ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയെ തോല്‍പിച്ചത് ക്യാപ്റ്റന്‍ ധോണിയാണെന്ന് മുന്‍ നായകന്‍ സൗരവ് ഗാംഗുലി. അമ്പാട്ടി റായിഡുവിന് സ്‌ട്രൈക്ക് കൊടുക്കാതെ ധോണി നടത്തിയ പരീക്ഷണമാണ് ഗാംഗുലിയെ ചൊടിപ്പിച്ചത്. ക്യാപ്റ്റന്‍ ധോണി ചെയ്തത് ശരിയായില്ല. ഇത് അംഗീകരിക്കാന്‍ കഴിയില്ല. ധോണി കാരണം ഇന്ത്യ കളി തോറ്റു.
ക്രിസ് വോക്‌സ് എറിഞ്ഞ അവസാന ഓവറില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടത് 17 റണ്‍സായിരുന്നു. ആദ്യ പന്ത് ധോണി സിക്‌സറിന് പറത്തി. ജയിക്കാന്‍ അഞ്ച് പന്തില്‍ 12. രണ്ടാം പന്തില്‍ രണ്ട് റണ്‍സ്, മൂന്നാം പന്തില്‍ ധോണി സിംഗിള്‍ നിഷേധിച്ചു. നാലാം പന്തില്‍ ഫോര്‍. ജയിക്കാന്‍ രണ്ട് പന്തില്‍ അഞ്ച്. അഞ്ചാം പന്തിലും ധോണി സിംഗിള്‍ നിഷേധിച്ചു. അവസാന പന്തില്‍ കിട്ടിയത് ഒരേ ഒരു സിംഗിള്‍. മൂന്ന് റണ്‍സിന് ഇന്ത്യ കളി തോറ്റു.

അമ്പാട്ടി റായിഡു ഒരു സ്‌പെഷലിസ്റ്റ് ബാറ്റ്‌സ്മാനാണ്- ഗാംഗുലി ഓര്‍മപ്പെടുത്തി. ധോണിയുടെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ അപ്പുറത്തുള്ള ബാറ്റ്‌സ്മാന് അവസരം കൊടുക്കുമായിരുന്നു. ധോണി ഒരു സാധാരണ മനുഷ്യനാണ്. തെറ്റുപറ്റാം. സച്ചിന് തെറ്റുപറ്റാം. വിവിയന്‍ റിച്ചാര്‍ഡിസിനും തെറ്റുപറ്റിയിട്ടുണ്ട് - ഗാംഗുലി പറഞ്ഞു. ഇന്ത്യയെ കളി ജയിപ്പിച്ചതും തോല്‍പിച്ചതും ധോണിയാണ്.
ബൗണ്ടറി അടിക്കാവുന്ന രണ്ട് പന്തുകളെങ്കിലും താന്‍ കളഞ്ഞതായി ധോണിയും സമ്മതിച്ചു. താന്‍ നല്ല ഫോമിലായിരുന്നു. പന്ത് മിഡില്‍ ചെയ്യുന്നുണ്ടായിരുന്നു. തനിക്ക് ജയിപ്പിക്കാന്‍ കഴിയും എന്ന് തന്നെയാണ് കരുതിയത്. എന്നാല്‍ അത് സംഭവിച്ചില്ല. അമ്പാട്ടി റായിഡുവിന് സ്‌ട്രൈക്ക് കൊടുക്കാതെ കളിച്ച ധോണിയുടെ തന്ത്രത്തെക്കുറിച്ച് വിവാദങ്ങള്‍ തുടരുകയാണ്.