ഗിൽ മൂന്ന് മുൻ ടെസ്‌റ്റ് ക്യാപ്റ്റൻമാരുടെ തനി പകർപ്പെന്ന് ഗവാസ്‌കർ; ധോണിയും കോലിയും രോഹിതുമാണോ?
ഇന്ത്യൻ ക്രിക്കറ്റിലെ തലമുറ കൈമാറ്റം നടക്കുന്ന കാലഘട്ടമാണ് ഇതെന്ന് നിസംശയം പറയാം. സൂപ്പർതാരങ്ങളായ കോലിയും രോഹിതും ടെസ്‌റ്റ് ക്രിക്കറ്റിൽ നിന്ന് കൂടി അടുത്തിടെ വിരമിക്കൽ പ്രഖ്യാപിച്ചതോടെ എല്ലാം യുവതാരങ്ങളുടെ ചുമലിലേക്ക് ഇറക്കി വയ്ക്കുകയാണ് ടീം മാനേജ്‌മന്റ് ചെയ്‌തത്. അതിന്റെ തേരാളിയായി ബിസിസിഐ തിരഞ്ഞെടുത്തതാവട്ടെ യുവതുർക്കി ഗില്ലിനെയുമാണ്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ട് പരമ്പരയാണ് ഗില്ലിന്റെ ആദ്യ മത്സരവേദി.
അവിടെ ശരിക്കും അഗ്നി പരീക്ഷ തന്നെയാണ് ഗില്ലിന് നേരിടേണ്ടി വരുന്നതെന്ന് ആദ്യ മൂന്ന് ടെസ്റ്റുകൾ കഴിയുമ്പോൾ തന്നെ ബോധ്യമായിട്ടുണ്ട്. ഒന്നാം ടെസ്‌റ്റിൽ ഇംഗ്ലണ്ട് ജയിച്ചപ്പോൾ രണ്ടാം മത്സരത്തിൽ ഇന്ത്യ ഇംഗ്ലീഷ് പടയെ തറപറ്റിച്ചു വിജയം നേടിയെടുത്തിരുന്നു. മൂന്നാമത്തെ ടെസ്‌റ്റിൽ പക്ഷേ ഇന്ത്യയ്ക്ക് അവസാന നിമിഷം കാലിടറുകയായിരുന്നു. ഇതോടെ ടൂർണമെന്റിൽ 2-1 നിലയിൽ പിന്നിലാണ് ഗില്ലും ഇന്ത്യൻ ടീമും.

ഇപ്പോഴിതാ ഗില്ലിലെ നായകനെ കുറിച്ച് മനസ് തുറക്കുകയാണ് ഇതിഹാസ താരം സുനിൽ ഗവാസ്‌കർ. മൂന്ന് മുൻ ഇന്ത്യൻ നായകന്മാരുമായാണ് ഗവാസ്‌കർ താരത്തെ താരതമ്യം ചെയ്‌തത്. ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ നിന്നുള്ള നായക മികവാണ് അദ്ദേഹം അളവുകോലായി സ്വീകരിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിൽ ചരിത്ര വിജയം നേടിയ മൂന്ന് നായകന്മാരുമായാണ് ഗവാസ്‌കർ ഗില്ലിനെ താരതമ്യം ചെയ്‌തത് എന്ന പ്രത്യേകത കൂടിയുണ്ട്.
1971-ൽ അജിത് വഡേക്കർ, 1986-ൽ കപിൽ ദേവ്, 2007-ൽ രാഹുൽ ദ്രാവിഡ് എന്നിവരുടെ കീഴിൽ ഇംഗ്ലണ്ടിൽ ഇന്ത്യ നേടിയ അപൂർവ ടെസ്‌റ്റ് പരമ്പര വിജയങ്ങളെക്കുറിച്ച് കൂടി ചേർത്തുവച്ചുകൊണ്ടാണ് ഗില്ലിനെ കുറിച്ച് അദ്ദേഹം സംസാരിച്ചത്. ഈ ക്യാപ്റ്റൻമാരെ ഒന്നിച്ചുനിർത്തുന്ന സവിശേഷ ഗുണങ്ങളായ ശാന്തവും സമചിത്തതയുള്ളതുമായ നേതൃത്വം ഗില്ലിനും ഉണ്ടെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.
മൂന്ന് ക്യാപ്റ്റൻമാർക്കും ശാന്തതയും സമചിത്തതയും നിറഞ്ഞ പെരുമാറ്റമായിരുന്നുവെന്ന് ഗവാസ്‌കർ ചൂണ്ടിക്കാട്ടി. ഇംഗ്ലണ്ടിൽ ഇന്ത്യയെ അവിസ്‌മരണീയമായ പരമ്പര വിജയങ്ങളിലേക്ക് നയിക്കുന്നതിൽ ഈ സ്വഭാവം നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നു. അത് തന്നെയാണ് ഗില്ലിലും പ്രകടമായതെന്ന് ഗവാസ്‌കർ പറയുന്നു.
ഇന്ത്യ മുന്നിൽ നിന്ന് നയിച്ചുകൊണ്ട് ശക്തമായ വിജയം നേടിയ ബർമിംഗ്ഹാമിൽ വഡേക്കർ, കപിൽ, ദ്രാവിഡ് എന്നിവരുടെ ഒരു മിശ്രിതമായിട്ടാണ് ഗിൽ കാണപ്പെട്ടതെന്ന് ഗവാസ്‌കർ പറയുന്നു. ആദ്യ മത്സരത്തിൽ തോറ്റ ഇന്ത്യയ്ക്ക് തിരിച്ചുവരവ് നൽകിയത് ബർമിംഗ്ഹാമിലെ നിർണായക വിജയമാണ്. ഇതിലാണ് ഗവാസ്‌കർ ഗില്ലിന് മുഴുവൻ മാർക്കും നൽകിയിരിക്കുന്നത്.
'സാഹചര്യം എന്തുതന്നെയായാലും ഈ മൂവരും ഒരിക്കൽ പോലും ആവേശഭരിതരായിട്ടില്ല, ആ ശാന്തത പ്രകടമായിരുന്നു. ബർമിംഗ്ഹാമിലെ ഗിൽ ഈ മൂവരുടെയും സംയോജനം പോലെയായിരുന്നു. ഇരട്ട സെഞ്ച്വറിയും ഒരു സെഞ്ച്വറിയും നേടുമ്പോഴും അങ്ങനെ തന്നെ. രണ്ട് ഇന്നിംഗ്‌സുകളിലും ഇംഗ്ലണ്ട് ബാറ്റിംഗിന്റെ ഒപ്പം ഓടിയെത്താൻ അദ്ദേഹത്തിന്റെ ബൗളർമാർ ചിന്താശേഷിയുള്ളവരായിരുന്നു' ഗവാസ്‌കർ പറയുന്നു.
നേരത്തെ രോഹിത് ശർമ്മ അപ്രതീക്ഷിതമായി ടെസ്‌റ്റ് ഫോർമാറ്റിൽ നിന്ന് വിരമിച്ചതിന് പിന്നാലെയാണ് ഗിൽ നായകസ്ഥാനം ഏറ്റെടുത്തത്. പരമ്പരയ്ക്ക് മുമ്പ്, റെഡ്-ബോൾ ഫോർമാറ്റിൽ അദ്ദേഹത്തിന്റെ ബാറ്റിംഗ് സാങ്കേതികതയെ പലരും ചോദ്യം ചെയ്‌തിരുന്നു എന്നതാണ് ഇതിൽ നിർണായക കാര്യം. എന്നിട്ടും ബിസിസിഐ തീരുമാനത്തിൽ ഉറച്ചു നിന്നു.
എന്നാൽ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ നിന്നായി ഒരു ഇരട്ട സെഞ്ച്വറിയും രണ്ട് സെഞ്ച്വറിയും നേടിയ ഗിൽ ബാറ്റ് കൊണ്ട് വിമർശനങ്ങൾക്ക് ഉത്തരം നൽകി. എങ്കിലും നായക സ്ഥാനത്ത് തന്റെ മികവ് തെളിയിക്കാൻ ഗില്ലിന് ഇനിയും ഒരുപാട് സഞ്ചരിക്കേണ്ടി വരും. പ്രത്യേകിച്ച് മുൻ നായകന്മാരായ ധോണി, രോഹിത്, കോലി എന്നിവരുടെ ഒപ്പമെത്താൻ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications