
ഇന്ത്യയുടെ വിജയ നായകന്‍
ഇന്ത്യക്ക് രണ്ട് ലോകകപ്പടക്കം മൂന്ന് ഐസിസി കിരീടം നേടിത്തന്ന നായകനാണ് ധോണി. ലോക ക്രിക്കറ്റില്‍ത്തന്നെ മൂന്ന് ഐസിസി കിരീടം നേടിയ ഏക നായകനും ധോണിയാണ്. 2007ല്‍ ദ്രാവിഡില്‍ നിന്ന് നായകസ്ഥാനം ഏറ്റെടുത്ത ധോണി ഇന്ത്യയെ കൈപിടിച്ചുയര്‍ത്തിയത് നേട്ടങ്ങളുടെ നെറുകയിലേക്കാണ്. ഇന്ത്യയെ കൂടുതല്‍ ഏകദിനത്തില്‍ വിജയിപ്പിച്ച നായകനെന്ന റെക്കോഡ് ധോണിയുടെ പേരിലാണ്. 200 ഏകദിനങ്ങളില്‍ നിന്ന് 110 ജയമാണ് ധോണി ഇന്ത്യക്ക് നേടിത്തന്നത്.അസ്ഹറുദ്ദീന്‍ 90 ഏകദിനത്തിലും ഗാംഗുലി 70 ഏകദിന മത്സരത്തിലുമാണ് ഇന്ത്യയെ വിജയിപ്പിച്ചത്.

നോട്ടൗട്ടില്‍ എതിരാളികളില്ല
സ്ഥിരതയുടെ പര്യായമാണ് ധോണി. മധ്യനിരയില്‍ ബാറ്റിങ്ങിനിറങ്ങിയിട്ടും 50ന് മുകളില്‍ ശരാശരി നേടണമെങ്കില്‍ അത് ധോണിയെക്കൊണ്ട് മാത്രമെ സാധിക്കൂ. ടീം തകര്‍ന്നടിയുമ്പോഴും പതറാതെ നില്‍ക്കുന്ന ധോണിയാണ് ഏകദിനത്തില്‍ കൂടുതല്‍ നോടൗട്ടായ താരം.350 ഏകദിനം കളിച്ച ധോണി 84 മത്സരങ്ങളിലാണ് പുറത്താവാതെ നിന്നത്.ഷോണ്‍ പൊള്ളോക്ക്,ചാമിന്ദ വാസ്,മുത്തയ്യ മുരളീധരന്‍ എന്നിവരാണ് ഈ റെക്കോഡില്‍ ധോണിക്ക് താഴെയുള്ളത്.

വ്യക്തിഗത സ്‌കോറിലും റെക്കോഡ്
വിക്കറ്റ് കീപ്പറെന്ന നിലയില്‍ ധോണി നേടിയ റെക്കോഡുകള്‍ നിരവധിയാണ്. ധോണി പിന്നില്‍ നില്‍ക്കുമ്പോള്‍ ക്രീസ് വിടാന്‍ ഏത് ബാറ്റ്‌സ്മാനും പേടിക്കും. ഏകദിനത്തിലെ വിക്കറ്റ് കീപ്പറുടെ ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡ് ധോണിയുടെ പേരിലാണ്. 2005ല്‍ ശ്രീലങ്കയ്‌ക്കെതിരേ പുറത്താവാതെ നേടിയ 183 റണ്‍സാണ് അദ്ദേഹത്തെ ഈ റെക്കോഡിനുടമയാക്കിയത്. ധോണിയെ ആരാധകരിലേക്കടുപ്പിച്ച ഈ ഇന്നിങ്‌സ് പകരം വെക്കാന്‍ അതിന് മുമ്പോ,ശേഷമോ മറ്റൊരു വിക്കറ്റ് കീപ്പര്‍ക്കും സാധിച്ചിട്ടില്ല.145 പന്തില്‍ 15 ഫോറും 10 സിക്‌സും ഉള്‍പ്പെടെയായിരുന്നു ധോണിയുടെ അത്യുഗ്രന്‍ പ്രകടനം.

സ്റ്റംപിങ് മാസ്റ്റര്‍
ധോണി വിക്കറ്റ് കീപ്പറായി നില്‍ക്കുമ്പോള്‍ ബാറ്റ്‌സ്മാന് ചങ്കിടിപ്പേറെയാണ്. കാരണം ക്രീസ് വിട്ടാല്‍ സ്റ്റംപ് ചെയ്യുമെന്നുറപ്പാണ്. ധോണിക്ക് പിഴച്ച സാഹചര്യങ്ങള്‍ വളരെ കുറവാണ്. സ്റ്റംപിങ് മാസ്റ്ററായുള്ള ധോണിയുടെ പേരിലാണ് ഏകദിനത്തിലെ കൂടുതല്‍ സ്റ്റംപിങ്ങെന്ന റെക്കോഡ്. 345 ഇന്നിങ്‌സില്‍ നിന്നായി 123 സ്റ്റംപിങ്ങും 321 ക്യാച്ചുമാണ് ധോണിയുടെ പേരിലുള്ളത്.ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരെയാണ് ഈ റെക്കോഡില്‍ ധോണിക്ക് താഴെ.കൂടുതല്‍ പുറത്താക്കല്‍ നടത്തിയ വിക്കറ്റ് കീപ്പര്‍മാരില്‍ സംഗക്കാരക്കും ആദം ഗില്‍ക്രിസ്റ്റിനും താഴെ മൂന്നാം സ്ഥാനത്താണ് ധോണി.

ശരാശരിയിലും പകരമില്ല
സ്ഥിരതയാര്‍ന്ന ബാറ്റിങ്ങുകൊണ്ട് വിസ്മയിപ്പിച്ച ധോണി ഏകദിന ശരാശരിയിലും റെക്കോഡ് സ്വന്തമാക്കിയിട്ടുണ്ട്. 50 ശരാശരിയില്‍ പൂര്‍ത്തിയാക്കുന്ന ആദ്യ താരമാണ് ധോണി. അതും മധ്യനിരയില്‍ ബാറ്റ് ചെയ്ത്.2018 ജൂലൈയില്‍ 10,000 റണ്‍സ് പൂര്‍ത്തിയാക്കുമ്പോള്‍ 50ന് മുകളിലായിരുന്നു ധോണിയുടെ ശരാശരി.ഈ ശരാശരിയില്‍ 10,000 റണ്‍സ് നേടിയത് ധോണിയെക്കൂടാതെ കോലി മാത്രമാണ്. ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയ്ക്ക് ശേഷം ഏകദിനത്തില്‍ 10,000 കബ്ബില്‍ ഇടം നേടുന്ന വിക്കറ്റ് കീപ്പറാണ് ധോണി.


Click it and Unblock the Notifications