മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ഗൗതം ഗംഭീർ ചുമതല ഏറ്റെടുത്തിട്ട് അധിക കാലമൊന്നും ആയിട്ടില്ല. ഗംഭീറിന് മുന്നിലെ ആദ്യ വെല്ലുവിളിയാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ശ്രീലങ്കൻ പര്യടനം. ഗംഭീറിന്റെ ചുമതല ഏറ്റെടുക്കലുകൾ ഏറെ ചർച്ചകൾക്കും സംവാദങ്ങൾക്കും ഒക്കെ ഇടയാക്കിയ കാര്യമാണ്. എന്നാൽ ഇപ്പോഴിതാ താരത്തെ കുറിച്ച് മുൻ പരിശീലകനായ സഞ്ജയ് ഭരദ്വാജ് മനസ് തുറന്നിരിക്കുകയാണ് ഇപ്പോൾ.
ഗൗതം ഗംഭീറിന്റെ ചെറുപ്പകാലത്തെ ക്രിക്കറ്റ് പരിശീലകനായിരുന്നു സഞ്ജയ് ഭരദ്വാജ്. ഗംഭീറിന്റെ രീതികളെ കുറിച്ചും ഇന്ത്യയുടെ മുൻ പരിശീലകരായ രാഹുൽ ദ്രാവിഡ്, രവി ശാസ്ത്രി എന്നിവരിൽ നിന്ന് ഗംഭീർ എങ്ങനെ വ്യത്യസ്‌തത പുലർത്തുന്നു എന്നതിനെ കുറിച്ചുമൊക്കെ ഭരദ്വാജ് സംസാരിക്കുകയുണ്ടായി. മനോജ് കൽറയുടെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

ഗംഭീർ കളങ്കമില്ലാത്ത മനസിന് ഉടമയാണെന്നും യാതൊരു ദുരുദ്ദേശ്യവും ഇല്ലാത്ത വ്യക്തിത്വമാണ് അദ്ദേഹത്തിന്റേതെന്നും മുൻ പരിശീലകൻ പറയുന്നു. ആളുകൾ ഗംഭീറിനെ അഹങ്കാരിയായി കാണുന്നുണ്ടെങ്കിലും അത് യഥാർത്ഥത്തിൽ വിജയത്തോടുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത അഭിനിവേശത്തിന്റെ മനോഭാവം കാരണമാണെന്നും അദ്ദേഹം വിശദീകരിച്ചു.
"ഇന്നും അവൻ നിഷ്‌കളങ്കനായ കുട്ടിയെപ്പോലെയാണ്. അവൻ 12 വയസുകാരനെപോലെയാണ്. അവൻ അഹങ്കാരിയാണെന്ന് ആളുകൾ കരുതുന്നു, പക്ഷേ അത് വിജയത്തോടുള്ള അദ്ദേഹത്തിന്റെ മനോഭാവമാണ്. ഞാൻ അവനെ നെറ്റ്സിന് ശേഷം മത്സരങ്ങൾ കളിക്കാൻ പ്രേരിപ്പിക്കുമായിരുന്നു, മത്സരങ്ങൾ തോറ്റതിന് ശേഷം അവൻ കറയാറുണ്ടായിരുന്നു. അന്നും തോൽക്കുന്നത് അവന് ഇഷ്‌ടമായിരുന്നില്ല." സഞ്ജയ് ഭരദ്വാജ് പറഞ്ഞു.
ഗൗതം ഗംഭീർ സാങ്കേതിക വൈദഗ്ധ്യത്തിന് പിന്നാലെ പോവുന്ന ആളല്ലെന്നും അദ്ദേഹം പറഞ്ഞു. കാരണം ആ തലത്തിലുള്ള കളിക്കാർക്ക് ഇതിനകം ശക്തമായ സാങ്കേതിക കഴിവുകൾ ഉണ്ടാവും. പകരം ഗംഭീർ തന്ത്രങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കളിക്കാരുടെ മനോവീര്യം ഉയർത്തുകയും അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് അദ്ദേഹത്തിന്റെ മുൻഗണനയെന്നും മുൻ പരിശീലകൻ പറഞ്ഞു.
ഇത്തരം കാര്യങ്ങളാണ് മറ്റ് പരിശീലകരായ രാഹുൽ ദ്രാവിഡ്, രവി ശാസ്ത്രി തുടങ്ങിയവരിൽ നിന്ന് ഗൗതം ഗംഭീറിനെ വ്യത്യസ്‌തമാക്കുന്നതെന്നും അദ്ദേഹം പറയുന്നു. അതിനായി സുനിൽ നരേന്റെ കാര്യവും സഞ്ജയ് ഭരദ്വാജ് എടുത്തുപറഞ്ഞു. നരേനോട് ബൗളിങിൽ അല്ല ബാറ്റിംഗിൽ ശ്രദ്ധ കൊടുക്കാൻ ഗംഭീർ ആവശ്യപ്പെടുകയിരുന്നുവെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്.
അതേസമയം, പരിശീലകനെന്ന നിലയിൽ ഗംഭീറിന്റെ നീക്കങ്ങളിൽ ഭിന്നാഭിപ്രായങ്ങളും ഉയരുന്നുണ്ട് എന്നതാണ് വാസ്‌തവം. ശ്രീലങ്കൻ പര്യടനത്തിൽ, റിങ്കു സിംഗ്, റിയാൻ പരാഗ്, ശുഭ്മാൻ ഗിൽ, രോഹിത് ശർമ്മ എന്നിവരെല്ലാം തന്നെ പന്തെറിഞ്ഞത് ചർച്ചാവിഷയമായിരുന്നു. ദ്രാവിഡ്, രവി ശാസ്ത്രി എന്നിവർ പരിശീലകർ ആയിരുന്ന കാലത്തൊന്നും ഇല്ലാത്ത പരീക്ഷണമായിരുന്നു ഇത്.
തന്റെ ആദ്യ ഏകദിന പരമ്പരയിൽ തോൽവി നേരിടേണ്ടി വരുമോ എന്ന ഭയത്തിലാണ് നിലവിൽ ഗൗതം ഗംഭീർ. ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ഏകദിനം ഇന്ത്യ ജയിക്കാമായിരുന്നിട്ടും കളഞ്ഞു കുളിക്കുകയായിരുന്നു. മത്സരം സമനിലയിലാണ് അവസാനിച്ചത്. രണ്ടാമത്തെ മത്സരത്തിലാവട്ടെ ഇന്ത്യ ദയനീയമായി പരാജയപ്പെടുകയും ചെയ്‌തു. മൂന്നാം ഏകദിനത്തിൽ ജയിച്ചില്ലെങ്കിൽ പരമ്പര ഇന്ത്യയ്ക്ക് നഷ്‌ടമാവും.