കൊല്‍ക്കത്ത: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ ദയനീയ പരാജയത്തെത്തുടര്‍ന്ന് പ്രതിസന്ധിയിലായ ടീമിന് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ പ്രചോദനം. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ പുകഴ്ത്തിയാണ് ദാദ ടീമിന്റെ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ശ്രമിച്ചത്.

ഓസീസിനെതിരേ സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കു പോലും സാധിക്കാത്ത നേട്ടം കോലിക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഗാംഗുലി ചൂണ്ടിക്കാട്ടി. ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ തുടരെ നാലു ടെസ്റ്റ് സെഞ്ച്വറികള്‍ നേടാന്‍ കോലിക്കു മാത്രമേ കഴിഞ്ഞിട്ടുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.

കോലിയും ഒരു മനുഷ്യനാണ്. ഒരു ദിവസം പരാജയപ്പെടുകയെന്നത് അത്ര വലിയ അപരാധമൊന്നുമല്ല. പൂനെയിലെ ആദ്യ ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും അദ്ദേഹത്തിന് തിളങ്ങാന്‍ കഴിഞ്ഞില്ല. ഓഫ്‌സ്റ്റംപിന് പുറത്തു കളിക്കാന്‍ ശ്രമിച്ചതാണ് കോലിക്കു തിരിച്ചടിയായതെന്നും ഗാംഗുലി വിശദമാക്കി.