ഇവര്‍ക്കു ധോണിയോട് കട്ടക്കലിപ്പ്! വിരമിച്ച ശേഷം തുറന്നടിച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ സമാനതകളില്ലാത്ത ക്യാപ്റ്റനെന്നാണ് മുന്‍ ഇതിഹാസം എംഎസ് ധോണി വിശേഷിപ്പിക്കപ്പെടുന്നത്. ഇന്ത്യയുടെ മറ്റൊരു നായകനും അവകാശപ്പെടാനില്ലാത്ത പല റെക്കോര്‍ഡുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഐസിസിയുടെ മൂന്നു പ്രധാനപ്പെട്ട ട്രോഫികളും സ്വന്തമാക്കിയ ലോകത്തിലെ തന്നെ ആദ്യ നായകന്‍ ധോണിയാണ്.

2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കിക്കൊണ്ട് വരവറിയിച്ച ധോണി 28 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ 2011ല്‍ ഏകദിന ലോകകപ്പും ഇന്ത്യക്കു സമ്മാനിച്ചിരുന്നു. രണ്ടു വര്‍ഷങ്ങള്‍ക്കു ചാംപ്യന്‍സ് ട്രോഫി കൂടി സ്വന്തമാക്കിയ ധോണി മൂന്നാമത്തെ ഐസിസി കിരീടവും തന്റെ അക്കൗണ്ടിലേക്കു കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ഒരുപിടി ഇതിഹാസ താരങ്ങള്‍ ധോണിക്കു കീഴില്‍ ദേശീയ ടീമിനായി കളിച്ചിട്ടുണ്ട്. പക്ഷെ ഇവരില്‍ ചിലര്‍ വിരമിച്ച ശേഷം ധോണിക്കെതിരേ പരസ്യമായി രംഗത്തു വരികയും വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഈ താരങ്ങള്‍ ആരൊക്കെയാണെന്നറിയാം.

ഗൗതം ഗംഭീര്‍

ഗൗതം ഗംഭീര്‍

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണര്‍മാരില്‍ ഒരാളായ ഗൗതം ഗംഭീറിനു എംഎസ് ധോണിയുമായി അത്ര നല്ല ബന്ധമല്ലയുള്ളത്. പല തവണ അദ്ദേഹം ധോണിക്കെതിരേ ആഞ്ഞടിക്കുകയും ചെയ്തിട്ടുണ്ട്. 2007, 2011 ലോകകപ്പ് ഫൈനലുകളില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോര്‍ കൂടിയായിരുന്നു ഗംഭീര്‍. പക്ഷെ അദ്ദേഹത്തിനു മറ്റു പലരെയും പോലെ വേണ്ടത്ര അംഗീകാരം ലഭിച്ചിട്ടില്ല.

ശ്രീലങ്കയുമായുള്ള 2011ലെ ലോകകപ്പ് ഫൈനലില്‍ 97 റണ്‍സുമായി ഇന്ത്യയുടെ ടോപ്്‌സ്‌കോററായിട്ടും എല്ലാവരും ധോണയിയുടെ ബാറ്റിങിനെ മാത്രം വാഴ്ത്തുന്നതില്‍ ഗംഭീറിന് അതൃപ്തിയുണ്ട്. ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം തുറന്നു പറയുകയും ചെയ്തിരുന്നു. ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തിന്‍െ വാര്‍ഷികത്തോട് അനുബന്ധിച്ച് ധോണിയുടെ ഫൈനലിലെ സിക്‌സറിനെ പുകഴ്ത്തിക്കൊണ്ട് ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയടക്കമുള്ളവര്‍ ട്വീറ്റ് ചെയ്തപ്പോഴായിരുന്നു ഗംഭീര്‍ പ്രതികരിച്ചത്. ലോകകപ്പ് നേടിയത് ഇന്ത്യന്‍ ടീം മുഴുവനായിട്ടാണ്. മുഴുവന്‍ ഇന്ത്യന്‍ ടീമിനും സപ്പോര്‍ട്ട് സ്റ്റാഫിനും ഇതില്‍ പങ്കുണ്ട്. ഒരു സിക്‌സിനോടുള്ള അഭിനിവേശം അവസാനിപ്പിക്കാന്‍ സമയമായിരിക്കുന്നുവെന്നാരുന്നു ഗംഭീറിന്റെ ട്വീറ്റ്.

യുവരാജ് സിങ്

യുവരാജ് സിങ്

മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങും എംഎസ് ധോണിയും ഒരുകാലത്ത് വളരെ അടുത്ത സുഹൃദ് ബന്ധമാണുണ്ടായിരുന്നത്. പക്ഷെ പിന്നീട് ഈ ബന്ധത്തില്‍ വിള്ളല്‍ വീഴുകയായിരുന്നു. ധോണിയില്‍ നിന്നും തനിക്കും ചില സീനിയര്‍ കളിക്കാര്‍ക്കും അര്‍ഹിച്ച പിന്തുണ ലഭിച്ചില്ലെന്നു യുവി പിന്നീട് തുറന്നടിക്കുകയായിരുന്നു.

നന്നായി കളിച്ചതുകൊണ്ടല്ല മറിച്ച് ക്യാപ്റ്റന്‍ വിരാട് കോലി, മുന്‍ കോച്ച് രവി ശാസ്ത്രി എന്നിവരുടെ പിന്തുണ കാരണമാണ് ധോണിക്കു 350 ഏകദിനങ്ങളില്‍ കളിക്കാന്‍ സാധിച്ചതെന്നും യുവി ആരോപിച്ചിരുന്നു. ഇന്ത്യന്‍ ടീമിന്റെ നായകനായി താനാണ് വരേണ്ടിയിരുന്നതെന്നും പക്ഷെ ഗ്രെഗ് ചാപ്പല്‍ വിവാദവുമായി ബന്ധപ്പെട്ട് സച്ചിന്‍ ടെണ്ടുല്‍ക്കറെ പിന്തുണച്ചതിനാല്‍ പുറത്താക്കപ്പെടുകയായിരുന്നുവെന്നും യുവരാജ് വെളിപ്പെടുത്തിയിരുന്നു.

വീരേന്ദര്‍ സെവാഗ്

വീരേന്ദര്‍ സെവാഗ്

മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗാണ് എംഎസ് ധോണിയെ പരസ്യമായി വിമര്‍ശിച്ചിട്ടുളള മറ്റൊരു ഇന്ത്യന്‍ താരം. 2012ല്‍ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ ചില സീനിയര്‍ താരങ്ങളെ പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കിയിരുന്നു. സെവാഗിനെക്കൂടാതെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഗൗതം ഗംഭീര്‍ എന്നിവരെയായിരുന്നു ത്രിരാഷ്ട്ര പരമ്പരയില്‍ ധോണി റൊട്ടേറ്റ് ചെയ്തത്. മൂന്നു പേരും സ്ലോ ഫീല്‍ഡര്‍മാരായതിനാലാണ് ഇതെന്നായിരുന്നു അന്നു ധോണിയുടെ വിശദീകരണം. ഇതാണ് സെവാഗിനെ ചൊടിപ്പിച്ചത്.

ഓസ്‌ട്രേലിയയില്‍ വച്ച് ഞങ്ങള്‍ മൂന്നു പേരും സ്ലോ ഫീല്‍ഡര്‍മാരാണെന്നു ധോണി മാധ്യമങ്ങളോടു പറഞ്ഞു. പക്ഷെ ഇതേക്കുറിച്ച് ഞങ്ങളോടു സംസാരിക്കുകയോ, അഭിപ്രായം തേടുകയോ ചെയ്തിരുന്നില്ല. മാധ്യമങ്ങളിലൂടെയാണ് ഞങ്ങള്‍ ഇക്കാര്യമറിഞ്ഞത്. ടീം മീറ്റിങില്‍ പറയാതെ വാര്‍ത്താസമ്മേളനത്തിലാണ് ധോണി ഇക്കാര്യം പറഞ്ഞതെന്നും സെവാഗ് തുറന്നടിച്ചിരുന്നു.

ഹര്‍ഭജന്‍ സിങ്

ഹര്‍ഭജന്‍ സിങ്

മുന്‍ ഇതിഹാസ സ്പിന്നര്‍ ഹര്‍ഭജന്‍ സിങാണ് എംഎസ് ധോണിയെ പരസ്യമായി വിമര്‍ശിച്ചിട്ടുള്ള മറ്റൊരു താരം. കഴിഞ്ഞ വര്‍ഷമായിരുന്നു ധോണിക്കെതിരേ ഭാജി ആഞ്ഞടിച്ചത്. തന്റെ കരിയര്‍ നേരത്തേ അവസാനിക്കാനുള്ള കാരണക്കാരന്‍ മുന്‍ ക്യാപ്റ്റന്‍ ധോണിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. 2011ലെ ലോകകപ്പ് നേടിയ ടീമിലെ ഭൂരിഭാഗം പേരും പിന്നീടൊരിക്കലും ഒരുമിച്ച് കളിച്ചിട്ടില്ലെന്നും എല്ലാവരെയും ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്താക്കുകയായിരുന്നുവെന്നുമാണ് ഹര്‍ഭജന്‍ പറഞ്ഞത്.

400 വിക്കറ്റുകളെടുത്ത ഒരാളെ എങ്ങനെ പുറത്താക്കാമെന്നത് നിഗൂഢമായ കഥയാണ്. ഇതുവരെ അതിന്റെ ചുരുളഴിഞ്ഞിട്ടില്ല. എന്താണ് സംഭവിച്ചതെന്നു ഞാന്‍ ഇപ്പോഴും അദ്ഭുതപ്പെടുകയാണ്. ഞാന്‍ ടീമില്‍ തുടരുന്നതിനു ആര്‍ക്കായിരുന്നു പ്രശ്‌നമെന്നും ഭാജി തുറന്നടിച്ചിരുന്നു. എന്തുകൊണ്ടായിരുന്നു ഇതെന്ന് ഞാന്‍ ക്യാപ്്റ്റന്‍ കൂടിയായ ധോണിയോടു ചോദിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷെ എനിക്കു അതിനു കൃത്യമായ ഉത്തരമൊന്നും ലഭിച്ചില്ല. നിങ്ങള്‍ ഒരു കാര്യത്തെക്കുറിച്ച് നിരന്തരം ചോദിച്ചിട്ടും അവയ്ക്കു ഉത്തരമൊന്നും ലഭിക്കുന്നില്ലെങ്കില്‍ വിട്ടുകളയുന്നതാണ് നല്ലതെന്നും ഭാജി പറഞ്ഞിരുന്നു.

ഇര്‍ഫാന്‍ പഠാന്‍

ഇര്‍ഫാന്‍ പഠാന്‍

മുന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാനാണ് എംഎസ് ധോണിയോടു വിരോധമുള്ള മറ്റൊരു താരം. ഇന്ത്യക്കു വേണ്ടി അവസാനമായി കളിച്ച ഏകദിനം, ടി20 എന്നിവയില്‍ പ്ലെയര്‍ ഓഫ് ദി മാച്ചായിട്ടും ഇന്ത്യന്‍ ടീമില്‍ തന്നെ തഴഞ്ഞതിനെതിരേ വിരമിച്ച ശേഷം ഇര്‍ഫാന്‍ തുറന്നടിച്ചിരുന്നു. ഇര്‍ഫാന്‍ നന്നായി ബൗള്‍ ചെയ്യുന്നില്ലെന്ന മാധ്യമങ്ങളില്‍ വന്ന ധോണിയുടെ പരാമര്‍ശത്തിനെതിരേ താന്‍ വിശദീകരണം തേടിയിരുന്നതായും പക്ഷെ പോരായ്മകളെക്കുറിച്ച് ഒരിക്കലും വിശദീകരണം ലഭിച്ചില്ല. പകരം ഇന്ത്യന്‍ ടീമില്‍ നിന്നും തന്നെ പുറത്താക്കുകയാണ് ഉണ്ടായതെന്നുമായിരുന്നു ഇര്‍ഫാന്‍ വെളിപ്പെടുത്തിയത്.

2008ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ എന്നെക്കുറിച്ച് നടത്തിയ പരാമര്‍ശത്തെക്കുറിച്ച് ഞാന്‍ ധോണിയോടു സംസാരിച്ചിരുന്നു. പരമ്പരയിലുടനീളം ഞാന്‍ നല്ല ബൗളിങ് കാഴ്ചവച്ചിരുന്നു. അതുകൊണ്ടാണ് ഇനി എങ്ങനെയാണ് പ്രകടനം മെച്ചപ്പെടുത്തേണ്ടത് എന്നതിനെക്കുറിച്ച് അദ്ദേഹത്തോടു ഞാന്‍ വിശദീദകരണം തേടിയത്. 2008ല്‍ ശ്രീലങ്കയില്‍ നടന്ന മല്‍സരത്തില്‍ ജയിച്ച ശേഷം എന്നെ ഒഴിവാക്കിയത് ഓര്‍മയുണ്ട്. സ്വന്തം രാജ്യത്തെ വിജയത്തിലേക്കു നയിച്ച ശേഷം ആര്‍ക്കാണ് ടീമില്‍ സ്ഥാനം നഷ്ടമാവുക? പക്ഷെ തനിക്ക് അതു സംഭവിച്ചുവെന്നും ഇര്‍ഫാന്‍ പറഞ്ഞിരുന്നു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Sunday, May 22, 2022, 15:45 [IST]
Other articles published on May 22, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X