മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ പരമ്പര നഷ്ടമായി നിരാശയില്‍ കഴിയുന്ന ഇന്ത്യന്‍ താരങ്ങളെ നിശിതമായി വിമര്‍ശിച്ച് ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍. ഇന്ത്യന്‍ കളിക്കാരില്‍ ചിലര്‍ വ്യക്തിഗത റെക്കോര്‍ഡുകള്‍ക്ക് വേണ്ടിയാണ് കളിക്കുന്നതെന്നാണ് മാക്‌സ്‌വെല്ലിന്റെ കണ്ടെത്തല്‍.
ക്രിക്കറ്റ് ഓസ്‌ട്രേലിയ വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് മാക്‌സ്‌വെല്‍ ഇന്ത്യന്‍ താരങ്ങളെ വിമര്‍ശിച്ച് രംഗത്ത് വന്നത്. വ്യക്തിഗത നേട്ടത്തിനായുള്ള പരിശ്രമം ഇന്ത്യന്‍ താരങ്ങളില്‍ കാണാറുണ്ട്. ചിലര്‍ വ്യക്തിഗത നേട്ടങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. വ്യക്തിഗത നേട്ടങ്ങള്‍ക്കായി കളിക്കുന്നത് അവരുടെ കാര്യം എന്നാല്‍ താന്‍ അങ്ങനെ വ്യക്തിഗത നേട്ടങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കാറില്ലെന്നും മാക്‌സ്‌വെല്‍ വ്യക്തമാക്കി.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ താരങ്ങള്‍ ടീമിന്റെ നേട്ടത്തിനുപരി സ്വന്തം നേട്ടങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്ന് ഓസ്‌ട്രേലിയന്‍ മുന്‍ ഓപ്പണര്‍ മാത്യു ഹെയ്ഡനും മുമ്പ് ആരോപണം ഉന്നയിച്ചിരുന്നു. സെഞ്ച്വറി അടിക്കാറായാല്‍ അവര്‍ മെല്ലെപ്പോകുമെന്നും അത് ടീമിന്റെ ടോട്ടലിനെ കാര്യമായി ബാധിക്കുമെന്നുമാണ് ഹെയ്ഡന്‍ മുമ്പ് പറഞ്ഞത്.
ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ രണ്ട് കളികളിലും സെഞ്ച്വറി അടിച്ച രോഹിത് ശര്‍മ്മയും മൂന്നാം ഏകദിനത്തില്‍ സെഞ്ച്വറി നേടിയ വിരാട് കോലിയും നിരവധി റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് മാകിസ്‌വെല്ലിന്റെ വെളിപ്പെടുത്തല്‍.