ടി20 ഇതിഹാസങ്ങള്‍, എന്നാല്‍ ഐപിഎല്‍ താരലേലത്തില്‍ വിറ്റുപോയില്ല; ആ നാല് താരങ്ങള്‍ ഇവരാണ്
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ലോകത്തിലെത്തന്നെ ഏറ്റവും മികച്ച ക്രിക്കറ്റ് ലീഗുകളില്‍ ഒന്നാണ്. ക്രിക്കറ്റ് പ്രേമികളെ ഇത്രയും അധികം ആവേശം കൊള്ളിക്കുന്ന മറ്റൊരു ടി20 ലീഗിലെന്നതാണ് സത്യം. ഓരോ തവണത്തെ ഐപിഎല്‍ താരലേലത്തെയും വലിയ പ്രതീക്ഷയോടെയാണ് താരങ്ങളും ആരാധകരും നോക്കിക്കാണുന്നത്. താരലേലങ്ങളില്‍ ഫലപ്രദമായി പണം മുടക്കുന്നവര്‍ മത്സരത്തില്‍ പാതി വിജയിച്ചതുപോലെയാണെന്ന് ആകാശ് ചോപ്ര അഭിപ്രായപ്പെട്ടിരുന്നു. പിച്ചിന്റെ അവസ്ഥയറിഞ്ഞ് താരങ്ങളെ റാഞ്ചാന്‍ ഫ്രാഞ്ചൈസികള്‍ തമ്മില്‍ വലിയ മത്സരം തന്നെ നടക്കാറുണ്ട്. എന്നാല്‍ ടി20 ഫോര്‍മാറ്റിലെ ഇതിഹാസ താരങ്ങളായിട്ടും താരലേലത്തില്‍ ആര്‍ക്കുംവേണ്ടാത്ത താരങ്ങളായി നില്‍ക്കേണ്ടി വന്ന നാല് സൂപ്പര്‍ താരങ്ങളുണ്ട്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

ക്രിസ് ഗെയ്ല്‍
ടി20 ഫോര്‍മാറ്റില്‍ ക്രിസ് ഗെയ്‌ലിനോളം പോന്ന അപകടകാരിയായ ബാറ്റ്‌സ്മാനില്ല. തന്റെ അസാമാന്യ കായിക ശക്തി ക്രിക്കറ്റില്‍ ഫലപ്രദമായി ഉപയോഗിക്കുന്ന ഗെയ്‌ലിനെ 2011ലെ ഐപിഎല്ലില്‍ വാങ്ങാന്‍ ആരുമില്ലായിരുന്നു.കെകെആറിനൊപ്പം മോശം ഫോമിലായിരുന്നതിനാലാണ് ഗെയ്‌ലിനെ വാങ്ങാന്‍ 2011 സീസണില്‍ ആളില്ലാതിരുന്നത്. എന്നാല്‍ പിന്നീട് കിങ്‌സ് ഇലവന്‍ പഞ്ചാബ് ഗെയ്‌ലിനെ ഏറ്റെടുത്തു. കൊല്‍ക്കത്തയ്ക്കുവേണ്ടി 85 മത്സരത്തില്‍ നിന്ന് 3163 റണ്‍സാണ് ഗെയ്ല്‍ നേടിയത്. ടി20 ഫോര്‍മാറ്റിലെ ഉയര്‍ന്ന സ്‌കോറായ 175* റണ്‍സ് കെകെആറിനൊപ്പമാണ് ഗെയ്ല്‍ നേടിയത്.

ആന്‍ഡ്രെ റസല്‍
ടി20 ഫോര്‍മാറ്റില്‍ നിലവില്‍ ആന്‍ഡ്രെ റസലിനോളം പ്രശസ്തനായ മറ്റൊരു താരമില്ലെന്ന് പറയാം. ബാറ്റുകൊണ്ടും പന്തുകൊണ്ടും മത്സരഫലത്തെ സ്വാധീനിക്കാന്‍ കെല്‍പ്പുള്ള റസലിനെ വാങ്ങാന്‍ 2011 സീസണില്‍ ആളില്ലായിരുന്നു. 2012ല്‍ ഡല്‍ഹിക്കുവേണ്ടി കളിച്ച റസലിന് പ്രതീക്ഷിച്ച നിലവാരം പുലര്‍ത്താനായില്ല. 2014ല്‍ കെകെആറിലെത്തിയ റസല്‍ ഇന്ന് ടീമിന്റെ നട്ടെല്ലാണ്. ഒറ്റയ്ക്ക് ടീമിലെ വിജയത്തിലേക്ക് നയിക്കാന്‍ പല തവണ റസലിന് സാധിച്ചു. 2014ന് ശേഷം കെകെആറിനൊപ്പം 35.32 ശരാശരിയില്‍ 1342 റണ്‍സാണ് റസല്‍ നേടിയത്. 188.75 ആണ് താരത്തിന്റെ ശരാശരി.

ബ്രണ്ടന്‍ മക്കല്ലം
ന്യൂസീലന്‍ഡിന്റെ എക്കാലത്തെയും മികച്ച വെടിക്കെട്ട് ബാറ്റ്‌സ്മാനായ ബ്രണ്ടന്‍ മക്കല്ലത്തെ വാങ്ങാന്‍ 2019 സീസണില്‍ ആളുണ്ടായില്ല. മോശം ഫോമിനെത്തുടര്‍ന്ന് ആര്‍സിബി കൈയൊഴിഞ്ഞതോടെയാണ് മക്കല്ലത്തിന് 2019ല്‍ ടീം ലഭിക്കാതിരുന്നത്. ഐപിഎല്ലിന്റെ പ്രഥമ സീസണിലെ ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തയ്ക്കുവേണ്ടി ബംഗളൂരുവിനെതിരേ 158 റണ്‍സാണ് മക്കല്ലം അടിച്ചെടുത്തത്.

ആരോണ്‍ ഫിഞ്ച്
ഐസിസി ടി20 ബാറ്റിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം അലങ്കരിച്ചിട്ടുള്ള ആരോണ്‍ ഫിഞ്ചിനെ 2013 സീസണില്‍ ആരും വാങ്ങിയില്ല. പിന്നീട് പകരക്കാരനായി പൂനെ വാരിയേഴ്‌സിലെത്തിയ ഫിഞ്ച് 2014ല്‍ സണ്‍റൈസേഴ്‌സിനുവേണ്ടിയും കളിച്ചു. 2015ല്‍ മുംബൈ ഇന്ത്യന്‍സിലെത്തിയ ഫിഞ്ച് അവസാന സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനുവേണ്ടിയാണ് കളിച്ചത്. ഈ സീസണില്‍ ബംഗളൂരുവിന്റെ ഭാഗമാണ് ഫിഞ്ച്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications