ഐപിഎല്ലിലെ കോടിക്കിലുക്കം; 10 കോടിയിലധികം നല്‍കിയിട്ടും നിരാശപ്പെടുത്തിയ താരങ്ങള്‍ ഇവരാണ്
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ലോകത്തിലെത്തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗുകളിലൊന്നാണ്. സാമ്പത്തികമായി താരങ്ങള്‍ക്ക് വളരെയധികം ലാഭം ലഭിക്കുന്ന ഐപിഎല്ലിന് വലിയ ആരാധക പിന്തുണയുമുണ്ട്. ഓരോ സീസണിന് മുന്നോടിയായുമുള്ള താരലേലത്തിലും കോടികളാണ് സൂപ്പര്‍ താരങ്ങള്‍ക്ക് ലഭിക്കുന്നത്. പലപ്പോഴും ഓള്‍റൗണ്ടര്‍മാര്‍ക്കാണ് താരലേലത്തില്‍ കൂടുതല്‍ പ്രതിഫലം ലഭിക്കാറ്. ഐപിഎല്ലിന്റെ ചരിത്രത്തില്‍ 10 കോടിയലധികം രൂപ നല്‍കി ടീമിലെത്തിച്ചിട്ട് നിരാശപ്പെടുത്തിയ ചില താരങ്ങളുണ്ട്. ആ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

യുവരാജ് സിങ്
ഇന്ത്യയുടെ ലോകകപ്പ് ഹീറോയും സൂപ്പര്‍ ഓള്‍റൗണ്ടറുമായ യുവരാജ് സിങ്ങാണ് ഐപിഎല്‍ താരലേലത്തില്‍ കൂടുതല്‍ പ്രതിഫലം ലഭിച്ച താരം. 2014ലെ താരലേലത്തില്‍ വിരാട് കോലി ക്യാപ്റ്റനായുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു 14 കോടിക്ക് യുവിയെ സ്വന്തമാക്കി. സീസണില്‍ രണ്ട് അര്‍ധ സെഞ്ച്വറിയടക്കം 376 റണ്‍സാണ് അദ്ദേഹം നേടിയത്. ആര്‍സിബി തൊട്ടടുത്ത സീസണില്‍ യുവിയെ കൈയൊഴിഞ്ഞെങ്കിലും ഐപിഎല്‍ ചരിത്രത്തിലെ ഉയര്‍ന്ന ലേല തുകയായ 16 കോടിക്ക് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് യുവിയെ സ്വന്തമാക്കുകയായിരുന്നു. കോടിക്കിലുക്കം പ്രകടനത്തില്‍ കാട്ടാന്‍ കഴിയാതിരുന്ന യുവരാജ് 19.7 ശരാശരിയില്‍ നേടിയത് 248 റണ്‍സും 1 വിക്കറ്റും മാത്രമാണ്.

ടൈമല്‍ മില്‍സ്
ഇംഗ്ലണ്ട് പേസരെ 2017 സീസണില്‍ 12.6 കോടി രൂപയ്ക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ടീമിലെത്തിച്ചു. ദേശീയ ടീമിനൊപ്പമുള്ള പ്രകടനത്തോടൊപ്പം ബിഗ് ബാഷ് ലീഗിലെ മികച്ച പ്രകടനവുമാണ് മില്‍സിനെ താരലേലത്തില്‍ പ്രിയങ്കരനാക്കിയത്. എന്നാല്‍ ആര്‍സിബിയുടെ എല്ലാ പ്രതീക്ഷകളും തെറ്റിച്ച് 5 മത്സരത്തില്‍ നിന്ന് 5 വിക്കറ്റ് മാത്രമാണ് മില്‍സ് നേടിയത്. അതും 8.58 എക്കോണമി റേറ്റില്‍. ഈ സീസണില്‍ ഏറ്റവും അവസാന സ്ഥാനത്തായിരുന്നു ആര്‍സിബി

ജയദേവ് ഉനദ്ഘട്ട്
2017ലെ ഐപിഎല്ലില്‍ 30 ലക്ഷം രൂപയ്ക്ക് റൈസിങ് പൂനെ സൂപ്പര്‍ജെയ്ന്റിനുവേണ്ടി ഇറങ്ങിയ ഉനദ്ഘട്ട് 24 വിക്കറ്റുകള്‍ വീഴ്ത്തി സീസണിലെ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തെത്തി. ഈ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ 2018ലെ ഐപിഎല്ലില്‍ 11.5കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് ഉനദ്ഘട്ടിനെ ടീമിലെത്തിച്ചു. തല്ലുവാങ്ങിക്കൂട്ടിയ ഉനദ്ഘട്ട് 15 മത്സരത്തില്‍ നിന്ന് നേടിയത് വെറും 11 വിക്കറ്റ്. അതും 9.65 എക്കോണമി റേറ്റില്‍. 2019ല്‍ 8.4 കോടി രൂപയ്ക്ക് ഉനദ്ഘട്ടിനെ രാജസ്ഥാന്‍ വീണ്ടും ടീമിലെത്തിച്ചെങ്കിലും 10.66 എക്കോണമി റേറ്റിലാണ് ഉനദ്ഘട്ട് അടിവാങ്ങിക്കൂട്ടിയത്.

ബെന്‍ സ്‌റ്റോക്‌സ്
ലോക ക്രിക്കറ്റിലെ മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായ ഇംഗ്ലണ്ടിന്റെ ബെന്‍ സ്‌റ്റോക്‌സിനെ 2018 സീസണില്‍ 12.5 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സാണ് ടീമിലെത്തിച്ചത്. റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിനൊപ്പം 300 റണ്‍സും 10 വിക്കറ്റും വീഴ്ത്തിയതാണ് ഇത്രയും ഉയര്‍ന്ന തുകയ്ക്ക് സ്റ്റോക്‌സിനെ സ്വന്തമാക്കാന്‍ രാജസ്ഥാനെ പ്രേരിപ്പിച്ചത്. എന്നാല്‍ തീര്‍ത്തും നിരാശപ്പെടുത്തി ഒരു അര്‍ധ സെഞ്ച്വറി മാത്രമാണ് സ്‌റ്റോക്‌സ് നേടിയത്. 16.33 ആണ് ബാറ്റിങ് ശരാശരി. 8.18 എക്കോണമി റേറ്റിലായിരുന്നു സ്‌റ്റോക്‌സിന്റെ ബൗളിങ് പ്രകടനം. സീസണില്‍ ഏഴാം സ്ഥാനത്താണ് രാജസ്ഥാന്‍ ഫിനിഷ് ചെയ്തത്.

ദിനേഷ് കാര്‍ത്തിക്
നിലവിലെ കെകെആര്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ ദിനേഷ് കാര്‍ത്തികിനെ 2014 സീസണില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് 12.5കോടി രൂപയ്ക്കാണ് ടീമിലെത്തിച്ചത്. എന്നാല്‍ 23.21 ശരാശരിയില്‍ 325 റണ്‍സ് മാത്രമാണ് താരം നേടിയത്. ഈ സീസണില്‍ രണ്ട് ജയം മാത്രമാണ് ഡല്‍ഹിക്ക് നേടാനായത്. തൊട്ടടുത്ത സീസണില്‍ 10.5 കോടി രൂപയ്ക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു കാര്‍ത്തികിനെ സ്വന്തമാക്കി. 16 മത്സരത്തില്‍ നിന്ന് 12.81 ശരാശരിയില്‍ വെറും 141 റണ്‍സ് മാത്രമാണ് കാര്‍ത്തികിന് നേടാനായത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications