ദില്ലി: രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിനിടെ ഗൗതം ഗംഭീറും മനോജ് തിവാരിയും തമ്മില്‍ കൈയ്യാങ്കളി. ദില്ലി ബംഗാള്‍ മത്സരത്തിനിടെ ദില്ലിയിലെ ഫിറോസ് ഷാ കോട്‌ല മൈതാനത്ത് ശനിയാഴ്ചയായിരുന്നു സംഭവം. ഇരുവരെയും പിടിച്ചു മാറ്റാനെത്തിയ അമ്പയര്‍ കെ ശ്രാനാഥിനെ ഗംഭീര്‍ പിടിച്ചു തള്ളുകയും ചെയ്തത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
ബംഗാളിന്റെ ഇന്നിങ്‌സിന്റെ എട്ടാമത്തെ ഓവറിലായിരുന്നു സംഭവം. ആദ്യ പന്തില്‍ പാര്‍ഥസാരഥി ഭട്ടാചാര്യ ഔട്ടായശേഷമാണ് മനോജ് തിവാരി ഗ്രൗണ്ടിലെത്തിയത്. തൊപ്പിമാത്രം അണിഞ്ഞായിരുന്നു തിവാരിയുടെ വരവ്. ബാറ്റ്‌സ്മാന്‍ ക്രീസില്‍ ഗാര്‍ഡ് എടുത്തശേഷം പന്തെറിയാനെത്തിയ ബൗളറെ മനോജ് തിവാരി വിലക്കി.

തുടര്‍ന്ന്, ഗ്യാലറിയില്‍ നിന്നും ഹെല്‍മറ്റ് കൊണ്ടുവരാന്‍ ആവശ്യപ്പെടുകയായിരുന്നു. സ്ലിപ്പില്‍ ഉണ്ടായിരുന്ന ഗംഭീര്‍ ഉടന്‍ തിവാരിക്ക് അടുത്തെത്തി ഇക്കാര്യം ചോദ്യം ചെയ്തതാണ് കൈയ്യാങ്കളിക്ക് കാരണമായത്. മനോജ് തിവാരി മന:പൂര്‍വം കളി വൈകിപ്പിക്കുന്നതെന്നായിരുന്നു ഗംഭീറിന്റെ ആരോപണം.
വാക്കു തര്‍ക്കത്തിനിടയില്‍ വൈകുന്നേരം തനിക്ക് കാണിച്ചുതരാമെന്ന് ഗംഭീര്‍ തിവാരിയെ വെല്ലുവിളിച്ചു. വൈകുന്നരം ആക്കേണ്ടതില്ലെ ഇപ്പോള്‍ തന്നെ തീര്‍ക്കാമെന്ന് തിവാരി തിരിച്ചടിച്ചതോടെ ഇരുവരും കൈയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. ഇതിനിടയിലേക്കാണ് അമ്പയര്‍ ശ്രീനാഥ് ഓടിയെത്തിയത്. എന്നാല്‍, ഗംഭീര്‍ ശ്രീനാഥിനെ പിടിച്ചു തള്ളുകയും ചെയ്തു. അമ്പയറെ തള്ളിയത് ഗുരുതരമായ കുറ്റമായാണ് കണക്കാക്കുന്നത്. ഇരുവും അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്ന് ഉറപ്പായിരിക്കുകയാണ്.