ദുബായ്: കളിച്ചിരുന്ന കാലത്ത് കളി ആരാധകര്‍ പലരും ദൈവം എന്ന് വിളിച്ചിരുന്നത് സച്ചിനെയാണ്. ആ സച്ചിന് പോലും തോന്നുന്നില്ല ഇന്ത്യന്‍ ബൗളര്‍മാര്‍ ലോകകപ്പില്‍ എന്തെങ്കിലും ചെയ്യുമെന്ന്. ഇന്ത്യ കളി ജയിക്കണമെങ്കില്‍ ബൗളര്‍മാരെ ദൈവം രക്ഷിക്കണം എന്നാണ് സച്ചിന്‍ പറയുന്നത്. ബൗളിംഗ് മോശമായത് മാത്രമല്ല കാരണം, 30 വാര സര്‍ക്കിളിന് പുറത്ത് വെറും നാലേ നാല് ഫീല്‍ഡര്‍മാരെ മാത്രമേ അനുവദിക്കൂ.
ആദ്യമായിട്ടാണ് ലോകകപ്പില്‍ ഇങ്ങനെ ഒരു നിയമം കൊണ്ടുവരുന്നത്. ഏറ്റവും കൂടുതല്‍ കളികള്‍ കളിച്ച റെക്കോര്‍ഡ് കയ്യിലുണ്ടെങ്കിലും ഈ നിയമത്തിന്‍ കീഴില്‍ സച്ചിന്‍ കളിച്ചിട്ടില്ല. എന്നാലും പുതിയ നിയമം ബാറ്റ്‌സ്മാന്‍മാരെ സഹായിക്കും എന്ന് തന്നെയാണ് സച്ചിനും പറയുന്നത്. എന്നാല്‍ ഫോമിലല്ലാത്ത ബാറ്റ്‌സ്മാന്‍മാര്‍ക്ക് സിംഗിളുകള്‍ എടുത്ത് കളിച്ച് ഫോമിലെത്താന്‍ ഈ നിയമം വിഷമമാകും - സച്ചിന്‍ നിരീക്ഷിക്കുന്നു.

പക്ഷേ ഫോമിലുള്ള രണ്ട് ബാറ്റ്‌സ്മാന്‍മാരാണ് ക്രീസിലെങ്കില്‍ ഈ നിയമം ഫീല്‍ഡിംഗ് ടീമിന് പ്രശ്‌നമാകും. പിന്നെ ബൗളര്‍മാരെ രക്ഷിക്കാന്‍ ദൈവം തന്നെ വിചാരിക്കണം - 6 ലോകകപ്പുകളില്‍ കളിച്ച റെക്കോര്‍ഡ് കൈവശമുള്ള സച്ചിന്‍ പറഞ്ഞു. 1992 മുതല്‍ 2011 വരെയുള്ള ലോകകപ്പുകളിലാണ് സച്ചിന്‍ കളിച്ചത്. സച്ചിനല്ലാതെ മിയാന്‍ദാദ് മാത്രമാണ് ഇത്രയും ലോകകപ്പുകളില്‍ കളിച്ചിട്ടുള്ളത്.
സമീപകാലത്തെ ഏറ്റവും മോശം ബൗളിംഗ് നിരയുമായിട്ടാണ് ഇന്ത്യ ലോകകപ്പിന് തയ്യാറെടുക്കുന്നത്. ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മയ്ക്ക് കൂടി പരിക്കേറ്റതോടെ ഇന്ത്യയുടെ ആക്രമണം കൂടുതല്‍ ദുര്‍ബലമായി. സ്പിന്നിലും പഴയ പെരുമയില്ല. കഴിഞ്ഞ ലോകകപ്പില്‍ കളിച്ച സീനിയര്‍ ബൗളര്‍മാരായ സഹീര്‍ ഖാന്‍, ഹര്‍ഭജന്‍ സിംഗ് എന്നിവര്‍ ഇത്തവണ ഇന്ത്യന്‍ ടീമില്‍ കളിക്കുന്നില്ല.