ആന്റിഗ്വ: വെസ്റ്റ് ഇന്‍ഡീസില്‍ വിരാട് കോലിക്ക് ഇത് രണ്ടാമൂഴമാണ്. ഇത്തവണ ക്യാപ്റ്റനായിട്ടാണ് കോലി വിന്‍ഡീസില്‍ എത്തുന്നത്. ഇതിന് മുമ്പ് കോലി വിന്‍ഡീസില്‍ കളിക്കാനെത്തിയത് 2011 ലായിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കാന്‍. ഏകദിന ലോകകപ്പ് സ്വന്തമാക്കി മാസങ്ങള്‍ക്ക് ശേഷമായിരുന്നു ഇത്. കോലിയുടെ ആദ്യത്തെ വിന്‍ഡീസ് പര്യടനം ഇന്ത്യയ്ക്ക് മോശമായില്ല. പരമ്പര 1 - 0ന് ഇന്ത്യ ജയിച്ചു.
പക്ഷേ വിരാട് കോലിക്ക് വ്യക്തിപരമായി ആഘോഷിക്കാന്‍ വലുതായൊന്നും അന്ന് കിട്ടിയില്ല. അരങ്ങേറ്റ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ കോലി 4 റണ്‍സിന് പുറത്തായി. രണ്ടാം ഇന്നിംഗ്‌സില്‍ 15 റണ്‍സിനും. അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം ടെസ്റ്റില്‍ 11 സെഞ്ചുറിയും മൂവായിരത്തോളം റണ്‍സുമായി, ടീമിന്റെ നായകനായി വീണ്ടും കരീബിയനില്‍ എത്തുമ്പോള്‍ കോലിക്ക് എന്താണ് പറയാനുള്ളത്.

ആദ്യമായി വെസ്റ്റ് ഇന്‍ഡീസില്‍ എത്തുമ്പോള്‍ ടെസ്റ്റ് ക്രിക്കറ്റിനെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ലായിരുന്നു എന്നാണ് കോലി പറയുന്നത്. തന്റെ ക്രിക്കറ്റില്‍ ഒരുപാട് കാര്യങ്ങള്‍ മെച്ചപ്പെടുത്താനുണ്ട് എന്ന് എനിക്ക് മനസിലാക്കിത്തന്നത് വെസ്റ്റ് ഇന്‍ഡീസാണ്. എന്റെ ടെസ്റ്റ് കരിയര്‍ തുടങ്ങിയ സ്ഥലമാണ് ഇത്. വീണ്ടും ഇവിടെ വന്ന് കളിക്കാന്‍ സാധിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്.
നാല് ടെസ്റ്റുകളാണ് ഇന്ത്യ ഈ പര്യടനത്തില്‍ വെസ്റ്റ് ഇന്‍ഡീസില്‍ കളിക്കുക. ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതിയൊരു കൂട്ടുകെട്ടിന്റെ കൂടി തുടക്കമാണ് ഇത്. ക്യാപ്റ്റന്‍ വിരാട് കോലിക്കൊപ്പം പരിശീലകനായി സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെ എത്തിയ ശേഷം ഇന്ത്യ കളിക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര മത്സരമാണ് ഇത്. ആന്റിഗ്വയിലെ സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്റ്റേഡിയത്തിലാണ് ഒന്നാം ടെസ്റ്റ്.