IPL 2026: വയറു നിറയ്ക്കണോ അതോ ഷൂസ് വാങ്ങണോ? പട്ടിണിയോട് പൊരുതി ജയിച്ച പേസ് വിസ്മയം, സാക്കീബ് ഹുസൈനെ അറിയാം
ഐപിഎൽ 2026-ൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ വെറും 24 റൺസ് വിട്ടുകൊടുത്ത് 4 വിക്കറ്റുകൾ പിഴുത ആ ഇരുപതുകാരനെ കണ്ട് ക്രിക്കറ്റ് ലോകം അമ്പരന്ന് കാണണം. 140 കിലോമീറ്ററിന് മുകളിൽ വേഗതയിൽ പന്തെറിഞ്ഞ് രാജസ്ഥാൻ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ച സാക്കിബ് ഹുസൈൻ (Sakib Hussain) എന്ന ബിഹാറുകാരന്റെ വളർച്ച വെറുമൊരു കായിക വിജയമല്ല, മറിച്ച് ദാരിദ്ര്യത്തിന്റെ ആഴക്കടലിൽ നിന്ന് ഉയർത്തെഴുന്നേറ്റ ഒരു പോരാളിയുടെ അതിജീവനത്തിന്റെ കഥയാണ്.
പട്ടിണിയും കഠിനാധ്വാനവും; ആർമിയിൽ നിന്ന് ക്രിക്കറ്റിലേക്ക്
ഒരു സാധാരണ കർഷക കുടുംബത്തിൽ ജനിച്ച സാക്കിബിന് മുന്നിൽ ഒരു കാലത്ത് ചോദ്യം ഒന്നേ ഉണ്ടായിരുന്നുള്ളൂ: "ഇന്ന് കുടുംബത്തിന് ആഹാരം വാങ്ങണോ അതോ എനിക്ക് ക്രിക്കറ്റ് കളിക്കാൻ ഷൂസ് വാങ്ങണോ?". അത്രമേൽ ദയനീയമായ ദാരിദ്ര്യത്തിലായിരുന്നു സാക്കിബിന്റെ കുടുംബം. പഠനത്തിന് പണമില്ലാത്തതിനാൽ ഇന്ത്യൻ സൈന്യത്തിൽ ചേരുക എന്നതായിരുന്നു സാക്കിബിന്റെ ആദ്യ സ്വപ്നം. കായികമായ കരുത്ത് മാത്രമായിരുന്നു തന്റെ കൈമുതലെന്ന് തിരിച്ചറിഞ്ഞ ആ ബാലൻ ഭ്രാന്തമായ ആവേശത്തോടെ ഓടി തന്റെ ശാരീരികക്ഷമത വർദ്ധിപ്പിച്ചു.

പട്ന ടെന്നീസ് ബോൾ ടൂർണമെന്റിലേക്ക് സാക്കിബിനെ ക്ഷണിച്ചതോടെയാണ് അവന്റെ ജീവിതം മാറുന്നത്. ടെന്നീസ് ബോളിൽ മാരകമായ ബൗളിംഗും തകർപ്പൻ ബാറ്റിംഗും പുറത്തെടുത്ത സാക്കിബിനെ കണ്ട് സുഹൃത്തുക്കളാണ് അവനെ ക്രിക്കറ്റിലേക്ക് തിരിച്ചുവിട്ടത്. പാവപ്പെട്ട ആ മാതാപിതാക്കൾക്ക് മകന്റെ സ്വപ്നങ്ങൾക്ക് കൂട്ടുനിൽക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും അതിനുള്ള സാമ്പത്തിക സാഹചര്യം ഇല്ലാത്തതിനാൽ അവർ നിശബ്ദരായി കരഞ്ഞു.
മതത്തിന് അതീതമായ സ്നേഹം; ഗോപാൽഗഞ്ചിന്റെ പുത്രൻ
സാക്കിബിന്റെ കരിയറിൽ നിർണ്ണായകമായത് അവന്റെ ഗ്രാമത്തിന്റെ ഐക്യമാണ്. സ്പോർട്സ് ഷൂസ് വാങ്ങാൻ പോലും പണമില്ലാതിരുന്ന സാക്കിബിനെ സഹായിക്കാൻ സുഹൃത്തുക്കൾ മുന്നോട്ടുവന്നു. ജാതിയോ മതമോ നോക്കാതെ ആ ഗ്രാമം മുഴുവൻ സാക്കിബിനായി ഒന്നിച്ചു. "സാക്കിബ് കേവലം ഒരു വീട്ടിലെ മകനല്ല, ഗോപാൽഗഞ്ചിന്റെ മുഴുവൻ പുത്രനാണ്" എന്നായിരുന്നു നാട്ടുകാരുടെ വിശ്വാസം. അവന്റെ കഠിനാധ്വാനം കണ്ടുനിന്നവർക്ക് അവൻ ഒരുനാൾ വലിയ നിലയിൽ എത്തുമെന്ന് ഉറപ്പായിരുന്നു.
ബിഹാറി കരുത്ത് ക്രിക്കറ്റ് മൈതാനത്തേക്ക്!
അക്കാദമിക് മേഖലയിലും രാഷ്ട്രീയത്തിലും ബിഹാറികൾ കാണിക്കുന്ന അതേ ആധിപത്യം ഇപ്പോൾ ക്രിക്കറ്റിലും കണ്ടുതുടങ്ങിയിരിക്കുന്നു. ഒരുകാലത്ത് 'തൊഴിലാളികൾ' എന്ന് വിളിച്ച് കളിയാക്കിയവർക്ക് മുൻപിൽ, നെഞ്ചുവിരിച്ച് പന്തെറിയുന്ന ബിഹാറികളുടെ കാലം വന്നെത്തിയെന്ന് സാക്കിബ് തെളിയിക്കുന്നു. നാല് വിക്കറ്റുകൾ വീഴ്ത്തി സെലക്ടർമാരുടെ കണ്ണിൽ പൊന്നുവിലയുള്ള താരമായി സാക്കീബ് ഇപ്പോൾ തന്നെ മാറി കഴിഞ്ഞു. ഈ സ്ഥിരത തുടരുകയാണെങ്കിൽ, അവൻ വലിയ ഉയരത്തിലേക്ക് എത്തും എന്നതിൽ സംശയമില്ല.
രാജസ്ഥാൻ റോയൽസിനെതിരായ ആ 4 വിക്കറ്റ് പ്രകടനം വെറും തുടക്കം മാത്രമാണ്. മികച്ച ശാരീരികക്ഷമതയും വേഗതയുമുള്ള സാക്കിബിന് കൂടുതൽ അവസരങ്ങൾ ലഭിച്ചാൽ അവൻ ഇന്ത്യൻ ക്രിക്കറ്റിൽ ഒരു കൊടുങ്കാറ്റായി മാറും. കളിയാക്കലുകളെ തകർത്തെറിഞ്ഞ് കഠിനാധ്വാനത്തിന്റെ കരുത്ത് ലോകത്തിന് കാട്ടിക്കൊടുക്കുകയാണ് ഈ യുവതാരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications