ടൊറന്റോ: പ്രായത്തെ തോല്‍പ്പിക്കുന്ന കളി കാഴ്ചവെക്കുന്ന വിന്‍ഡീസ് താരം ക്രിസ് ഗെയ്ല് കാനഡ ടി20 ക്രിക്കറ്റില്‍ ഒരിക്കല്‍ക്കൂടി വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തു. വാന്‍കോവര്‍ നൈറ്റ്സിനുവേണ്ടി കളിക്കുന്ന ഗെയ്ലിന്റെ മികവില്‍ ടീം എഡ്മോണ്ടന് റോയല്‍സിനെ 6 വിക്കറ്റിന് തോല്‍പ്പിക്കുകയും ചെയ്തു. എഡ്മോണ്ടന് 166 റണ്‍സിന്റെ വിജയലക്ഷ്യം മുന്നോട്ട് വച്ചപ്പോള്‍ 16.3 ഓവറില്‍ വാന്‍കോവര്‍ ലക്ഷ്യംകണ്ടു.
ആഷസ്: സ്മിത്തിന് ബേണ്‍സിന്റെ മറുപടി, ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് പിടിമുറുക്കുന്നു
തന്റെ പ്രതാപകാലത്തെ ഓര്‍മിപ്പിക്കുന്ന രീതിയിലാണ് ക്രിസ് ഗെയ്ല് ബാറ്റുവീശിയത്. 44 പന്തില്‍ 94 റണ്‍സെടുത്ത ഗെയ്ല് പാക് സ്പിന്നര്‍ ഷദാബ് ഖാനെ ഒരോവറില്‍ 32 റണ്‍സടിക്കുകയും ചെയ്തു. നാല് സിക്സറും രണ്ട് ഫോറുമാണ് ഷദാബിന്റെ ഓവറില്‍ ഗെയ്ല് അടിച്ചുകൂട്ടിയത്. ആദ്യ രണ്ട് പന്തും സിക്സറടിച്ച ഗെയ്ല് തുടര്‍ന്നുള്ള രണ്ട് പന്തില്‍ രണ്ട് ഫോറും അവസാനത്തെ രണ്ട് പന്തില്‍ വീണ്ടും സിക്സറുകളും നേടുകയുമായിരുന്നു. ഗെയ്ലിനെ കൂടാതെ ഷൊയബ് മാലിക് 17 പന്തില്‍ 34 റണ്‍സെടുത്ത് ടീമിന്റെ വിജയത്തില്‍ പങ്കാളിയായി.
ആദ്യം ബാറ്റ് ചെയ്ത എഡ്മോണ്ടന് റോയല്‍സിന് തുടക്കം മുതല്‍ വിക്കറ്റുവീണതാണ് തിരിച്ചടിയായത്. 41 പന്തില്‍ 72 റണ്‍സടിച്ച ബെന്‍ കട്ടിങ്ങും 27 പന്തില്‍ 40 റണ്‍സെടുത്ത മുഹമ്മദ് നവാസുമാണ് ടീമിന് മാന്യമായ സ്കോര്‍ നല്‍കിയത്. ജെയിംസ് നീഷാം 28 റണ്‍സെടുത്തു. അലി ഖാന്, സാദ് ബിന്‍ സഫര്‍, ഹൈഡന് വാല്‍ഷ് എന്നിവര്‍ രണ്ടുവിക്കറ്റുവീതം വീഴ്ത്തി. തുടര്‍ച്ചയായ നാല് മത്സരങ്ങള്‍ തോറ്റ എഡ്മോണ്ടന് ഇതേവരെ ഒരു പോയന്റുപോലും നേടാനായിട്ടില്ല.