ഐപിഎല്‍ ലേലം; സിക്‌സര്‍ രാജാവ് യുവരാജിനെ ആരും വാങ്ങാത്തത് ഞെട്ടിച്ചുവെന്ന് ഗംഭീര്‍

ജയ്പൂര്‍: വരാനിരിക്കുന്ന ഐപിഎല്‍ സീസണിന് മുന്നോടിയായി താരലേലം അവസാനിച്ചതോടെ കളിക്കാരുടെ പട്ടികയെ സംബന്ധിച്ച വിലയിരുത്തലുകളും ടീമിന്റെ സാധ്യതകളും ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഒരുകാലത്ത് ഫ്രാഞ്ചൈസികള്‍ കോടികള്‍ വിലകൊടുത്ത് നേടിയ താരങ്ങള്‍ ഇന്ന് ആരും വാങ്ങാത്തവരായി. ഐപിഎല്ലിലെ റെക്കോര്‍ഡ് തുക വാങ്ങിയ യുവരാജ് സിങ് ഒരു കോടിയില്‍ ഒതുങ്ങുകയും ചെയ്തു.
യുവതാരങ്ങള്‍ക്കും ഓള്‍റൗണ്ടര്‍മാര്‍ക്കുമാണ് പതിവുപോലെ ഡിമാന്റുണ്ടായത്. അതേസമയം, ഫോമിലല്ലെങ്കിലും യുവരാജ് സിങ്ങിന് മോശമല്ലാത്ത തുകയ്ക്ക് ആരെങ്കിലും സ്വന്തമാക്കുമെന്ന് ആരാധകര്‍ക്ക് വിശ്വാസമുണ്ടായിരുന്നു. എന്നാല്‍, ആദ്യ റൗണ്ടിലെ ലേലത്തില്‍ യുവരാജിനെ അടിസ്ഥാന വിലയ്ക്ക് ആരും വാങ്ങാതിരുന്നത് തന്നെ അമ്പരപ്പിച്ചുവെന്നാണ് മുന്‍ ഇന്ത്യന്‍താരം ഗൗതം ഗംഭീര്‍ പറയുന്നത്.

ഗൗതം ഗംഭീര്‍ പറയുന്നത്
യുവരാജ് മുന്‍കാല മികവിലല്ലെങ്കിലും തന്റേതായ ദിവസം ഒറ്റയ്ക്ക് കളി ജയിപ്പിക്കാനുള്ള ശേഷി ഇപ്പോഴുമുണ്ടെന്ന് ഗംഭീര്‍ പറഞ്ഞു. ആദ്യ റൗണ്ടില്‍ യുവരാജിനെ ആരെങ്കിലും വാങ്ങുമെന്ന് കരുതിയിരുന്നു. എന്നാല്‍, കൂടുതല്‍ സുരക്ഷിതമായി തുക ചെലവഴിക്കാനാണ് ഫ്രാഞ്ചൈസികള്‍ തയ്യാറയത്. രണ്ടാം റൗണ്ടില്‍ യുവരാജ് ഏതെങ്കിലും ടീമിലെത്തുമെന്ന കാര്യത്തില്‍ തനിക്ക് സംശയമില്ലായിരുന്നെന്നും ഗംഭീര്‍ വ്യക്തമാക്കി.

യുവരാജ് മുംബൈ ഇന്ത്യന്‍സില്‍
രണ്ടാം റൗണ്ട് ലേലം നടന്നപ്പോള്‍ ഇന്ത്യയുടെ ലോകപ്പ് ഹീറോയെ മുംബൈ ഇന്ത്യന്‍സ് അടിസ്ഥാന വിലയായ ഒരു കോടി രൂപയ്ക്കാണ് ടീമിലെടുത്തത്. ഐപിഎല്ലിലെ ഏറ്റവും വിലപിടിപ്പുള്ള താരമായിരുന്നു യുവി ഒരുകാലത്ത്. ദില്ലി കാപ്പിറ്റല്‍സ് 2015ല്‍ 16 കോടി രൂപയ്ക്കായിരുന്നു ഇന്ത്യന്‍ താരത്തെ റാഞ്ചിയത്. അതിന് തൊട്ടുമുന്‍പ് 14 കോടി രൂപയ്ക്ക് ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനുവേണ്ടിയും താരം കളിച്ചു.

രോഹിത് ശര്‍മയുടെ ഇടപെടല്‍
യുവരാജിന്റെ അടുത്ത കൂട്ടുകാരനായ രോഹിത് ശര്‍മയാണ് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍. യുവിയുടെ ഐപിഎല്‍ സാന്നിധ്യത്തിന് രോഹിത്തിന്റെ ഇടപെടല്‍ തുണയായിട്ടുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഐപിഎല്ലില്‍ 128 മത്സരങ്ങള്‍ കളിച്ച യുവി 2652 റണ്‍സ് നേടിയിട്ടുണ്ട്. താരത്തിന്റെ ഈ പരിചയസമ്പന്നത മുംബൈ ഇന്ത്യന്‍സിന് കാര്യമായ ഗുണം ചെയ്യുമെന്നുറപ്പാണ്.

യുവരാജിന്റെ മുന്‍ ടീമുകള്‍
കഴിഞ്ഞ സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരമായിരുന്ന യുവിക്ക് ഫോമിലെത്താന്‍ കഴിയാത്തതാണ് താരലേലത്തിലും തിരിച്ചടിയായത്. കിങ്‌സ് ഇലവന്‍ പഞ്ചാബ്, സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് തുടങ്ങിയ ടീമുകള്‍ക്കായും യുവി കളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ പൂര്‍വകാല ഫോമിലേക്ക് തിരിച്ചെത്തുകയാണെങ്കില്‍ 2019ല്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ടീമിലേക്ക് യുവരാജിന് അവസരം ലഭിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications