ഫതുള്ളയില്‍ ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റ് മത്സരത്തില്‍ മൂന്നാം നമ്പറില്‍ രോഹിത് ശര്‍മയെ കളിപ്പിക്കാനുള്ള തീരുമാനം ഇന്ത്യയ്ക്ക് ഗുണം ചെയ്‌തോ. സ്‌കോര്‍ ബോര്‍ഡ് നോക്കിയാല്‍ ഇല്ല എന്നാണ് കാണാന്‍ പറ്റുന്നത്. എന്നാല്‍ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി അടക്കമുള്ള മുന്‍ താരങ്ങള്‍ പറയുന്നത് ഈ തീരുമാനം ശരിയായിരുന്നു എന്നാണ്. പതിനൊന്ന് പന്തുകളില്‍ ആറ് റണ്‍സായിരുന്നു രോഹിത് ശര്‍മ ഫതുള്ള ടെസ്റ്റില്‍ നേടിയത്.
അഞ്ച് ബാറ്റ്‌സ്മാന്‍മാരെയും അഞ്ച് ബൗളര്‍മാരെയും കളിപ്പിക്കുക എന്ന ഗെയിം പ്ലാന്‍ കാരണമാണ് രോഹിതിനെ ക്യാപ്റ്റന്‍ വിരാട് കോലി ഉള്‍പ്പെടുത്തിയത് എന്നാണ് സൗരവ് ഗാംഗുലി പറഞ്ഞത്. ഇത് ശരിയാണ് എന്ന് വേണമെങ്കില്‍ സമ്മതിക്കാം. ഇന്ത്യ അഞ്ച് മുഴുവന്‍ സമയ ബൗളര്‍മാരെയും അത്രതന്നെ ബാറ്റ്‌സ്മാന്‍മാരെയും ഒരു വിക്കറ്റ് കീപ്പറെയും കൊണ്ടാണ് കളിക്കാനിറങ്ങിയത്.

എന്നാല്‍, അഞ്ച് ബാറ്റ്‌സ്മാന്‍മാര്‍ മതിയെങ്കില്‍ പോലും രോഹിത് ശര്‍മയ്ക്ക് മുകളില്‍ വരേണ്ട ബാറ്റ്‌സ്മാനല്ലേ ചേതേശ്വര്‍ പൂജാര എന്നതാണ് സംശയം. ഏകദിനത്തിലും ട്വന്റി 20 ക്രിക്കറ്റിലും അങ്ങനെ അല്ലായിരിക്കാം എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് ഇന്ന് പൂജാര. ദ്രാവിഡ് വിരമിച്ച ശേഷം അതേ ശൈലിയില്‍ ബാറ്റ് വീശുന്ന മറ്റൊരു താരം.
സമീപകാല ഫോം വെച്ചുനോക്കിയാല്‍ എന്ന് പറഞ്ഞാണ് ഗാംഗുലി രോഹിത് ശര്‍മയെ ടീമിലെടുത്തതിനെ ന്യായീകരിക്കുന്നത്. സമീപകാലത്ത് ഇന്ത്യ കളിച്ചത് ഐ പി എല്ലിലെ ട്വന്റി 20 മത്സരങ്ങളാണ്. കുട്ടിക്രിക്കറ്റിലെ ഫോം വെച്ച് നോക്കിയാണോ ടെസ്റ്റ് ടീമില്‍ കളിക്കാരെ തിരഞ്ഞെടുക്കുന്നത്. അഞ്ച് ബാറ്റ്‌സ്മാന്‍മാര്‍ മാത്രം മതി എന്നാണെങ്കില്‍ അതഞ്ചും ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരല്ലേ ആകേണ്ടത്. ഇതേ ടീം ഘടനയുമായാണ് കോലി വരും ടെസ്റ്റുകളിലും ഇറങ്ങുന്നതെങ്കില്‍ പൂജാര ഇനിയും കാത്തിരിക്കേണ്ടി വരും എന്ന് ചുരുക്കം