അടുത്തിടെ പ്രഖ്യാപിച്ച ടി20 ലോകകപ്പ് ടീമിൽ ഗില്ലിന് ഇടം നൽകാത്തത് വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ച് ഗില്ലിന്റെ പ്രതികരണം പുറത്തുവന്നിരിക്കുകയാണ്. ലോകകപ്പ് ടീമിൽ ഗിൽ ഉണ്ടാവുമെന്ന് കരുതിയ സാഹചര്യത്തിൽ നിന്നാണ് താരത്തെ ഒഴിവാക്കിയത്. എല്ലാ ഫോർമാറ്റിലും ഒറ്റ നായകൻ എന്ന നിലയിലേക്ക് ഗില്ലിനെ അവതരിപ്പിക്കും എന്ന് കരുതിയിടത്ത് നിന്നാണ് താരത്തിന്റെ പുറത്താകൽ. സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനം താരത്തിന്റെ മോശം പ്രകടനത്തെ തുടർന്നായിരുന്നു.
കഴിഞ്ഞ വർഷം താരം കളിച്ച 15 ടി20 മത്സരങ്ങളിലെ പ്രകടനമാണ് ടീം തിരഞ്ഞെടുപ്പിൽ നിർണായകമായത്. 24.25 ശരാശരിയിൽ 219 റൺസ് മാത്രം നേടിയ ഗില്ലിന് ഒരു അർധ സെഞ്ച്വറി പോലും നേടാനായില്ല. ഏഷ്യാ കപ്പിൽ ടി20 ടീമിന്റെ ഉപനായകനായിരുന്നിട്ടും, അജിത് അഗാർക്കർ നയിച്ച സെലക്ഷൻ കമ്മിറ്റി അദ്ദേഹത്തെ ഒഴിവാക്കിയത് അപ്രതീക്ഷിതമായിരുന്നു.

ടി20 ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ച് ഗിൽ കൂടുതൽ വിശദീകരിക്കാൻ കൂട്ടാക്കിയില്ല. പകരം, തിരഞ്ഞെടുക്കപ്പെട്ട ടീമിന് അദ്ദേഹം വിജയാശംസകൾ നേർന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. ഫെബ്രുവരി 7 മുതൽ മാർച്ച് 8 വരെ ഇന്ത്യയിലും ശ്രീലങ്കയിലുമായി എട്ട് വേദികളിലായാണ് ടൂർണമെന്റ് നടക്കുന്നത്. ഫെബ്രുവരി 7-ന് വാങ്കഡെ സ്‌റ്റേഡിയത്തിൽ അമേരിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
അമേരിക്ക, നമീബിയ, നെതർലൻഡ്‌സ്, പാകിസ്ഥാൻ എന്നിവയ്‌ക്കൊപ്പം ഗ്രൂപ്പ് എ-യിലാണ് ഇന്ത്യ. അതുകൊണ്ട് തന്നെ ഗിൽ ഇക്കാര്യത്തിൽ എന്ത് നിലപാടാണ് വച്ച് പുലർത്തുന്നത് എന്നറിയാൻ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു ആരാധകർ. എന്നാൽ വളരെ പക്വമായ രീതിയിലാണ് ഗിൽ ഇതിനോട് പ്രതികരിച്ചത്.
ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിന് മുന്നോടിയായി ശനിയാഴ്‌ച മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഗിൽ തന്റെ നിലപാട് വ്യക്തമാക്കിയത്.'സെലക്റ്റർമാരുടെ തീരുമാനത്തെ ഞാൻ ബഹുമാനിക്കുന്നു, കൂടാതെ ടി20 ലോകകപ്പിനായി ടീമിന് എല്ലാ ആശംസകളും നേരുന്നു' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ, ഇപ്പോഴത്തെ നിമിഷത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ പ്രാധാന്യം ഗിൽ ഊന്നിപ്പറഞ്ഞു. ടീമിന്റെ ഡ്രസ്സിംഗ് റൂമിലെ മികച്ച സൗഹൃദപരമായ അന്തരീക്ഷത്തെക്കുറിച്ചും അദ്ദേഹം ആവർത്തിച്ചു പറഞ്ഞു. അടുത്തിടെ ഉയർന്നുവന്ന ഡ്രസ്സിംഗ് റൂമിലെ ഭിന്നതകളെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ഗിൽ നിഷേധിച്ചു.
ടെസ്‌റ്റ് ഫോർമാറ്റിലെ ടീമിന്റെ മോശം പ്രകടനത്തിനിടെ രോഹിത് ശർമ്മ, വിരാട് കോലി, ഗൗതം ഗംഭീർ എന്നിവർക്കിടയിൽ പ്രശ്‌നാങ്ങളുണ്ടെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. നിർണായകമായ ഏകദിന പരമ്പരയ്ക്ക് ഒരുങ്ങവെ ഈ ഊഹാപോഹങ്ങളെ ഗിൽ പാടെ തള്ളിക്കളഞ്ഞു. മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിലാണ് ഗിൽ പ്രതികരിച്ചത്.
'ടീം അന്തരീക്ഷം അതിശയകരമാണ്. ഞാൻ പേരെടുത്തു പറഞ്ഞ കളിക്കാർ പതിറ്റാണ്ടുകളായി ഈ അന്തരീക്ഷത്തിന്റെ ഭാഗമാണ്. അവർ എപ്പോഴും ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുന്നവരാണ്. അവസാന പരമ്പരയിലും അവർ എത്ര നന്നായി കളിച്ചുവെന്ന് നിങ്ങൾ കണ്ടതാണല്ലോ, അതുകൊണ്ട് ടീമിന്റെ അന്തരീക്ഷം ഇപ്പോൾ വളരെ മികച്ചതാണ്' അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ സമീപകാല ടെസ്‌റ്റ് തിരിച്ചടികൾക്ക് കാരണം തിരക്കേറിയ അന്താരാഷ്ട്ര മത്സരക്രമമാണെന്ന് ഗിൽ ചൂണ്ടിക്കാട്ടി. ഇത് കളിക്കാരുടെ പ്രകടനത്തെയും വിശ്രമത്തെയും പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് ഏകദിന, ടെസ്‌റ്റ് ക്യാപ്റ്റൻ പറയുന്നത്. 2016-നും 2018-നും ഇടയിലുണ്ടായിരുന്ന മത്സരക്രമമായിരുന്നു നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.