ്രമായത്. ട്വിറ്ററിലും ഫേസ്ബുക്കിലും കോലിയുടെ തലയും വൈറലായിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെതിരെ സെഞ്ച്വറി നേടിയ കോലി തുടര്‍ മത്സരങ്ങളിലും മികച്ച പ്രകടനം ആവര്‍ത്തിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
പുതിയ ഹെയര്‍സ്റ്റൈല്‍ കൂടുതല്‍ ഭാഗ്യം കൊണ്ടുവരുമെന്ന് കോലിയും കരുതുന്നു. 2002ല്‍ ഫുട്‌ബോള്‍താരം ഡേവിഡ് ബെക്കാമിലൂടെയാണ് മൊഹാക് ഹെയര്‍സ്‌റ്റൈല്‍ കൗതുകമാകുന്നത്. 2013ലെ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ മൊഹാക് കട്ട് അവലംബിച്ചു. വിന്‍ഡീസ് സ്പിന്നര്‍ സുന്‍ നരൈന്‍ സ്ഥിരമായി മൊഹാക് കട്ട് ചെയ്യുന്ന കളിക്കാരനാണ്.