ടൊറന്റോ: കാനഡ ഗ്ലോബല്‍ ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വിന്നിപെഗ് ഹ്വാക്‌സിന് കിരീടം. ആവേശകരമായ ഫൈനലില്‍ വാന്‍കോവര്‍ നൈറ്റ്‌സിനെതിരെ സൂപ്പര്‍ ഓവറിലാണ് വിന്നിപെഗ് ജയിച്ചുകയറിയത്. ആദ്യ ബാറ്റ് ചെയ്ത വിന്നിപെഗ് 192 റണ്‍സെടുത്തപ്പോള്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇത്രയും റണ്‍സെടുക്കാനേ വാന്‍കോറിന് കഴിഞ്ഞുള്ളൂ. ഇതേ തുടര്‍ന്ന് നടന്ന സൂപ്പര്‍ ഓവറിലാണ് ജേതാക്കളെ നിശ്ചയിച്ചത്.
വിന്നിപെഗിനുവേണ്ടി ക്രിസ് ലിന്‍(21 പന്തില്‍ 37) ഷൈമാന്‍ അന്‍വന്‍(45 പന്തില്‍ 90) എന്നിവര്‍ മികച്ച തുടക്കമാണ് നല്‍കിയത്. ജെപി ഡുമിനി(27 പന്തില്‍ 33)യും തിളങ്ങി. മറുപടി ബാറ്റിങ്ങില്‍ തുടക്കം പാളിയെങ്കിലും അവസന ഓവറുകളില്‍ ആന്ദ്രെ റസ്സലും ഷൊയബ് മാലിക്കും കത്തിക്കയറുകയായിരുന്നു. റസ്സല്‍ 20 പന്തില്‍ 46 റണ്‍സടിച്ചപ്പോള്‍ മാലിക് 36 പന്തില്‍ 64 റണ്‍സെടുത്തു. സാദ് ബിന്‍ സഫര്‍(27), ഡാനിയേല്‍ സാംസ്(21), വാന്‍ ഡര്‍ ഡസ്സന്‍(23) എന്നിവരും മോശമല്ലാത്ത സ്‌കോര്‍ നേടി.

സൂപ്പര്‍ ഓവറില്‍ പിഴച്ചതാണ് ടീമിന് നിരാശ സമ്മാനിച്ചത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ റസ്സലും വാന്‍ഡര്‍ ഡസ്സനും സ്‌കോര്‍ ചെയ്യാനായില്ല. റസ്സല്‍ 7 റണ്‍സെടുത്തു. ആകെ ഒരു വിക്കറ്റിന് 9 റണ്‍സാണ് വാന്‍കോവര്‍ നേടിയത്. 10 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്നിപെഗ് നാല് പന്തുകള്‍ കഴിയുമ്പോഴേക്കും ജയിച്ചുകയറി. ക്രിസ് ലിന്‍ 5 റണ്‍സും ഷൈമോന്‍ ഒരു റണ്‍സും നേടിയപ്പോള്‍ നാല് റണ്‍സ് ബൈ ലഭിച്ചത് വിന്നിപെഗിന് ജയം എളുപ്പമാക്കി.